27 April Saturday

കെ സുധാകരന്റെ നീക്കം; യുഡിഎഫിലെ ഇതരകക്ഷികൾ പ്രതികരിക്കണം: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Monday Nov 14, 2022


കൊച്ചി
കോൺഗ്രസിനെ ആർഎസ്‌എസിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാനുള്ള കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ നീക്കത്തോട്‌ മുസ്ലിംലീഗും യുഡിഎഫിലെ മറ്റു കക്ഷികളും പ്രതികരിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെജിഎൻഎ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ ചേർന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താൻ എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക്‌ പോകുമെന്ന്‌ സുധാകരൻ മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌. തലശേരി വർഗീയകലാപകാലത്ത്‌ ആർഎസ്‌എസിനെ സംരക്ഷിച്ചു എന്നു പറഞ്ഞ സുധാകരൻ, അതിനെ ന്യായീകരിക്കാനാണ്‌ ജവാഹർലാൽ നെഹ്‌റുവിനെതിരായ പ്രസ്‌താവന നടത്തിയത്‌. നെഹ്‌റുവിന്‌ ചെയ്യാമെങ്കിൽ നമുക്ക്‌ ആർഎസ്‌എസുമായി സഹകരിക്കാൻ എന്താണ്‌ പ്രയാസം എന്നാണ്‌ അദ്ദേഹത്തിന്റെ ന്യായീകരണം. അതീവ ഗുരുതരമാണ്‌ ഈ നീക്കം. സുധാകരൻ ആർഎസ്‌എസിലേക്ക്‌ കോൺഗ്രസുകാരെ റിക്രൂട്ട്‌ ചെയ്യാൻ ശ്രമിക്കുമ്പോൾ, യുഡിഎഫിലെ ഇതരകക്ഷികളും ആ പാത പിന്തുടരുമോ എന്ന്‌ വ്യക്തമാക്കണം. സുധാകരന്റേത്‌ നാണംകെട്ട നീക്കമാണെന്നും എം വി ഗോവിന്ദൻ പിന്നീട്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കാനുള്ള ഗവർണറുടെ നീക്കം തടയാൻ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകൾപോലും ഗവർണറുടെ നിഷേധനിലപാടുമൂലം പാഴായിപ്പോയി. ഇതിനെല്ലാമെതിരായ പ്രതിഷേധമാണ്‌ രാജ്‌ഭവനുമുന്നിൽ നടക്കുക. ആർഎസ്‌എസിന്റെ ഉപകരണമായി പ്രവർത്തിക്കുന്ന ഗവർണർക്കും അദ്ദേഹത്തെ പിന്താങ്ങുന്നവർക്കും കേരളത്തിന്റെ മനസ്സ്‌ എന്താണെന്ന്‌ അതിലൂടെ വ്യക്തമാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കെജിഎൻഎ സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top