01 December Friday

അന്നമൂട്ടിയ അറിവിന്‌ വിട ; ഇന്ത്യയുടെ ഹരിത വിപ്ലവ നായകൻ ഡോ. എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

ചെന്നൈ

ഇന്ത്യയുടെ വിശപ്പടക്കിയ ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന്‍ (98) വിടവാങ്ങി. വ്യാഴം രാവിലെ 11.15ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.  മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ ചെന്നെെയിലെ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ശനിയാഴ്ച പകൽ 12ന് ചെന്നെെ ബസന്ത് നഗറിലെ ശ്മശാനത്തിൽ. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആഗോള അംഗീകാരം നേടി. ഭക്ഷ്യോല്‍പ്പാദനത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. അമ്പതിലധികം അന്തർദേശീയ പുരസ്കാരങ്ങൾ നേടി.

തമിഴ്നാട്ടിലെ കുംഭകോണത്ത് 1925 ആ​ഗസ്‌ത്‌ ഏഴിന് എം കെ സാംബശിവന്റെയും പാര്‍വതി തങ്കമ്മാളിന്റെയും രണ്ടാമത്തെ മകനായാണ് മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്റെ ജനനം. ആലപ്പുഴ   കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്പാണ് തറവാട്. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍നിന്ന് (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) ജന്തുശാസ്ത്രത്തിലും മദ്രാസ് കാര്‍ഷിക കോളേജില്‍നിന്ന് കൃഷിശാസ്ത്രത്തിലും ബിരുദം നേടി. നെതർലൻഡ്‌സിൽ വാഗെനിംഗൻ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണപഠനകാലയളവില്‍ പ്രതിരോധശേഷിയുള്ളതും തണുത്ത കാലാവസ്ഥയ്ക്കു പറ്റിയതുമായ ഉരുളക്കിഴങ്ങ് വിത്തുകൾ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അമേരിക്കയില്‍ നൊബേല്‍ സമ്മാന ജേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കൈവന്നെങ്കിലും നാട്ടിലേക്ക് മടങ്ങി.

1954 ഒക്ടോബറിൽ ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ  അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. ഉയർന്ന വിളവ് തരുന്ന രോ​ഗപ്രതിരോധശേഷിയുള്ള പുതിയ ഇനം ​ഗോതമ്പ് വിത്ത് വികസിപ്പിക്കാനും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ഈ ഘട്ടത്തില്‍ കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇന്ത്യ ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തമായതായി 1971ല്‍ പ്രഖ്യാപിക്കാനായത്. ഇന്ത്യന്‍ അള്‍​ഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഉള്‍പ്പെടെ സര്‍ക്കാരിലെ നിരവധി ഉന്നത പദവികള്‍ അലങ്കരിച്ചു. ​പത്മശ്രീ, പത്മഭൂഷണ്‍, മ​ഗ്സസെ അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനിച്ച 20 ഏഷ്യക്കാരില്‍ ഒരാളായി എം എസ് സ്വാമിനാഥനെ ടൈം മാ​ഗസിന്‍ തെരഞ്ഞെടുത്തു. ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുത്ത മറ്റു രണ്ടുപേര്‍ മഹാത്മാ ​ഗാന്ധിയും രബീന്ദ്രനാഥ ടാ​ഗോറുമായിരുന്നു. 2007–- 13 കാലയളവില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഭാര്യ: മീന സ്വാമിനാഥന്‍. മക്കള്‍: സൗമ്യ സ്വാമിനാഥന്‍ (ലോകാരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റ്), മധുര സ്വാമിനാഥന്‍ (സാമ്പത്തിക വിദഗ്ധ), നിത്യ സ്വാമിനാഥന്‍. മരുമക്കൾ: ഡോ. അജിത് യാദവ്, ഡോ. വി കെ രാമചന്ദ്രൻ (സംസ്ഥാന ആസൂത്രണബോർഡ് വെെസ് ചെയർമാൻ ), സുധീർ റാവു.

