20 April Saturday

പശുവിനെ കൊന്നാൽ കലാപമുണ്ടാകുന്ന നാടായി ഇന്ത്യ: എം മുകുന്ദൻ

സ്വന്തം ലേഖികUpdated: Monday May 16, 2022

കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവം എം മുകുന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌> നാം ജീവിക്കുന്നത്‌ പശുവിനെ കൊന്നാൽ കലാപമുണ്ടാകുന്ന നാട്ടിലാണെന്ന്‌ എഴുത്തുകാരൻ എം മുകുന്ദൻ പറഞ്ഞു. കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ പശുവിനുമാത്രം ഇളവ്‌ ലഭിക്കുന്നത്‌ എന്തുകൊണ്ടാണ്‌. വെട്ടുന്നെങ്കിൽ എല്ലാ മൃഗത്തെയും വെട്ടാം, ഇല്ലെങ്കിൽ ഒന്നിനെയും വെട്ടരുതെന്ന്‌ അഭിനേത്രി നിഖില വിമൽ അഭിമുഖത്തിൽ പറഞ്ഞത്‌ ശരിയാണ്‌.

പശു ഒരു പാവം മൃഗമാണെന്നാണ്‌ നാം പാഠപുസ്‌തകത്തിൽ പഠിച്ചത്‌. അതിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന്‌ എല്ലാവർക്കുമറിയാം. അങ്ങനെ ഒരു കാലത്താണ്‌ നാം ജീവിക്കുന്നത്‌. ഡൽഹിയിൽ ഇപ്പോൾ ബുൾഡോസർ രാഷ്ട്രീയമാണ്‌. അവിടങ്ങളിലെല്ലാം ഇരയാവുന്നത്‌ സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

കാരപ്പറമ്പ്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന കലോത്സവത്തിൽ സപ്ലിമെന്റും മുകുന്ദൻ പ്രകാശിപ്പിച്ചു. ലോഗോ രൂപകൽപ്പനചെയ്‌ത സിഗ്നി ദേവരാജന്‌ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്‌ ഉപഹാരം നൽകി.
കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഡോ. എസ്‌ ജയശ്രീ അധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ സ്വാഗതവും സെക്രട്ടറി കെ രാഘവൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top