19 March Tuesday

എഐ ക്യാമറ; ചെന്നിത്തല നുണ ആവര്‍ത്തിച്ച്‌ കേരളീയ സമൂഹത്തെ പരിഹസിക്കുന്നു: എം വി ഗോവിന്ദന്‍

സ്വന്തം ലേഖകൻUpdated: Sunday May 28, 2023

തിരുവനന്തപുരം > സേഫ്‌ കേരള പദ്ധതിയുടെപേരിൽ  ഒരേനുണകൾ ആവർത്തിക്കുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളീയ സമൂഹത്തെ പരിഹസിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.  എഐ കാമറകൾ റോഡ്‌ അപകടങ്ങളും നിയമലംഘനങ്ങളും കുറയ്‌ക്കുന്നുവെന്ന കണക്കുകൾ പുറത്തുവന്നത്‌ പ്രതിപക്ഷത്തിന്‌ വലിയ പ്രഹരമായി. ഇതിന്റെ ജാള്യതയിൽ പൊളിഞ്ഞ ആരോപണങ്ങളും, പൊതുമണ്ഡലത്തിലുള്ള രേഖകളും പുതിയവയെന്നപേരിൽ അവതരിപ്പിച്ച് പുകമറ പരത്താനാണ്‌ ചെന്നിത്തല വീണ്ടും ശ്രമിച്ചതെന്നും എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.

പദ്ധതി കരാറിൽ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ പങ്ക്‌ സാധൂകരിക്കുന്ന തെളിവുകൾക്കായി പ്രതിപക്ഷത്തെ വെല്ലുവിളിച്ചതാണ്‌. എന്നാൽ, തെളിവിന്റെയോ വസ്‌തുതയുടെയോ കണികയെങ്കിലും  പുറത്തുവിടാൻ  ചെന്നിത്തലയ്ക്കോ കൂട്ടർക്കോ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ്‌ തങ്ജൾ പറയുന്ന കള്ളങ്ങൾക്കെല്ലാം ആരെങ്കിലും മറുപടി നൽകണമെന്നു വാശി പിടിക്കുന്നത്‌.

പദ്ധതി കരാർ ലഭിക്കാതിരുന്ന ചില കമ്പനികളുടെ വക്കാലത്താണ് ചെന്നിത്തല ഏറ്റെടുക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട്‌ വിവരാവകാശ നിയമപ്രകാരം ലഭിച്ച എല്ലാ ചോദ്യങ്ങൾക്കും കെൽട്രോൺ  മറുപടി നൽകിയിട്ടുണ്ട്. ഏതെങ്കിലും വിവരം നൽകിയിട്ടില്ലെങ്കിൽ, നിയമപരമായ കാരണവും വ്യക്തിമാക്കിയിട്ടുണ്ട്‌. കെൽട്രോണിന്റെ വ്യാപാര മേഖലയിലെ രഹസ്യാത്മക വിവരങ്ങൾ  പുറത്തുവിടുന്നത് കമ്പനി താൽപര്യങ്ങൾക്ക്‌ ഹാനികരമാകും. കമ്പനി നൽകിയ മറുപടിയിൽ തൃപ്‌തിയില്ലെങ്കിൽ  അപ്പീൽ അവരസമുണ്ടെന്നതും മറച്ചുവച്ചാണ്‌ നുണപ്രചരണം.

അക്ഷര എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്‌ ആവശ്യമായ പ്രവർത്തനപരിചയമില്ലെന്ന ആരോപണവും ചെന്നിത്തല ആവർത്തിക്കുന്നു. ഈ കമ്പനിയുടെ യോഗ്യത തെളിയിക്കുന്നതിന്‌ രജിസ്‌ട്രാർ ഓഫ്‌ കമ്പനീസ്‌ കമ്പനീസ് നൽകിയ രേഖകൾ മറച്ചുവച്ചാണ്‌ അപവാദപ്രചരണം. ഒരുലക്ഷം രൂപ വിപണിവിലയുള്ള കാമറയ്‌ക്ക്‌ പത്തുലക്ഷം രൂപയിൽ കെൽട്രോൺ ടെണ്ടർ ഉറപ്പിച്ചുവെന്നും ചെന്നിത്തല ആവർത്തിക്കുന്നു. സമാനമായ കാമറ യൂണിറ്റുകൾ ഒരുലക്ഷം രൂപയ്‌ക്ക്‌ വിൽക്കുന്ന കമ്പനികൾ ഏതെന്നു അദ്ദേഹം വ്യക്തമാക്കണം.

അസംബന്ധങ്ങൾ എഴുന്നള്ളിച്ച്  മുഖ്യമന്ത്രിയേയും ബന്ധുക്കളേയും വിവാദത്തിലേയ്‌ക്ക്‌ വലിച്ചിഴയ്‌ക്കാനുള്ള തുടർച്ചയായ നീക്കം രണ്ടാംവട്ടവും ഭരണം നഷ്‌ടപ്പെട്ടതിന്റെ നൈരാശ്യത്തിൽ നിന്നാണെന്ന്‌ വ്യക്തമാണ്‌. വിലകുറഞ്ഞ നിലപാടുകളെ ജനങ്ങൾ തിരസ്‌രിച്ചതിനാണ്‌ പ്രതിപക്ഷ നേതൃസ്ഥാനംപോലും തനിക്ക്‌ നഷ്‌ടപ്പെട്ടതെന്ന  യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ചെന്നിത്തലയ്‌ക്ക്‌  ഇനിയെങ്കിലും കഴിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top