25 April Thursday

കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ പിന്നോട്ടടിപ്പിക്കാൻ ശ്രമം; ഗവർണർ നടപ്പാക്കാൻ ശ്രമിക്കുന്നത്‌ സംഘപരിവാർ അജൻഡ: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2023

ഇരിങ്ങാലക്കുടയിൽ ജനകീയ പ്രതിരോധ ജാഥ ക്യാപ്റ്റൻ എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

ഇരിങ്ങാലക്കുട > ഉന്നതവിദ്യാഭ്യാസ മേഖലയിൽ അനിശ്‌ചിതത്വം സൃഷ്‌ടിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാർ നൽകുന്ന പട്ടികയിൽനിന്നും ചാൻസലർമാരെ നിയമിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തിലാണ്‌ മലയാളം സർവകലാശാല വിസി നിയമനത്തിന്‌ മൂന്ന്‌ പേരുടെ പട്ടിക ഗവർണർക്ക്‌ സമർപ്പിച്ചത്‌. എന്നാൽ ഇതംഗീകരിക്കാത്ത നിലപാടാണ്‌ ഗവർണർ സ്വീകരിക്കുന്നത്‌. ഹൈക്കോടതി വിധിയെ മാനിക്കാതെ ഇങ്ങനെയൊരു നിലപാടെടുക്കാൻ ഗവർണർക്ക്‌ അധികാരമില്ല. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പൗരപ്രമുഖരെ കണ്ടതിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

നേരത്തേ സാങ്കേതിക സർവലാശാല നിയമന വിഷയത്തിലും സമാനാമായാണ്‌ ഗവർണർ പെരുമാറിയിട്ടുള്ളത്‌. സർക്കാർ നൽകിയ പാനൽ മാറ്റിവെച്ച്‌ ഡോ. സിസി തോമസിന്‌ ചുമതല നൽകുകയാണ്‌ ചെയ്‌തത്‌. ഈ നിയമനം ചട്ട വിരുദ്ധമാണെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ വിധിച്ചിരുന്നു.

കേരള സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല ആരോഗ്യ സർവകാലാശാല വിസിക്ക്‌ നൽകിയിരിക്കുകയാണ്‌ ഫലത്തിൽ മൂന്ന്‌ പ്രധാന സർവകലാശാലകളിൽ സ്ഥിരം വിസിയില്ലാത്ത സ്ഥിതിയാണുള്ളത്‌. ഗവർണറുടെ കടുംപിടുത്തമാണ്‌ ഇത്തരമെമാരു സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ രണ്ടാം പിണറായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ഇതോടെ തടയപ്പെടും. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ പിന്നോടിപ്പിക്കുകയെന്ന സംഘപരിവാർ അജൻഡയാണ്‌ ഗവർണർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്‌. ഇത്‌ അംഗീകരിച്ച്‌ നൽകാൻ കഴിയില്ല.

ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ അംഗീകരിച്ചുവെങ്കിലും ഗവർണർ ഇനിയും ഒപ്പുവെക്കുയോ മേൽ നടപടികൾ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല. ഇക്കാര്യത്തിലും ഗവർണർ ഉടൻ തീരുമാനം കൈകൊള്ളണം - എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top