03 July Sunday

‘വികസനവിരുദ്ധ രാഷ്‌ട്രീയം 
കോൺഗ്രസിനെ തകർക്കും’ ; എം ബി മുരളീധരൻ മനസ്സു തുറക്കുന്നു

ജോബിൻസ് ഐസക്Updated: Saturday May 21, 2022


തൃക്കാക്കര
ഉപതെരഞ്ഞെടുപ്പിന്‌ പത്തുനാൾമാത്രം അവശേഷിക്കേ  പ്രതിസന്ധിയുടെ ആഴക്കടലിലാണ് കോൺഗ്രസ്‌.  മണ്ഡലത്തിന്റെ പൾസ്‌ അറിയുന്ന നേതാവും മുൻ കൗൺസിലറും പി ടി തോമസിന്റെ വലംകൈയുമായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ കഴിഞ്ഞദിവസം പാർടി വിട്ടത്‌ പ്രതിപക്ഷനേതാവിന്റെ ഏകാധിപത്യത്തെ പ്രതിഷേധിച്ച്‌. സ്വന്തം ജില്ലയിലടക്കം വി ഡി സതീശന്റെ വ്യക്തിതാൽപ്പര്യങ്ങൾ കോൺഗ്രസിനെ തകർച്ചയിലെത്തിക്കുമെന്ന്‌ മുരളീധരൻ. തൃക്കാക്കരയിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയ നിഴൽനാടകങ്ങളെക്കുറിച്ച്‌ അദ്ദേഹം ദേശാഭിമാനിയോട്‌ മനസ്സു തുറന്നു.

ശരിക്കും എന്താണ് 
തൃക്കാക്കരയിലെ 
കോൺഗ്രസിൽ നടക്കുന്നത്‌ ?

പുറമേക്ക്‌ കാണുന്ന കാട്ടിക്കൂട്ടലുകൾക്കപ്പുറം  പ്രാദേശികമായി നിർജീവമാണ്‌ കോൺഗ്രസ്‌. സാധാരണ ഉപതെരഞ്ഞെടുപ്പുകളെ ആഘോഷമാക്കുകയാണ്‌ കോൺഗ്രസ്‌ പതിവ്‌. എന്നാൽ ഇവിടെ ഏകോപനമില്ല. ആരോടും കൂടിയാലോചനയില്ല. പ്രതിപക്ഷനേതാവിന്റെയും ഡിസിസി പ്രസിഡന്റിന്റെയും താൻപ്രമാണിത്തം മാത്രമാണ്‌ അരങ്ങിൽ.

എല്ലാവരോടും കൂടിയാലോചിച്ചു എന്ന്‌ നേതൃത്വം അവകാശപ്പെടുന്നുണ്ടല്ലോ ?
സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ പലതും അറിയുന്നില്ല. പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ എല്ലാം തന്നിഷ്ടത്തിന്‌ ചെയ്യുകയാണ്‌. രാജ്യസഭാ സ്ഥാനാർഥിനിർണയത്തിൽ സ്വീകരിച്ച പാറ്റേൺതന്നെയാണ്‌ ഇവിടെയും. അന്ന്‌ രണ്ട്‌ പേര്‌ ഉമ്മൻചാണ്ടിയിൽനിന്ന്‌ എഴുതി വാങ്ങിച്ചിട്ട്‌, ഒന്നും പറയാതെ മൂന്നാമതൊരാൾക്ക്‌ സീറ്റ്‌ കൊടുത്തു. സ്ഥാനാർഥിയുടെ കുടുംബത്തോട് കോൺഗ്രസിന്‌ കടപ്പാടുള്ളതിനാലാണ്‌ പലരും അതംഗീകരിച്ചത്‌. തൃക്കാക്കരയിൽ പി ടി തോമസിന്റെ രാഷ്‌ട്രീയ മൂല്യചിന്തപോലും പരിഗണിച്ചില്ല.

രാഷ്‌ട്രീയമായ 
മത്സരത്തിൽനിന്ന്‌ 
കോൺഗ്രസ്‌ ഒളിച്ചോടിയോ ?
ഇടതുപക്ഷത്തെ രാഷ്‌ട്രീയമായി നേരിടുകയല്ല പ്രതിപക്ഷനേതാവിന്റെ താൽപ്പര്യം. പാർടിയെ കൈപ്പിടിയിൽ ഒതുക്കുകയാണ്‌. ഉൾപാർടി ചർച്ചയില്ല. കെപിസിസിസി പ്രസിഡന്റിനെയടക്കം തെറ്റിദ്ധരിപ്പിക്കുന്നു. ഐ ഗ്രൂപ്പിനെ പല തട്ടുകളിലാക്കി. എ ഗ്രൂപ്പിനെ നിശബ്ദമാക്കി. ഒന്നും അറിയിക്കാത്തതിനാൽ നേതാക്കൾ കടുത്ത അതൃപ്‌തിയിലും നിരാശയിലുമാണ്‌.

