25 April Thursday
ആവിക്കലിൽ സമരം ചെയ്യുന്നത് തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല: എം വി ഗോവിന്ദൻ

പ്രിയനേതാവിന്‌ ജന്മനാടിന്റെ 
വീരോചിത വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2022



കണ്ണൂർ
മോറാഴയുടെ മണ്ണ് കൂടുതൽ ചുവക്കുകയായിരുന്നു. എക്കാലവും ഹൃദയത്തോട് ചേർത്തുവച്ച പ്രിയനേതാവ് സിപിഐ എമ്മിന്റെ അമരക്കാരനായതിലുള്ള അതിരറ്റ സന്തോഷമായിരുന്നു എങ്ങും. ആവേശമിരമ്പുന്ന മുദ്രാവാക്യങ്ങൾ മുഴക്കി പ്രിയനേതാവിനെ നാട് വരവേറ്റു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റ എം വി ഗോവിന്ദന് ഉജ്വല വരവേൽപ്പാണ് ജന്മനാടായ മോറാഴയിൽ നൽകിയത്.

മഴ തകർത്തു പെയ്തിട്ടും ആവേശം ചോരാതെ നേതാവിന് അഭിവാദ്യമർപ്പിക്കാൻ നാടൊന്നാകെയെത്തി.  ബാൻഡ് മേളവും ചെണ്ടമേളവും  മിഴിവുകൂട്ടി. യുവാക്കളുടെ ബൈക്ക് റാലിയും ചെങ്കൊടിയും മുത്തുക്കുടകളുമേന്തിയ കുട്ടികളും സ്ത്രീകളും പ്രകടനത്തിൽ അണിനിരന്നു. മോറാഴ കുഞ്ഞരയാലിലെ സി എച്ച് നഗറിൽ ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മോറാഴ സെന്റർ അഴീക്കോടൻ മന്ദിരത്തിൽ നടന്ന സ്വീകരണ യോഗത്തിൽ വൻ ജനാവലി എത്തി.
നാടിനോടും കമ്യൂണിസ്റ്റ് പാർടിയോടുമുള്ള ആത്മബന്ധത്തെക്കുറിച്ച് പറഞ്ഞാണ് എം വി ഗോവിന്ദൻ സംസാരിച്ചു തുടങ്ങിയത്. "എന്നെ പാർടി പ്രവർത്തകനും നേതാവുമായി രൂപപ്പെടുത്തിയത് മോറാഴയാണ്. കുട്ടിയായിരുന്ന എനിക്ക് കമ്യൂണിസ്റ്റ് ആശയങ്ങളിലേക്കും പാർടി പ്രവർത്തനത്തിലേക്കും വഴികാണിച്ചത് സഖാവ് പാച്ചേനി കുഞ്ഞിരാമനാണ്. അവിടുന്നിങ്ങോട്ട് മഹാരഥന്മാരായ ഒട്ടേറെ നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. 

പൊതുപ്രവർത്തനത്തിലെ പുതിയ രീതികൾ നടപ്പാക്കുന്നതിൽ പലപ്പോഴും മോറാഴ ഒരു പരീക്ഷ കേന്ദ്രമായിട്ടുണ്ട്. നാടിന് പ്രയോജനമാകുന്ന നിലയിൽ പാർടിയും ബഹുജന പ്രസ്ഥാനങ്ങളും എങ്ങിനെ ഇടപെടണമെന്നതിന്റെ ഉത്തമ മാതൃകകളായി പിന്നീട് ആ പ്രവർത്തനങ്ങളെല്ലാം. പുതിയ ചുമതല ഒരു വെല്ലുവിളിയാണോന്ന് ചിലർ ചോദിച്ചു. ഒരിക്കലും അല്ല. ഇത് ഒറ്റയ്ക്ക് ഒരാൾ നയിക്കുന്ന പാർടിയല്ല. വ്യക്തമായ സംഘടനാ സംവിധാനമുള്ള കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന പാർടിയാണ്. നാട് നൽകിയ സ്നേഹോഷ്മള വരവേൽപ്പിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആവിക്കലിൽ സമരം ചെയ്യുന്നത് തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല: എം വി ഗോവിന്ദൻ
കോഴിക്കോട്ടെ ആവിക്കൽ മാലിന്യപ്ലാന്റിനെതിരെ സമരം ചെയ്യുന്നത്‌ തീവ്രവാദികളെന്ന് ഞാൻ പറഞ്ഞതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റാണെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആ സമരത്തിൽ തീവ്രവാദ വിഭാഗങ്ങൾക്ക് പങ്കുണ്ടെന്നുമാത്രമാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. അതിൽ ചില പദങ്ങൾ ചേർത്ത് മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജന്മനാടായ മോറാഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