കൊട്ടാരത്തിലെ 
കർഷക പ്രതിഭ
മങ്കൊമ്പിലെ പ്രമുഖ കുടുംബങ്ങളിലൊന്നാണ് സ്വാമിനാഥന്റേത്. പൂർവികർ തമിഴ്നാട്ടിൽനിന്ന് കുടിയേറിയവർ. അമ്പലപ്പുഴ രാജാവ് തമിഴ്നാട് സന്ദർശിച്ചപ്പോൾ, തഞ്ചാവൂർ കൊട്ടാരസദസ്സിനെ കണ്ട് അവരിൽ ഒരാൾ തന്റെ അടുത്ത് വേണമെന്ന് ആഗ്രഹിച്ചു. കൊട്ടാരസദസ്സിൽ ഒരാളായ സ്വാമിനാഥന്റെ പിതാമഹൻ ഇഞ്ചി വെങ്കിടാചല അയ്യർ അങ്ങനെ അമ്പലപ്പുഴയിലെത്തി. വേദങ്ങളിലുള്ള അവഗാഹം അറിഞ്ഞ രാജാവ് ഗ്രാമം അടങ്ങുന്ന പ്രദേശം നൽകി. പിന്നീട് കുടുംബം കൊട്ടാരം കുടുംബം എന്നാണറിയപ്പെട്ടത്. അച്ഛൻ ഡോ. എം കെ സാംബശിവൻ  ഗാന്ധിജിയുടെ അനുയായി. വിദേശ വസ്ത്ര ബഹിഷ്കരണത്തിന്റെ കുംഭകോണത്ത്‌  നേതൃത്വം വഹിച്ചു. ദളിതരുടെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിലും മന്ത് നിർമാജന ദൗത്യത്തിലും പങ്കെടുത്തു. സ്വാമിനാഥന് 11 വയസായപ്പോൾ പിതാവ് മരിച്ചു. പിന്നെ വളർത്തിയത് പിതൃസഹോദരൻ നാരായണസ്വാമി. സ്കൂൾ പഠനശേഷം കാത്തലിക് ലിറ്റിൽ ഫ്ളവർ സ്കൂളിൽനിന്ന് മെട്രിക്കുലേഷൻ. തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്നും അണ്ടർ ഗ്രാജേഷ്വൻ. അവിടെനിന്ന്‌  ജീവശാസ്ത്ര ബിരുദം. തമിഴ്നാട് കാർഷിക സർവകലാശാലയിൽനിന്ന് അഗ്രികൾചറൽ സയൻസിൽ ബിരുദം.

1947ൽ ദില്ലി അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. 1949ൽ സൈറ്റോ ജനറ്റിക്സ് പാസായി. തുടർന്ന് ഇന്ത്യൻ പൊലീസ് സർവീസ് യോഗ്യത നേടി. 1972മുതൽ 79വരെ ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ചിന്റെ തലവൻ. 1979 മുതൽ 80വരെ കേന്ദ്ര കാർഷിക മന്ത്രാലയ പ്രിൻസിപ്പൽ സെക്രട്ടറി. 1982‐88ൽ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ. 1988ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്വറൽ റിസോഴ്സസ് പ്രസിഡന്റ്. 1999ൽ ടൈം മാഗസിൻ 20‐ാം നൂറ്റാണ്ടിൽ ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിജിയും നെഹ്റുവുമാണ് മറ്റു രണ്ട് ഇന്ത്യക്കാർ. നെതർലാണ്ടിലെ വാജെനിജൻ സർവകലാശാലയിൽ ഉരുളക്കിഴങ്ങു ഗവേഷണത്തിന് യുനെസ്കോ ഫെല്ലോഷിപ്പ് നേടി. 1950ൽ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിജ് സ്കൂൾ ഓഫ് അഗ്രിക്കൾച്ചറിന്റെ പ്ലാന്റ് ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്. 1952ൽ പിഎച്ച്ഡി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് വിസ്കോൻസിനിൽ ഗവേഷണത്തിന്. അധ്യാപകനാകാനുള്ള വാഗ്ദാനം നിരസിച്ച് 1954ൽ ഇന്ത്യയിലേക്ക്.

