25 April Thursday

കോൺഗ്രസ്‌ ബിജെപി അതിർവരമ്പ്‌ 
ഇല്ലാതായി : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022


കാഞ്ഞങ്ങാട്‌
കോൺഗ്രസും ബിജെപിയും തമ്മിൽ ഇപ്പോൾ വലിയ അതിർവരമ്പൊന്നുമില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ബിജെപിയിൽ എപ്പോൾ വേണമെങ്കിലും ചേക്കേറാൻ  കോൺഗ്രസിന്‌ സൗകര്യമുണ്ട്‌. ഒരു കോൺഗ്രസുകാരനും ബിജെപിയിൽ പോകാൻ പ്രത്യേക ആശങ്കയുടെ ആവശ്യമില്ല. അവർ തമ്മിൽ നയപരമായ കാര്യങ്ങളിൽ വ്യത്യാസമില്ലാത്ത സാഹചര്യത്തിൽ, നയപരമായ കാരണംകൊണ്ട്‌  കോൺഗ്രസുകാരൻ ഇടതുപക്ഷത്തേക്ക്‌ വരുന്നത്‌ വിപ്ലവകരമായ തീരുമാനമാണ്‌. കോൺഗ്രസ്‌ വിട്ട മുൻ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ സി കെ ശ്രീധരന്‌ കാഞ്ഞങ്ങാട്‌ നൽകിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.   

സുധാകരൻ ആർഎസ്‌എസ്സിനോട്‌ കാണിക്കുന്ന ഇഷ്ടം ഒറ്റപ്പെട്ടതല്ല. ഹിന്ദുത്വത്തെ ശക്തമായി എതിർത്ത നെഹ്‌റുവിനെ, ചരിത്രത്തെ വളച്ചൊടിച്ച്‌ ആർഎസ്‌എസ്സിന്റെ ആളാക്കിയതും ഒറ്റപ്പെട്ട കാര്യമല്ല. വർഗീയവാദികൾക്ക്‌ സുന്ദരമുഖം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌. തലശേരി കലാപകാലത്ത്‌ ആർഎസ്‌എസ്‌ ശാഖകൾക്ക്‌ സംരക്ഷണം നൽകിയെന്ന്‌ സുധാകരൻ പറഞ്ഞപ്പോൾ, ബാബറി മസ്‌ജിദ്‌ കാലത്തുപോലും വിയോജിക്കാതിരുന്ന ലീഗിന്‌ എതിർക്കേണ്ടിവന്നു. ആർഎസ്‌എസ്സിന്റെ കാര്യത്തിൽ മാത്രമാണ്‌ നാക്കുപിഴ സുധാകരൻ ആവർത്തിക്കുന്നത്‌ എന്നതും പ്രധാനമാണെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു.  സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

സി കെ ശ്രീധരനൊപ്പം 
പ്രമുഖ നേതാക്കളും
കെപിസിസി മുൻ വൈസ്‌ പ്രസിഡന്റ്‌ സി കെ ശ്രീധരന്‌ കാഞ്ഞങ്ങാട്‌ സിപിഐ എം നൽകിയ സ്വീകരണത്തിൽ ജില്ലയിലെ പ്രധാന കോൺഗ്രസ്‌ നേതാക്കളും നൂറോളം  പ്രവർത്തകരും പങ്കെടുത്തു. കോൺഗ്രസ്‌ എളേരി ബ്ലോക്ക്‌ സെക്രട്ടറിയായിരുന്ന അഡ്വ. എം ആർ ശിവപ്രസാദ്‌, ബളാൽ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റായിരുന്ന അഡ്വ. കെ ടി ജോസഫ്‌, വീക്ഷണം പത്രത്തിന്റെ കണ്ണൂർ യൂണിറ്റ്‌ മാനേജറായിരുന്ന കെ വി സുരേന്ദ്രൻ, ബിഡിജെഎസ്‌ ജില്ലാസെക്രട്ടറി അഡ്വ. എം ഡി ദിലീഷ്‌ കുമാർ എന്നിവരും വേദിയിൽ സന്നിഹിതരായി. ഇവരെയും മറ്റുകോൺഗ്രസ്‌ പ്രവർത്തകരെയും ടിബി റോഡ്‌ ജങ്‌ഷനിൽനിന്ന്‌ സ്വീകരണം നടന്ന ടൗൺ സ്‌ക്വയറിലേക്ക്‌ വാദ്യഘോഷത്തോടെ ആനയിച്ചു. സി കെ ശ്രീധരൻ, മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ, കെപിസിസി സെക്രട്ടറി രതികുമാർ എന്നിവരും സംസാരിച്ചു.

സുധാകരൻ സൃഷ്ടിച്ചത്‌ ലജ്ജാകരമായ
സാഹചര്യം: സി കെ ശ്രീധരൻ
വർഗീയതയെ എല്ലാതരത്തിലും എതിരിടേണ്ട വർത്തമാനകാല സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ സൃഷ്ടിച്ചത്‌ ലജ്ജാകരമായ സാഹചര്യമാണെന്ന്‌  മുൻ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ സി കെ ശ്രീധരൻ പറഞ്ഞു. സുധാകരനെ കെപിസിസി പ്രസിഡന്റായി നിലനിർത്തേണ്ടതുണ്ടോ എന്ന്‌ ദേശീയ നേതൃത്വം അടിയന്തരമായി പരിശോധിക്കണമന്നും സി കെ ശ്രീധരൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top