19 April Friday
സമചിത്തത നഷ്‌ടപ്പെട്ടോ

ഗവർണറുടേത് തെറ്റായ പ്രചാരവേലകൾ; പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള മോഹഭംഗം: എം വി ഗോവിന്ദൻ

പ്രത്യേക ലേഖകൻUpdated: Saturday Sep 17, 2022



തിരുവനന്തപുരം
സംസ്ഥാന ഗവർണർ ഭരണഘടനയും നിയമവും അനുസരിച്ച്‌ പ്രവർത്തിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ   പറഞ്ഞു. പദവിക്ക്‌ യോജിക്കാത്തവിധമുള്ള പ്രവർത്തനമാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നടത്തിക്കൊണ്ടിരിക്കുന്നത്‌. അദ്ദേഹത്തിന്റെ സമചിത്തതതന്നെ നഷ്ടപ്പെട്ടെന്ന സംശയം ജനങ്ങൾക്കുണ്ട്‌. സർക്കാരിനും സർവകലാശാലകൾക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു.

നമുക്ക്‌ കൃത്യമായ ഭരണഘടനയും നിയമവ്യവസ്ഥയുമുണ്ട്‌. അതനുസരിച്ചാണ്‌ സർക്കാർ പ്രവർത്തിക്കുന്നത്‌. ഗവർണർക്കും അങ്ങനെ മുന്നോട്ടുപോകാൻ സാധിക്കണം. തുറന്ന യുദ്ധത്തിന്റെ പ്രശ്നമില്ല. ഗവർണർ പദവിയോട്‌ ഏതെങ്കിലും തരത്തിലുള്ള അനാദരവ്‌ ഞങ്ങൾ കാണിച്ചിട്ടില്ല. നിയമപരമായ പ്രവർത്തനങ്ങളിൽ ഗവർണർ വീഴ്‌ചവരുത്തിയാൽ ഞങ്ങൾക്കും ഭരണഘടന പ്രകാരമുള്ള നിലപാട്‌ എടുക്കേണ്ടി വരും. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ്‌. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയുംപോലെ പെരുമാറേണ്ടയാളല്ല ഗവർണർ. ഓർഡിനൻസ്‌ ഇറക്കിയതിൽ പരാതി പറഞ്ഞ അദ്ദേഹത്തിന്റെ മുന്നിൽ നിയമസഭ പാസാക്കിയ 11 ബില്ലുണ്ട്‌. അത്‌ സംബന്ധിച്ച്‌ ഭരണഘടനാപരമായ നിലപാട്‌ ഗവർണർ  സ്വീകരിക്കേണ്ടിവരും. മോഹഭംഗമാകാം ഇത്തരം പ്രവർത്തനങ്ങൾക്ക്‌ പിന്നിലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ  പറഞ്ഞു.

വധിക്കാൻ ശ്രമിച്ചെന്ന ആരോപണം 
തെറ്റിദ്ധരിപ്പിക്കാൻ
കണ്ണൂരിൽ ചരിത്ര കോൺഗ്രസിൽ 90 വയസ്സുള്ള ഇർഫാൻ ഹബീബും വി സി ഗോപിനാഥ്‌ രവീന്ദ്രനും ചേർന്ന്‌ വധിക്കാൻ ശ്രമിച്ചെന്ന ഗവർണറുടെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അന്ന്‌ നടന്നത്‌ ജനങ്ങൾ കണ്ടതാണ്‌. ഇർഫാൻ ഹബീബിനെയും ഗോപിനാഥ്‌ രവീന്ദ്രനെയും നിരന്തരം ആക്ഷേപിക്കുന്നു. പൗരത്വ ഭേദഗതി ബില്ലിന്‌ അനുകൂലമായി പ്രസംഗിച്ചപ്പോൾ ചരിത്ര വിദ്യാർഥികൾ ഉയർത്തിയ പ്രതിഷേധം മാത്രമാണ്‌ അന്നുണ്ടായത്‌.

ന്യൂഡൽഹിയിൽ ഏറെക്കാലം പ്രവർത്തിച്ച ഗോപിനാഥ്‌ രവീന്ദ്രൻ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ച്‌ മെമ്പർ സെക്രട്ടറിയായിരുന്നു. 2014ൽ ബിജെപി സർക്കാർ വന്നതോടെ അതിന്റെ ചെയർമാനായി അഖില ഭാരതീയ ഇതിഹാസ്‌ സങ്കലൻ യോജന എന്ന ആർഎസ്‌എസ്‌ സംഘടനയുടെ നേതാവായ സുദർശൻ റാവുവിനെ നിയമിച്ചു. അതിൽ പ്രതിഷേധിച്ച്‌ ഗോപിനാഥ്‌ രവീന്ദ്രൻ രാജിവച്ചു. ഇക്കാര്യങ്ങളൊക്കെ ഗവർണർക്കും അറിയാം.

വിദ്യാർഥികൾ മരിച്ചുവീഴുന്നതിലെ ഉൽക്കണ്ഠ സംബന്ധിച്ച ഗവർണറുടെ പ്രസ്താവനയും ചരിത്രം അറിയാത്തതുകൊണ്ടാണ്‌. ആറു വർഷത്തിനിടെ എസ്‌എഫ്‌ഐയുടെയും സിപിഐ എമ്മിന്റെയും 26 പ്രവർത്തകർ രക്തസാക്ഷികളായി. 17 പേരെ കൊലപ്പെടുത്തിയതും ആർഎസ്‌എസുകാരാണ്‌. അതിനു മുമ്പുള്ള ചരിത്രമെടുത്താലും കൊല്ലപ്പെട്ടവർ തങ്ങളുടെ പ്രവർത്തകരാണെന്നുകാണാം.  ഒരു വിദ്യാർഥിയെപ്പോലും ക്യാമ്പസുകളിൽ എസ്‌എഫ്‌ഐക്കാർ കൊലപ്പെടുത്തിയിട്ടില്ല.  
മാർക്സിസം ലോകത്ത്‌ പല രാജ്യത്തും പ്രയോഗിച്ച്‌ വിജയം കണ്ടിട്ടുണ്ട്‌. നിരവധി സോഷ്യലിസ്‌റ്റ്‌ രാജ്യങ്ങൾ  നിലവിലുണ്ട്‌. കോൺഗ്രസ്‌ പാർടി രൂപീകരിക്കുന്നതിന്‌ മുമ്പുതന്നെ മാർക്സ്‌ ജാതിവ്യവസ്ഥയടക്കം ഇന്ത്യൻ സാഹചര്യം വിലയിരുത്തി ലേഖനം എഴുതിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top