25 April Thursday

'നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്, അതിനര്‍ത്ഥം എല്ലാവര്‍ക്കും നീതി ലഭിയ്ക്കുമെന്നല്ല'; എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കൊച്ചി> കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതിവിധി വന്നതിന് പിന്നാലെ വിവിധ മേഖലയിലുള്ളവര്‍ പ്രതികരണവുമായി രംഗത്ത്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ് അതിനര്‍ത്ഥം ഈ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും നീതി ലഭിയ്ക്കുമെന്നല്ല എന്ന് എം സ്വരാജ് ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോരാടിയ സിസ്റ്റര്‍ അനുപമയും സിസ്റ്റര്‍ ലൂസി കളപ്പുരയും അടക്കമുള്ളവര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് സ്വരാജിന്റെ പ്രതികരണം.


യേശുവുമായി ബന്ധപ്പെട്ട കഥ ട്വീറ്റ് ചെയ്ത് കൊണ്ടാണ് എന്‍ എസ് മാധവന്‍ പ്രതികരിച്ചത്. '‘യേശു ഒരുകഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ വിത്ത് വിതയ്ക്കുവാന്‍പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറസ്ഥലങ്ങളില്‍ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാല്‍ ആഴത്തില്‍ വേരിറങ്ങാന്‍ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു'’- എന്‍ എസ് മാധവന്‍ ട്വിറ്റ് ചെയ്തു.

 

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഒരിക്കലും പ്രതീക്ഷിച്ച വിധി അല്ല കോടതിയില്‍നിന്നും ഉണ്ടായതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയും മരിക്കേണ്ടി വന്നാലും ഇരയ്ക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ അനുപമയും പ്രതികരിച്ചു. കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചത്. 2018 ജൂണ്‍ 27നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 സെപ്തംബര്‍ 21ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവരുന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 33 പേരെയാണ് വിസ്തരിച്ചത്. വിധി കേള്‍ക്കാനായി രാവിലെ ഒമ്പതരയോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സഹോദരനും സഹോദരി ഭര്‍ത്താവിനുമൊപ്പം കോടതിയിലെത്തിയത്. പിന്‍വാതിലിലൂടെയാണ് കോടതിയിലേക്ക് പ്രവേശിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top