27 April Saturday

രാഷ്‌ട്രപതിയുടെ പ്രശംസ മോഡിക്കും അമിത്‌ഷായ്ക്കുമുള്ള മറുപടി: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Saturday Mar 18, 2023

തിരുവനന്തപുരം > കേരളത്തെ സൊമാലിയയോട്‌ താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കേരളത്തെ സൂക്ഷിക്കണമെന്ന്‌ പറഞ്ഞ അമിത്‌ഷായ്‌ക്കുമുള്ള മറുപടിയാണ്‌ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വാക്കുകളെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സ്ത്രീവിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും തിളക്കമാർന്ന മാതൃകയാണ്‌ കേരളമെന്നാണ്‌ രാഷ്ട്രപതി പറഞ്ഞത്‌. രാജ്യത്ത്‌ ഏറ്റവും മികച്ച സ്ത്രീപുരുഷാനുപാതം കേരളത്തിലാണെന്നും ഏറ്റവും ഉയർന്ന സ്ത്രീ സാക്ഷരത ഇവിടെയാണെന്നും അമ്മമാരുടെ ആരോഗ്യം ഉറപ്പാക്കാനും ശിശുമരണ നിരക്ക്‌ തടയുന്നതിലും നമ്മൾ മാതൃകയാണെന്നുമാണ്‌ രാഷ്ട്രപതി പറഞ്ഞത്‌. എല്ലാ മതവിശ്വാസികളും സൗഹാർദത്തോടെ ഒന്നിച്ചുകഴിയുന്ന നാടാണ്‌ കേരളമെന്ന രാഷ്ട്രപതിയുടെ വാക്കുകൾ ബിജെപിയും അമിത്‌ഷായും ആവർത്തിച്ച്‌ വായിച്ച്‌ പഠിക്കണം. അവർ പറയുന്ന കാര്യങ്ങളെങ്കിലും ഉൾക്കൊള്ളാൻ തയ്യാറാകണം.

കേരളത്തിൽ നിർധനർക്ക്‌ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ ഇന്ധന സെസ്‌ ഏർപ്പെടുത്തിയപ്പോൾ സമരാഹ്വാനം നടത്തിയവരാണ്‌ കെപിസിസി നേതാക്കൾ. കോൺഗ്രസ്‌ ഭരിക്കുന്ന ഹിമാചൽപ്രദേശിൽ പശുസംരക്ഷണത്തിനായി ഒരു കുപ്പി മദ്യത്തിന്‌ പത്ത്‌ രൂപ സെസ്‌ ഏർപ്പെടുത്തിയതിനെക്കുറിച്ച്‌ കെപിസിസി നേതൃത്വം നിലപാട്‌ വ്യക്തമാക്കണം. ആർഎസ്‌എസിനെയും ഹിന്ദുത്വവാദികളെയും സംരക്ഷിക്കാനാണ്‌ പശുസംരക്ഷണത്തിന്‌ സെസ്‌ ഏർപ്പെടുത്തിയത്‌. കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്‌ ഉദാഹരണമാണിത്‌. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന പ്രാദേശിക കക്ഷികൾ കോൺഗ്രസുമായി സഹകരിക്കാൻ മടികാണിക്കുന്നത്‌ ഈ മൃദുഹിന്ദുത്വ സമീപനം കാരണമാണ്‌.

പ്രതിപക്ഷത്തിന്‌ നിയമസഭ നടക്കുന്നതിൽ താൽപര്യമില്ലാത്തതാണ്‌ പ്രശ്‌നങ്ങൾക്ക്‌ കാരണം. യുഡിഎഫിലെ പടലപ്പിണക്കങ്ങളിൽ നിന്ന്‌ ജനശ്രദ്ധ തിരിക്കാനാണ്‌ ശ്രമം. പൊട്ടില്ലാത്ത കൈക്കാണ്‌ കെ കെ രമ എംഎൽഎ പ്ലാസ്റ്ററിട്ടതെന്ന്‌ ഇപ്പോൾ വ്യക്തമായിരിക്കുന്നു. ആളുകളെ പ്രകോപിപ്പിക്കാൻ വേണ്ടി കളവ്‌ പറയരുതായിരുന്നു. ജനാധിപത്യ രീതിയിലാണ്‌ സമരങ്ങൾ നടത്തേണ്ടതെന്നാണ്‌ സിപിഐ എം നിലപാടെന്നും അദ്ദേഹം പറഞ്ഞു. ജാഥാ മാനേജർ പി കെ ബിജു, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി എൻ സീമ, എ എ റഹീം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top