26 April Friday

കർഷകത്തൊഴിലാളി പ്രക്ഷോഭജാഥയ്-ക്ക്‌ ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023


കാസർകോട്‌
മണ്ണിൽ പണിയെടുക്കുന്നവരുടെ അവകാശങ്ങൾക്കുവേണ്ടി കെഎസ്‌കെടിയു സംഘടിപ്പിക്കുന്ന കർഷകത്തൊഴിലാളി പ്രക്ഷോഭ പ്രചാരണ ജാഥക്ക്‌ ആവേശത്തുടക്കം. കൃഷി, ഭൂമി, പുതുകേരളം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്താകെ പര്യടനം നടത്തുന്ന ജാഥ കാസർകോട്‌ പുതിയ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. ജാഥാ ക്യാപ്‌റ്റനും യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ എൻ ചന്ദ്രൻ, വൈസ്‌ ക്യാപ്‌റ്റൻ ലളിത ബാലൻ, മാനേജർ സി ബി ദേവദർശനൻ എന്നിവരും ജാഥാംഗങ്ങളും എം വി ഗോവിന്ദനിൽനിന്ന്‌ ചെങ്കൊടി ഏറ്റുവാങ്ങി.

നെൽവയൽ തരിശിടരുത്‌, കർഷകത്തൊഴിലാളി പെൻഷന്‌ കേന്ദ്രവിഹിതം അനുവദിക്കുക, അവശേഷിക്കുന്ന മിച്ചഭൂമി–-പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കുക, കേരളത്തെ തകർക്കാനുള്ള കേന്ദ്ര നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളാണ ഉന്നയിക്കുന്നത്‌. എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, കോമള ലക്ഷ്‌മണൻ എന്നിവരും സ്ഥിരാംഗങ്ങളാണ്‌. എല്ലാ ജില്ലയിലുമായി 68 കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി എട്ടിന്‌  നെടുമങ്ങാട്ട്‌ സമാപിക്കും.

ഉദ്‌ഘാടനച്ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ കെ എ മുഹമ്മദ്‌ ഹനീഫ അധ്യക്ഷനായി. കെ ശിവദാസൻ എംപി, ജാഥാക്യാപ്‌റ്റൻ എൻ ചന്ദ്രൻ, സിപിഐ എം കാസർകോട്‌ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, കെ പി സതീഷ്‌ചന്ദ്രൻ, കെ വി കുഞ്ഞിരാമൻ, വി കെ രാജൻ എന്നിവർ സംസാരിച്ചു. എം കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

ജാഥ വ്യാഴാഴ്‌ച  പെരിയാട്ടടുക്കത്തുനിന്ന്‌ പര്യടനം തുടങ്ങും. വൈകിട്ട്‌ അഞ്ചിന്‌ ജില്ലാ അതിർത്തിയായ കാലിക്കടവിൽവച്ച്‌ കണ്ണൂർ ജില്ലയിലേക്ക്‌ സ്വീകരിക്കും. വ്യാഴാഴ്‌ച  പയ്യന്നൂരിൽ സമാപിക്കും. 27ന്‌ രാവിലെ പത്തിന്‌ -തളിപ്പറമ്പ്, 11.30ന്‌ -ശ്രീകണ്ഠപുരം, 2.30ന്‌ - മമ്പറം, നാലിന്‌ - കൂത്തുപറമ്പ് എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട്‌ 5.30ന്‌ - ഇരിട്ടിയിൽ സമാപിക്കും. 28ന്‌ രാവിലെ വയനാട്‌ ജില്ലയിൽ പ്രവേശിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top