25 April Thursday
മാധ്യമങ്ങൾ പൊലിപ്പിച്ച ‘ജാഥാ ചർച്ച’ പച്ചനുണ

‘‘നിങ്ങൾ വാർത്ത ചമയ്‌ക്കുമ്പോൾ ഞങ്ങൾ ചർച്ച നടത്തിയിട്ടു പോലുമില്ല’’മാധ്യമങ്ങളെ പരിഹസിച്ച്‌ എം വി ഗോവിന്ദൻ

പ്രത്യേക ലേഖകൻUpdated: Friday Mar 31, 2023


തിരുവനന്തപുരം
ജനകീയ പ്രതിരോധജാഥ 130 മണ്ഡലത്തിലും വൻവിജയമായിരുന്നെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വ്യാഴാഴ്‌ച ഈ വിഷയം ചർച്ചയായെന്ന വാർത്തകൾ വസ്തുതയല്ല. വെള്ളിയാഴ്‌ച ചർച്ചചെയ്തു. സിപിഐ എം ജാഥയ്‌ക്ക്‌ ‘ഗോവിന്ദന്റെ ജാഥ’എന്നതുപോലുള്ള  വിശേഷണങ്ങൾ നൽകിയതും മാധ്യമങ്ങളുടെ സമീപനം വ്യക്തമാക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കേന്ദ്രം തുടർച്ചയായി ഞെരുക്കുമ്പോഴും മാർച്ച്‌ 31നും സാമ്പത്തിക കാര്യങ്ങൾ വളരെ സുഗമമായി സർക്കാർ നടത്തി. സാധാരണ അർധരാത്രിവരെയൊക്കെ ക്യൂ ഉണ്ടാകാറുണ്ട്‌. പലരും പ്രചരിപ്പിച്ചത്‌ 31ന്‌ ട്രഷറി പൂട്ടുമെന്നാണ്‌. കേന്ദ്രം സർക്കാർ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗിച്ച്‌ പ്രതിപക്ഷ രാഷ്‌ട്രീയംതന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്‌. രാഹുലിനെതിരായ അയോഗ്യതാ നടപടിക്കെതിരെ സിപിഐ എം ശക്തമായി പ്രതിഷേധിച്ചത്‌ അതുകൊണ്ടാണ്‌. എന്നാൽ, കോൺഗ്രസാകട്ടെ ലക്ഷദ്വീപ്‌ എംപി മുഹമ്മദ്‌ ഫൈസലിനെയും ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയെയും ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയയെയും വേട്ടയാടിയപ്പോൾ അതിനെതിരായി രംഗത്തുവന്നില്ല. കോൺഗ്രസിന്റെ ഈ സമീപനം ശരിയല്ല. നിയമസഭയിൽ കോൺഗ്രസ്‌ എടുത്ത സമീപനവും ജനാധിപത്യവിരുദ്ധമാണ്‌; സ്പീക്കറെ തടഞ്ഞു, സമാന്തരസഭ ചേർന്നു. ചരിത്രത്തിലില്ലാത്ത ജനാധിപത്യവിരുദ്ധ നടപടിയെന്ന്‌ വിശേഷിപ്പിച്ച മാധ്യമങ്ങൾതന്നെ അവരെ പ്രോത്സാഹിപ്പിച്ചു.

തെറ്റുതിരുത്തൽ സംഘടനാരേഖ ബ്രാഞ്ച്‌ തലത്തിൽവരെ ചർച്ചചെയ്ത്‌ തിരുത്തലുകൾ ജില്ലാ തലത്തിൽ സ്വീകരിക്കും. അതൊരു താൽക്കാലിക നടപടിയല്ല, പാർടി ജീവിതത്തിലുടനീളം പുലർത്തേണ്ട ഒന്നാണ്‌. ലോകായുക്തയുടേത്‌ നിയമപരമായി എടുത്ത തീരുമാനമാണ്‌. ഭീഷണിക്ക്‌ വഴങ്ങുകയോ സ്വാധീനത്തിന്‌ വിധേയരാകുകയോ ചെയ്താൽ പിന്നെ അവരെ ജഡ്‌ജിമാരെന്ന്‌ വിളിക്കാനാകുമോയെന്ന്‌ കോൺഗ്രസ്‌ നേതാക്കളുടെ ആരോപണത്തിന്‌ മറുപടി നൽകി. സുരേന്ദ്രന്റെ വിവാദ പദപ്രയോഗങ്ങൾ ഫ്യൂഡൽ കാലത്തെ ജീർണതകൾ കൊണ്ടുനടക്കുന്നതിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top