29 March Friday

പ്രതിപക്ഷവാദം‌ ശിവശങ്കറിനു വേണ്ടി; ചട്ടപ്രകാരമല്ലാതെ നടപടി പാടില്ല

പ്രത്യേക ലേഖകൻUpdated: Thursday Jul 16, 2020

തിരുവനന്തപുരം > സ്വർണക്കടത്ത്‌ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെൻഡ്‌‌ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാരിനെ വെട്ടിലാക്കാമെന്ന വിചാരത്തിൽനിന്ന്‌. രാഷ്ട്രപതി നിയമിക്കുന്ന സിവിൽസർവീസ്‌ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനത്തിന്‌ നടപടി സ്വീകരിക്കണമെങ്കിൽ നടപടിക്രമം പാലിക്കണമെന്നിരിക്കെ തിടുക്കത്തിലുള്ള ആവശ്യം സർക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള ദുരൂഹ നീക്കം. ചട്ടപ്രകാരമല്ലാത്ത‌ നടപടി വേണമെന്ന പ്രതിപക്ഷ വാദം ശിവശങ്കറിനെ സഹായിക്കാൻ കൂടിയാണ്‌.

1958 ലെ അഖിലേന്ത്യാ സിവിൽ സർവീസ്‌ അച്ചടക്ക നടപടി ചട്ടപ്രകാരമല്ലാതെയുള്ള നടപടിക്ക്‌ പ്രാബല്യമില്ലെന്ന്‌ സുപ്രീംകോടതി  പലവട്ടം വിധിച്ചിട്ടുണ്ട്‌. അത്തരം നടപടി റദ്ദാക്കി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്‌. സിവിൽ സർവീസ്‌ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കാവുന്ന ഒമ്പത്‌ ശിക്ഷാ നടപടികൾ ചട്ടത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ക്രിമിനൽ പശ്ചാത്തലം, കുറ്റകൃത്യം സംബന്ധിച്ച്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുക, അഴിമതി കേസിൽ അറസ്‌റ്റിലാവുക, സർക്കാരിനെതിരെ പ്രവർത്തിക്കുക തുടങ്ങിയവയുടെ പേരിൽ നടപടി സ്വീകരിക്കാം. സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിന്‌ കേന്ദ്ര സർക്കാരിനാണ്‌ അധികാരം. അച്ചടക്ക നടപടിക്ക്‌ സംസ്ഥാന സർക്കാരിന്‌ അധികാരമുണ്ടെങ്കിലും കാരണം കാണിക്കൽ നോട്ടീസ്‌ നൽകുന്നതടക്കമുള്ള നടപടിക്രമം പാലിച്ചുമാത്രമെ സാധ്യമാകൂ.

ശിവശങ്കറിനെതിരെ നിലവിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടില്ല. ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച തെളിവോ പരാതിയോ സർക്കാരിന്‌ മുമ്പിലില്ല. മുമ്പ്‌ കുറ്റകൃത്യത്തിലേർപ്പെട്ട സംഭവങ്ങളുമില്ല. സ്വർണക്കടത്തിലെ പ്രതികളുമായുള്ള ബന്ധം ചീഫ്‌ സെക്രട്ടറി അന്വേഷിക്കുകയാണ്‌. റിപ്പോർട്ട്‌ എതിരായാൽ കാരണം കാണിക്കൽ നോട്ടീസ്‌ നൽകി നടപടിയിലേക്ക്‌ കടക്കാം.

ശിവശങ്കറിനെ സസ്‌പെൻഡ്‌‌ ചെയ്യാനുള്ള നില ആയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച്‌ വ്യക്തമാക്കുന്നത്‌ അഖിലേന്ത്യാ സിവിൽ സർവീസ്‌ അച്ചടക്ക നടപടി ചട്ടം അനുസരിച്ചാണ്‌. മറിച്ച്‌ നടപടിയെടുത്താൽ കോടതിയിൽ സർക്കാർ പ്രതിക്കൂട്ടിലാകും. പ്രതിപക്ഷം ആഗ്രഹിക്കുന്നത്‌ അതാണ്‌. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാമെന്നും കോടതി എതിർനിലപാട്‌ സ്വീകരിച്ചാൽ സർക്കാരിനെതിരെ ആയുധമാക്കാമെന്നുമാണ്‌ കരുതുന്നത്‌.

കേരള കേഡറിലുള്ള നിരവധി ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി എടുത്തിട്ടുണ്ട്‌. ജേക്കബ്‌ തോമസ്‌, രാജുനാരായണ സ്വാമി എന്നിവരാണ്‌ ഒടുവിലുള്ളത്‌. മുൻ ചീഫ്‌ സെക്രട്ടറി പി ജെ തോമസ്‌, അഡീഷണൽ ചീഫ്‌ സെക്രട്ടറിമാരായിരുന്ന സഖറിയാ മാത്യു, എസ്‌ പത്മകുമാർ, മുൻ ചീഫ്‌ സെക്രട്ടറി ജിജി തോംസൺ എന്നിവരെ സസ്‌പെൻഡ്‌‌ ചെയ്‌തെങ്കിലും കേസ്‌ തീരുന്നതിന്‌ മുമ്പ്‌ സർവീസിൽ തിരിച്ചെടുത്തു. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ പരാമർശത്തിന്റെ പേരിൽ മുൻ ഡിജിപി രമൺ ശ്രീവാസ്‌തവ 1995ൽ സസ്‌പെൻഷനിലായി. ആറുമാസത്തിനുള്ളിൽ അദ്ദേഹം സർവീസിൽ തിരികെ പ്രവേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top