20 April Saturday

കള്ളക്കടത്തുകാരിയെക്കൊണ്ട്‌ മാസശമ്പളത്തിൽ ആരോപണമുന്നയിപ്പിക്കുന്നു: എം സ്വരാജ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

കാസർകോട്> അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ കള്ളക്കടത്തുകാരിയെ വിലയ്‌ക്കെടുത്ത്‌ മാസശമ്പളത്തിൽ ആരോപണമുന്നയിപ്പിക്കുകയാണ്‌ ആർഎസ്‌എസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌. അതിന്റെ ഭാഗമായാണ്‌ കേരളത്തെത്തന്നെ വിലകൊടുത്തു വാങ്ങാൻ ശേഷിയുള്ള യുഎഇ ഭരണാധികാരിക്ക്‌ മുഖ്യമന്ത്രി കൈക്കൂലി കൊടുത്തുവെന്നു വരെ ആക്ഷേപമുയർത്തുന്നത്‌.

ആർഎസ്‌എസ്‌ കള്ളക്കഥ കേട്ട്‌ സമരത്തിനിറങ്ങി യൂത്തു കോൺഗ്രസുകാരും പൊലീസിന്റെ തല്ലുവാങ്ങിക്കൂട്ടുന്നു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ യുഡിഎഫ്‌ ബിജെപി അക്രമസമരത്തിൽ പ്രതിഷേധിച്ച്‌ കാഞ്ഞങ്ങാട് എൽഡിഎഫ്‌ സംഘടിപ്പിച്ച ബഹുജന റാലിയിൽ സംസാരിക്കുകയായിരുന്നു സ്വരാജ്‌.

കോൺഗ്രസിനിപ്പോൾ മരണവെപ്രാളമാണ്‌. രാഷ്ട്രീയമായി ഇല്ലാതാകുമെന്ന അവസ്ഥയാണ്‌ രാജ്യത്തുടനീളം. അതിന്റെ കളിയാണിപ്പോഴത്തെ പരാക്രമം. മുഖം രക്ഷിക്കാൻ തട്ടിപ്പുകാരിയുടെ വാക്കുകേട്ട്‌ റോഡിലിറങ്ങുകയാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ്‌ എല്ലാ കേന്ദ്ര ഏജൻസികളും കേരളത്തിൽ നിരങ്ങിയതാണ്‌. എൽഡിഎഫിന്റെ യൂണിറ്റു കമ്മിറ്റി ഭാരവാഹിയുടെ രോമത്തിൽ തൊടാൻപോലും അവർക്കന്ന്‌ കഴിഞ്ഞില്ല. കേന്ദ്ര രാഷ്ട്രീയകക്ഷിക്കും അവരുടെ ഉദ്യോഗസ്ഥവൃന്ദത്തിനും വേണ്ടിയാണ്‌ രാജ്യത്തെ എല്ലാ സ്വർണക്കള്ളക്കടത്തും.

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവർ ടിക്കറ്റെടുത്തവരാണ്‌ എന്നാണ്‌ ‘മനോരമ’യുടെ കണ്ടുപിടിത്തം. ലോകത്ത്‌ എല്ലാ വിമാനറാഞ്ചലുകാരും ടിക്കറ്റെടുത്തു തന്നെയാണ്‌ കയറുന്നതെന്ന കാര്യം  മാധ്യമങ്ങൾക്കറിയില്ലേ–- സ്വരാജ്‌ ചോദിച്ചു. ബഹുജന റാലി മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനംചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top