25 April Thursday

14 ദിവസത്തിനുള്ളില്‍ ബിരുദ പരീക്ഷാഫലം; റെക്കോഡുമായി എംജി സര്‍വകലാശാല

സ്വന്തം ലേഖകൻUpdated: Monday May 22, 2023

കോട്ടയം > അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി 14 ദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിച്ച്‌ ചരിത്രനേട്ടം സ്വന്തമാക്കി എംജി സർവകലാശാല. ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്‌സി, ബികോം തുടങ്ങിയ കോഴ്‌സുകളുടെ ഫലം പ്രസിദ്ധീകരിച്ചാണ്‌ എംജി സ്വന്തം റെക്കോഡ്‌ തിരുത്തിയത്‌. അവസാന സെമസ്റ്റർ ഫലം ഈ വർഷം സംസ്ഥാനത്ത് ആദ്യം പ്രസിദ്ധീകരിച്ച സർവകലാശാലയും എംജിയാണ്‌. തിയറിപരീക്ഷ  ഒരുമാസം മുമ്പും പ്രാക്ടിക്കൽ പരീക്ഷ 14 ദിവസം മുമ്പുമാണ് പൂർത്തിയായത്. മൂല്യനിർണയവും ടാബുലേഷനും അനുബന്ധ നടപടികളും അതിവേഗം പൂർത്തിയാക്കി.

കോവിഡ് കാലമായിട്ടും 2020ൽ പ്രായോഗിക പരീക്ഷ കഴിഞ്ഞ് 64 ദിവസംകൊണ്ട്‌ എംജി സർവകലാശാല ബിരുദ പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു. 2021ൽ 27 ദിവസം കൊണ്ടും കഴിഞ്ഞ വർഷം 17 ദിവസം കൊണ്ടും ഫലം പ്രസിദ്ധീകരിച്ചു. ക്രമാനുഗതമായി മികവ്‌ ഉയർത്തിയാണ്‌ ഈ വർഷം പുതിയ റെക്കോഡിട്ടത്‌.

ഉന്നത വിദ്യാഭ്യാസ മന്ത്രി അനുമോദിച്ചു

അത്യസാധാരണ വേഗത്തിൽ ബിരുദപരീക്ഷയുടെ അവസാന സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ച എംജി സർവകലാശാലയെ  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഭിനന്ദിച്ചു. സമഗ്ര പരിഷ്‌കരണങ്ങൾ വഴി സർക്കാർ വിഭാവനംചെയ്യുന്ന വിദ്യാർഥിസൗഹൃദ മാതൃക എംജി സർവകലാശാല അക്ഷരാർഥത്തിൽ നടപ്പാക്കിയതായും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. സൂക്ഷ്‌മതയോടെയുള്ള മുന്നൊരുക്കവും കെട്ടുറപ്പോടെയുള്ള പ്രവർത്തനവുമാണ് ഈ നേട്ടത്തിന്‌ പിന്നിൽ. ഇതിനെ ഏറ്റവും അഭിമാനത്തോടെ കാണുന്നുവെന്നും വിദ്യാർഥികൾക്ക് മികച്ച സേവനം നൽകാനായത് നമ്മുടെ പൊതുപരീക്ഷാ പരിഷ്‌കരണ ശ്രമങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top