28 March Thursday

എം കെ രാഘവനെതിരെ നടപടി ഉടൻ ; പുറത്താക്കണമെന്ന്‌ സതീശൻ

ദിനേശ്‌ വർമUpdated: Thursday Mar 9, 2023


തിരുവനന്തപുരം
കോൺഗ്രസിനെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തിയ എം കെ രാഘവൻ എംപിയെ പുറത്താക്കണമെന്ന ശക്തമായ നിലപാടുമായി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തും.

എം കെ രാഘവനോട്‌ വിശദീകരണം ചോദിക്കാനും തുടർന്ന്‌ താക്കീത്‌ നൽകാനും ബുധനാഴ്‌ച ചേർന്ന കെപിസിസി നേതൃയോഗത്തിൽ ധാരണയായി. തുടർന്നുള്ള രാഘവന്റെ നീക്കം നോക്കിയാകും മറ്റ്‌ തീരുമാനങ്ങൾ. എഐസിസി അംഗമായ രാഘവനെ പുറത്താക്കണമെന്ന്‌ ശുപാർശ നൽകാനേ കെപിസിസിക്ക്‌ കഴിയൂ. ശുപാർശ തള്ളിയാൽ സംസ്ഥാന നേതൃത്വത്തിന്‌ തിരിച്ചടിയാകും.

കോഴിക്കോട്ട്‌ പി ശങ്കരൻ അനുസ്മരണ യോഗത്തിലാണ്‌ ‘ഉപയോഗിച്ച്‌ വലിച്ചെറിയുക എന്നതാണ്‌ കോൺഗ്രസിന്റെ രീതി ’യെന്ന്‌ രാഘവൻ തുറന്നടിച്ചത്‌. ശശി തരൂരിനൊപ്പം ഉറച്ചുനിന്ന്‌ കടുത്ത വെല്ലുവിളി ഉയർത്തിയ രാഘവനെതിരെ കിട്ടിയ അവസരം സതീശൻ മുതലെടുക്കുകയാണ്‌. അതിന്‌ പ്രസംഗം ഒരു കാരണമാക്കിയെന്നുമാത്രം. രാഘവൻ ഏറ്റവും കൂടുതൽ അപകടമുണ്ടാക്കുക തനിക്കാകുമെന്നും സതീശൻ ഭയക്കുന്നു. ഇതിന്റെ മറവിൽ അച്ചടക്ക നടപടി എടുത്താൽ, രാഘവന്റെ സീറ്റ്‌ കൈപ്പിടിയിലൊതുക്കാം എന്നാണ്‌ കോഴിക്കോട്ടുകാരനായ  ജയന്തിന്റെ നോട്ടം. വിശദീകരണം ചോദിച്ചും താക്കീത്‌ നൽകിയും രാഘവനെ നാണംകെടുത്തലാണ്‌ ലക്ഷ്യം. 

യോഗത്തിൽ സമവായ പാതയിലേക്ക്‌ സുധാകരൻ എത്തിയതോടെ ഗ്രൂപ്പുകൾ പുനഃസംഘടനാ പട്ടികയിലേക്ക്‌ ഈ ആഴ്‌ച പേരുകൾ നൽകും.  ജയന്തും എം ലിജുവുമടക്കം സുധാകരന്റെ ഉപഗ്രഹങ്ങളാണ്‌ പുനഃസംഘടനയിൽ അർഹരെ തഴയാൻ കാരണമെന്നാണ്‌ എ, ഐ ഗ്രൂപ്പ്‌ നേതാക്കളുടെ വാദം. നേതൃയോഗത്തിൽ ഉയർന്ന വിമർശങ്ങൾക്കെല്ലാം മറുപടി പറയാൻ ജയന്ത്‌ എഴുന്നേറ്റതും ഇത്‌ വ്യക്തമാക്കുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോൾ ‘അവിടെ ഇരിക്കെ’ന്ന്‌  കൊടിക്കുന്നിൽ സുരേഷ്‌  ജയന്തിന്‌  താക്കീതും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top