19 April Friday

ഏറ്റവും പ്രധാനപ്പെട്ട ശത്രു ബിജെപി; രാഹുലിനെതിരായ കേന്ദ്ര നടപടിക്കെതിരെയാണ്‌ നിലപാട്‌ : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

ന്യൂഡൽഹി > സിപിഐ എമ്മിനെ സംബന്ധിച്ച്‌ ഏറ്റവും എതിർക്കപ്പെടേണ്ട പ്രധാനപ്പെട്ട ശത്രു ബിജെപി തന്നെയാണെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ ഗാന്ധിക്കല്ല പിന്തുണ പ്രഖ്യാപിച്ചത്‌. രാഹുൽ ഗാന്ധിയോട്‌ ബിജെപി എടുത്തുകൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാടിനെ ശക്തിയായി എതിർക്കുകയാണ്‌ ചെയ്യുന്നത്‌. വ്യക്തിപരമായ പിന്തുണയല്ല നൽകുന്നത്‌ - എം വി ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

"ലക്ഷദ്വീപുമായി ബന്ധപ്പെട്ട സംഭവത്തിലും ഇതേ നിലപാടാണ്‌ സ്വീകരിച്ചത്‌. തെറ്റായ നീക്കമായിരുന്നു. ഇലക്ഷൻ പ്രഖ്യാപിച്ചത്‌ ശരിയല്ല എന്ന്‌ അന്നുതന്നെ പറഞ്ഞതാണ്‌. ഡൽഹി ഉപ മുഖ്യമന്ത്രി, കവിത വിഷയങ്ങളും ഇതേപോലെ തന്നെയാണ്‌. കോൺഗ്രസിനെ സംബന്ധിച്ച്‌ ഈ രണ്ടുപേരെ ഇഡി ചോദ്യം ചെയ്യുന്നത്‌ സംബന്ധിച്ച്‌ അഭിപ്രായമില്ല. സിപിഐ എമ്മിന്‌ ഇത്‌ പൊതുവായ അഭിപ്രായമാണ്‌. ഏതെങ്കിലും ഒരു കക്ഷിയെ ഒഴിവാക്കുന്നില്ല. പ്രതിപക്ഷ കക്ഷികളെ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച്‌ വേട്ടയാടുകയാണ്‌. അതിനെയെല്ലാം എതിർക്കുകയാണ്‌. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനെ മുന്നോട്ടുപോകാൻ ആവശ്യമായ രീതിയിലുള്ള ഒരു വഴി തുറക്കുക എന്നതാണ്‌ ഉദ്ദേശിക്കുന്നത്‌. 

ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുത്ത്‌ ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിപ്പോകാതെ നോക്കുക എന്നതാണ്‌ ഇന്നത്തെ സ്ഥിതിയിൽ ഏറ്റവും പ്രധാനപ്പെട്ട അടവ്‌. ആ നിലയിലാണ്‌ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പോകുന്നത്‌. ബിജെപിയെ പരാജയപ്പെടുത്തുക. 2024 ൽ ബിജെപി അധികാരത്തിൽ വരാൻ പാടില്ല. വന്നാൽ 2025 ൽ ആർഎസ്‌എസിന്റെ നൂറാം വാർഷികത്തിൽ ഹിന്ദുത്വ രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കും. അത്‌ ഫാസിസത്തിലേക്കുള്ള യാത്രയാണ്‌. ഇതാണ്‌ സിപിഐ എം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം. പശ്‌ചിമ ബംഗാളിലും ഏറ്റവും വലിയ ശത്രു ബിജെപി തന്നെയാണ്‌. തൃണമൂൽ കോൺഗ്രസും ജനാധിപത്യവിരുദ്ധമായ നിലപാട്‌ എടുത്തുകൊണ്ടിരിക്കുകയാണ്‌. ആ നിലപാട്‌ മാറുന്ന കാലത്ത്‌ മാത്രമേ ആ സമീപനത്തിൽ മാറ്റം വരൂ' - എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top