29 March Friday
ബിജെപി, ലീഗ്‌ നേതാക്കളുടെ കൂടിക്കാഴ്‌ചയിൽ ദുരൂഹത

ജ്വല്ലറി തട്ടിപ്പിനു പിന്നാലെ നികുതി വെട്ടിപ്പും ; എം സി ഖമറുദീൻ എംഎൽഎയുടെ സ്വത്ത്‌ കണ്ടുകെട്ടാൻ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

തൃക്കരിപ്പൂർ
ചരക്ക്‌ സേവന നികുതിയിൽ വെട്ടിപ്പ്‌ നടത്തിയതിന്‌ ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എം സി ഖമറുദീൻ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ സ്വത്ത്‌ കണ്ടുകെട്ടാൻ നോട്ടീസ്‌. പയ്യന്നൂരിലെ  ജ്വല്ലറിയിൽനിന്ന്‌ സ്വർണം വിറ്റ വകയിലുള്ള നികുതിയും പിഴ പലിശയും അടക്കം 1,39,506 രൂപ പലതവണ  നോട്ടീസ്‌ നൽകിയിട്ടും അടച്ചില്ല. ഇതിനാലാണ്‌ പയ്യന്നൂരിലെ ചരക്ക്‌ സേവന നികുതി വിഭാഗം ഓഫീസ്‌ സ്വത്ത്‌ കണ്ടുകെട്ടാൻ നോട്ടീസ്‌ നൽകിയത്‌.  കാസർകോട് ഖമര്‍ ഫാഷന്‍ ഗോള്‍ഡ് 84,82,744 രൂപയും ചെറുവത്തൂർ ന്യൂഫാഷന്‍ ഗോള്‍ഡ് 57,03,087 രൂപയും നികുതി അടക്കാനുണ്ട്‌. പയ്യന്നൂരിലെ  ജ്വല്ലറിയിലേതുൾപ്പെടെ 1,43,25,337  രൂപയാണ്‌ അടക്കാനുള്ളത്‌.

ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് പിന്നാലെയാണ് ജ്വല്ലറിയുടെ മറവില്‍ 1.43 കോടി രൂപയുടെ നികുതിവെട്ടിപ്പും പുറത്തുവന്നത്. ചെറുവത്തൂരിലെ ന്യൂഫാഷന്‍ ഗോള്‍ഡ്, കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറികളില്‍ ചരക്ക്‌ സേവന നികുതി വിഭാഗം എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ്  കണ്ടെത്തിയത്.  തുകയ്‌ക്കായി   അധികൃതര്‍ നിരവധി ശ്രമം നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് റവന്യു റിക്കവറിക്ക്‌ വില്ലേജ് ഓഫീസർക്ക് നോട്ടീസയച്ചത്.  കോവിഡ് വ്യാപനത്തിന് മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി കമീഷണര്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത സ്വര്‍ണവും വെള്ളിയും വില്‍പന  നടത്തിയതായി കണ്ടെത്തിയിരുന്നു. ആഗസ്‌ത്‌ 30നകം പണം അടയ്ക്കണമെന്ന്‌ നിര്‍ദേശവും നൽകി.  പിഴ  സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ബോധിപ്പിക്കാന്‍ ജ്വല്ലറി ഉടമകള്‍ക്ക്  സമയവും നല്‍കിയിരുന്നു. പിഴ അടച്ചുതീര്‍ക്കേണ്ട തിയതി കഴിഞ്ഞതിനാല്‍ നികുതിയുടെ 50 ശതമാനംകൂടി ചേര്‍ത്ത്  തുക പുതുക്കി നിശ്ചയിച്ച് നോട്ടീസയച്ചു. വീഴ്ച വരുത്തിയാൽ 100 ശതമാനം പിഴ ചുമത്തുമെന്നും സൂചിപ്പിച്ചിരുന്നു. ഇതിനും മറുപടി നൽകാതെ വന്നതോടെയാണ്‌ സ്വത്ത്‌ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് നീങ്ങിയത്.

ബിജെപി, ലീഗ്‌ നേതാക്കളുടെ കൂടിക്കാഴ്‌ചയിൽ ദുരൂഹത
കാസർകോടുനിന്നുള്ള മുസ്ലിംലീഗ്‌ നേതാവും ബിജെപിയുടെ സംസ്ഥാന നേതാവും കൊച്ചിയിൽ കൂടിക്കാഴ്‌ച നടത്തിയതിൽ ദുരൂഹത. കാസർകോട്‌ ലീഗ്‌ എംഎൽഎയുടെ ജ്വല്ലറി തട്ടിപ്പുകേസിൽ മധ്യസ്ഥനായ നേതാവാണ്‌ കഴിഞ്ഞ ദിവസം കൊച്ചിയിൽ ബിജെപി നേതാവുമായി കൂടിക്കാഴ്‌ച നടത്തിയത്‌. ബിജെപിയെ ചാനൽ ചർച്ചകളിൽ പാർടിയെ പ്രതിനിധാനം ചെയ്യുന്ന കൊച്ചിയിലെ  ‌ നേതാവും തമ്മിലായിരുന്നു‌ എറണാകുളത്തെ ‌ കൂടിക്കാഴ്‌ച‌. 

ബിജെപിയല്ല മുഖ്യ ശത്രുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം പുറത്തുവന്നതും സ്വർണക്കടത്ത്‌ കേസ്‌ അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന ആരോപണവും ശക്തമായ സാഹചര്യത്തിൽ നഗരത്തിലെ പ്രമുഖ ഹോട്ടലിൽ നടന്ന കൂടിക്കാഴ്‌ചയ്‌ക്ക്‌ ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ടെന്നാണ്‌ വിലയിരുത്തൽ. ഖമറുദ്ദീൻ എംഎൽഎയുടെ സ്വർണതട്ടിപ്പ്‌ കേസും ചർച്ചയായതായി അറിയുന്നു.

ശാസ്‌ത്രീയ അന്വേഷണം തുടരും: മുഖ്യമന്ത്രി
ജ്വല്ലറി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ട് ചെയ്ത പുതിയ കേസുകളും കൈമാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയമായ രീതിയിലാണ് കേസ് അന്വേഷിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top