25 April Thursday

കെ ബാബുവിന്‌ തിരിച്ചടി; എം സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന്‌ ഹൈക്കോടതി

സ്വന്തം ലേഖികUpdated: Wednesday Mar 29, 2023


കൊച്ചി  
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ യുഡിഎഫ്‌ സ്ഥാനാർഥി കെ ബാബു മതചിഹ്‌നം ഉപയോഗിച്ചുവെന്ന എം സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന്‌ ഹൈക്കോടതി.

വോട്ടർമാർക്ക്‌ നൽകിയ സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച്‌ ബാബു വോട്ട്‌ തേടിയെന്നതിൽ വിശദമായി തെളിവെടുപ്പ്‌ നടത്തേണ്ടതുണ്ടെന്ന്‌ വ്യക്തമാക്കിയ കോടതി ബാബുവിന്റെ തടസ്സവാദ ഹർജി തള്ളി. തെരഞ്ഞെടുപ്പ്‌ ഹർജിയിലെ നടപടികൾ തുടരുമെന്നും ജസ്‌റ്റിസ്‌ പി ജി അജിത്‌കുമാർ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. 

ജനപ്രാതിനിധ്യനിയമത്തിലെ 123 (3) വകുപ്പ്‌ അനുസരിച്ച്‌ ജാതി, മതം, ഭാഷ, സമുദായം, മതപരമായ ചിഹ്നങ്ങൾ എന്നിവ പ്രചാരണത്തിന്‌ ഉപയോഗിക്കരുതെന്നും 123 (2)(എ) 2 വകുപ്പ്‌ അനുസരിച്ച്‌ ആത്മീയവലയത്തിൽനിന്ന്‌ പുറത്തുപോകുമെന്ന്‌ പ്രചരിപ്പിച്ച്‌ ഒരാൾക്ക്‌ വോട്ട്‌ ചെയ്യാനോ, മറ്റൊരാൾക്ക്‌ വോട്ട്‌ ചെയ്യാതിരിക്കാനോ പ്രേരിപ്പിക്കരുതെന്നും പറയുന്നു.

"അയ്യപ്പന് ഒരു വോട്ട്' എന്ന് രേഖപ്പെടുത്തിയ സ്ലിപ്പിൽ അയ്യപ്പവിഗ്രഹത്തിന്റെ ചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ചാണ്‌ വിതരണം ചെയ്തത്‌. അയ്യപ്പനും സ്വരാജും തമ്മിലാണ്‌ തെരഞ്ഞെടുപ്പെന്നും സ്വരാജ് ജയിച്ചാൽ അയ്യപ്പന്റെ പരാജയമാകുമെന്നും ബാബു പ്രചരിപ്പിച്ചു. മതത്തെ  ഉപയോഗിച്ച്‌ വോട്ട്‌ തേടിയത് ജനപ്രാതിനിധ്യനിയമത്തിന്റെ  ലംഘനമാണെന്നും വാദിച്ച സ്വരാജ്‌ തെളിവുകളും ഹാജരാക്കി.  
തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണ്‌ 992 വോട്ടിന്‌ ബാബു ജയിച്ചതെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ്‌ ഹർജിയിൽ ആവശ്യപ്പെട്ടു.  എതിർസത്യവാങ്മൂലം നൽകാൻ കെ ബാബുവിന് മൂന്നാഴ്ച അനുവദിച്ചു. അടുത്തമാസം വീണ്ടും പരിഗണിക്കും. സ്വരാജിനുവേണ്ടി അഭിഭാഷകരായ പി കെ വർഗീസ്‌, കെ എസ്‌ അരുൺകുമാർ എന്നിവർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top