ആവിക്കൽ മാലിന്യപ്രശ്നം പരിഹരിക്കാൻ അതിവിപുലമായ പദ്ധതി നടപ്പാക്കാൻ സർവകക്ഷിയോഗം ചേർന്നാണ് തീരുമാനിച്ചത്. വർഗീയവാദികൾ സങ്കുചിതമായ വികാരത്തെ ഉണർത്തി പ്ലാന്റിനെതിരെ ആശയപ്രചാരണം നടത്തുകയാണ്. ശാസ്ത്രീയമായ നിലപാടിനുവേണ്ടി വാദിക്കൽ ചെറിയ കാര്യമല്ല. വർഗീയ കാഴ്ചപ്പാടുകൾക്ക് വളംവയ്ക്കുന്ന രീതിയിലാണ് മാധ്യമങ്ങൾ അത് വ്യാഖ്യാനിച്ചത്. എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ പ്രശ്നങ്ങൾക്കുമൊപ്പം നിൽക്കുന്ന പാർടിയാണ് സിപിഐ എം. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തെയും അനുഭാവപൂർവമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മതനിരപേക്ഷ ഉള്ളടക്കത്തെ തകർക്കാനാണ് ഭരണവർഗത്തിന്റെ ന്യൂക്ലിയസായ ആർഎസ്എസ്സും രാഷ്ട്രീയരൂപമായ ബിജെപിയും ശ്രമിക്കുന്നത്. അവരുടേതല്ലാത്ത എല്ലാ സർക്കാരുകളെയും പാർടികളെയും അസ്ഥിരീകരിക്കാനാണ് ശ്രമം. മതനിരപേക്ഷതയെന്ന വാക്കുപോലും ഉച്ചരിക്കാനാവാത്ത അവസ്ഥയിലാണ് കോൺഗ്രസ്. രാഹുൽഗാന്ധി നയിക്കുന്ന ജാഥയിൽ തമിഴ്നാട്ടിൽ ബിജെപിക്കെതിരെയായിരുന്നു മുദ്രാവാക്യം. കേരളത്തിലെത്തുമ്പോൾ എന്ത് മാറ്റമാണ് വരുന്നതെന്ന് കണ്ടറിയണം. ബിജെപിക്കെതിരെ അതിവിശാല മുന്നണിയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയത് കമ്യൂണിസ്റ്റ് പാർടിയാണ്. തെറ്റായ പ്രവണതകളെ തിരുത്തി മുന്നോട്ടുപോകാൻശേഷിയുള്ള പാർടിയാണിത്. ആരെയെങ്കിലും കഴുത്തറുത്ത് കൊല്ലാനല്ല, തിരുത്താനാണ്. സമൂഹത്തിന്റെ ഭാഗമായുണ്ടാകുന്ന രോഗങ്ങളാണിതൊക്കെ. ഇവയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന ഉത്തമരായ കേഡർമാരെ സൃഷ്ടിക്കാനാവണം. രാഷ്ട്രീയവിദ്യാഭ്യാസം പാർടി അംഗങ്ങൾക്കുമാത്രം പോര. എല്ലാ മനുഷ്യരിലേക്കും എത്തുന്ന ജനകീയവിദ്യാഭ്യാസമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top