ഗ്രൂപ്പിന്‌ അതീതമായ പ്രവർത്തനം എന്ന്‌ അവകാശപ്പെടുന്നുണ്ടല്ലോ ?
ഗ്രുപ്പുകൾക്ക്‌ എന്തൊക്കെ പറഞ്ഞാലും പാർടി കൂറുണ്ടായിരുന്നു. എന്നാൽ, ഈ ആരാധകവൃന്ദം വെറും ആൾക്കുട്ടമാണ്‌. അവർക്ക്‌ മറ്റ്‌ താൽപ്പര്യങ്ങളാണ്‌. പാർടിയോടോ സമൂഹത്തോടോ ഒരു കടപ്പാടുമില്ല. ഈ ശൈലി കോൺഗ്രസിനെ വലിയ അപകടത്തിലാക്കി. ആരുപോയാലും കുഴപ്പമില്ലെന്നുപറഞ്ഞ്‌ ചീത്തവിളിയാണ്‌. എല്ലാവരും പോയാൽ ഇത് സ്വന്തം സ്ഥാപനമാകുല്ലോ എന്നാണ്‌ കരുതുന്നത്‌.

വിവാദങ്ങളെ ആശ്രയിച്ചാണോ യുഡിഎഫ്‌ പ്രചാരണം?  

വോട്ടർമാർക്ക്‌ അങ്ങനയേ തോന്നൂ. ഇടതുപക്ഷ സ്ഥാനാർഥിയെ അവഹേളിച്ചതടക്കം പ്രചാരണ തന്ത്രങ്ങൾ എല്ലാം പാളി. സഭാ കാര്യങ്ങൾപോലും   രാഷ്‌ട്രീയത്തിലേക്ക്‌ വലിച്ചിഴച്ച്‌ വഷളാക്കുന്നു എന്ന ആക്ഷേപമുണ്ട്‌. സഭയുടെ മഹത്തായ സ്ഥാപനത്തെ വിവാദത്തിലേക്ക്‌ വലിച്ചിഴച്ചു. സതീശൻ എൻഎസ്‌എസ്‌ നേതൃത്വത്തേയും മുമ്പ്‌ അവഹേളിച്ചിട്ടുണ്ട്‌. പഴയ നേതാക്കൾ സമുദായങ്ങളോട്‌ സമന്വയത്തിന്റെ രീതിയാണ്‌ സ്വീകരിച്ചത്‌. ഇപ്പോൾ ഏതുകാര്യമെടുത്താലും ആരെയെങ്കിലും മുറിവേൽപ്പിക്കും. സമൂഹത്തിൽ അതിന്റെ പ്രത്യാഘാതം വലുതാണ്‌.

വികസനവിരുദ്ധ രാഷ്‌ട്രീയം കോൺഗ്രസിന്‌ വിനയാകില്ലേ?
തീർച്ചയായും. ജനം അതു വിലയിരുത്തുന്നുണ്ട്‌. ജനങ്ങളുടെ നല്ലഭാവിക്ക്‌ ഒപ്പം നിൽക്കണം. സിൽവർ ലൈനിൽ ഗുണദോഷങ്ങൾ മനസ്സിലാക്കാൻ സാമൂഹ്യാഘാത പഠനം ആവശ്യമാണ്‌. എല്ലാറ്റിനെയും സങ്കുചിത കക്ഷിതാൽപ്പര്യത്തിൽ മാത്രം കാണുന്ന നെഗറ്റീവ്‌ രാഷ്‌ട്രീയം പുതുതലമുറ ഒരുതരത്തിലും അംഗീകരിക്കില്ല. എൽഡിഎഫ്‌ സർക്കാരിന്റെ സമീപനം വികസനത്തിന്‌ അനുകൂലമാണ്‌. മികച്ച പ്രൊഫഷണലായ ഡോ. ജോ ജോസഫ്‌ തൃക്കാക്കരയ്‌ക്ക്‌ പറ്റിയ സ്ഥാനാർഥിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top