ഗവേഷണം തുടരാനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും  സ്വാമിനാഥൻ ലോകവ്യാപക പ്രവർത്തനം നടത്തി. 1987ൽ ആദ്യ ലോക ഭക്ഷ്യസമ്മാനം നൽകി യുഎൻ സെക്രട്ടറി ജനറൽ ജാവിയർ പെരസ് ഡിക്വർ എഴുതി: സ്വാമിനാഥൻ ജീവിക്കുന്ന ഇതിഹാസമാണ്. യുഎൻ പാരിസ്ഥിതിക പദ്ധതി അദ്ദേഹത്തെ  സാമ്പത്തിക ഇക്കോളജിയുടെ പിതാവെന്നാണ് വിശേഷിപ്പിച്ചത്. ലോക പ്രശസ്ത ശാസ്ത്രകൂട്ടായ്മകളായ ലണ്ടൻ റോയൽ സൊസൈറ്റി, യുഎസ് നാഷണൽ അക്കാദമി ഓഫ് സയൻസസ്, റഷ്യൻ, ചൈനീസ്, ഇറ്റാലിയൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ ഫെലോ ആയി. കാർഷികമേഖലയിൽ സ്ത്രീ ശാക്തീകരണത്തിന്‌ വിജ്ഞാനവും വൈദഗ്ധ്യവും സാങ്കേതികവിദ്യയും വികസിപ്പിക്കൽ, കൃഷിയിലും ഗ്രാമീണ വികസനത്തിലും ലിംഗനീതി ഉറപ്പാക്കൽ എന്നിവ മുൻനിർത്തി ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വിമൺ ആൻഡ് ഡവലപ്മെന്റ് ഏർപ്പെടുത്തിയ ആദ്യ അന്തർദേശീയ അവാർഡ് സ്വാമിനാഥനായിരുന്നു.

പിബി അനുശോചിച്ചു
രാജ്യത്ത്‌ ഹരിതവിപ്ലവത്തിന്‌ വഴിതെളിച്ച വിഖ്യാത ശാസ്‌ത്രജ്ഞൻ എം എസ്‌ സ്വാമിനാഥന്റെ വിയോഗത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. 1987ൽ നിലവിൽവന്ന ലോക ഭക്ഷ്യ പുരസ്‌കാരത്തിന്റെ  പ്രഥമ സ്വീകർത്താവ്‌ അദ്ദേഹമാണ്‌. 1960കളിൽ അത്യുൽപ്പാദനശേഷിയുള്ള ഗോതമ്പ്‌, അരി വകഭേദങ്ങൾ വികസിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക്‌ മാനിച്ചാണ്‌ പുരസ്‌കാരം നൽകിയത്‌. ഈ സമ്മാനത്തുക ഉപയോഗിച്ച്‌ അദ്ദേഹം 1988ൽ എം എസ്‌ സ്വാമിനാഥൻ റിസർച്ച്‌ ഫൗണ്ടേഷൻ രൂപീകരിച്ചു.

മൊത്തം ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്ത തുക മിനിമം താങ്ങുവിലയായി നൽകണമെന്ന്‌ എം എസ്‌ സ്വാമിനാഥൻ അധ്യക്ഷനായ ദേശീയ കാർഷിക കമീഷൻ ശുപാർശ ചെയ്‌തു. മോദി സർക്കാർ ഇത്‌ നടപ്പാക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌തെങ്കിലും നടപ്പാക്കിയില്ല, കർഷക സമരങ്ങളിലെ പ്രധാന ആവശ്യമാണിത്‌.അദ്ദേഹത്തിന്റെ കുടുബാംഗങ്ങളെ പിബി അനുശോചനവും ആദരവും അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top