28 March Thursday

ഒരു മാസം; വാർഷികപദ്ധതി സമർപ്പിച്ച്‌ 
1141 തദ്ദേശഭരണ സ്ഥാപനം

റഷീദ്‌ ആനപ്പുറംUpdated: Saturday Feb 27, 2021



തിരുവനന്തപുരം
ഒരുമാസംകൊണ്ട്‌ സംസ്ഥാനത്തെ 1141 തദ്ദേശഭരണസ്ഥാപനം വാർഷികപദ്ധതികൾ തയ്യാറാക്കി ജില്ലാ ആസൂത്രണസമിതികൾക്ക്‌ (ഡിപിസി) സമർപ്പിച്ചു. 1200 തദ്ദേശഭരണസ്ഥാപനങ്ങളിൽ 95.08 ശതമാനംവരും ഇത്‌. വെള്ളിയാഴ്‌ച  വൈകിട്ടുവരെ 10,301.51 കോടിരൂപയുടെ 1,17,218 പദ്ധതിയാണ്‌ ഡിപിസികൾക്കു ലഭിച്ചത്‌. സമർപ്പിച്ച പദ്ധതികൾക്ക്‌ ഡിപിസികൾ അതത്‌ സമയം അനുമതിയും നൽകി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ മുഴുവൻ തദ്ദേശഭരണസ്ഥാപനങ്ങളും ഗ്രാമ/വാർഡ്‌ സഭകൾ ചേർന്നാണ്‌ പദ്ധതികൾ അന്തിമമാക്കിയത്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിൽ വരുംമുമ്പ്‌ പദ്ധതികൾക്ക്‌ അംഗീകാരം നേടിയതിനാൽ ഏപ്രിൽ ഒന്നോടെ നിർവഹണം ആരംഭിക്കാം. ശേഷിക്കുന്ന 59 തദ്ദേശഭരണസ്ഥാപനം തെരഞ്ഞെടുപ്പു കമീഷന്റെ പ്രത്യേക അനുമതി വാങ്ങി പദ്ധതികൾ ഡിപിസികൾക്കു സമർപ്പിച്ചേക്കും.


 

പുതിയ ഭരണസമിതികൾ അധികാരമേറ്റയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശമന്ത്രി എ സി മൊയ്‌തീൻ എന്നിവരുടെ നിർദേശപ്രകാരം ചടുലമായി പ്രവർത്തിച്ചാണ്‌ ഈ ചരിത്രനേട്ടം കൈവരിച്ചത്‌. 10,301.51 കോടി രൂപയുടെ പദ്ധതിയിൽ 1,434.34 കോടി രൂപയുടേത്‌ ഉൽപ്പാദനമേഖലയിലാണ്‌. സേവനമേഖലയിൽ 6,484.39 കോടി രൂപയുടെയും പശ്ചാത്തല മേഖലയിൽ 2382.79 കോടി രൂപയുടെയും പദ്ധതികളുമാണ്‌ സമർപ്പിച്ചത്‌.

സംസ്ഥാന സർക്കാർ ബജറ്റ്‌ വിഹിതമായി 7280  കോടിരൂപയാണ്‌ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌  അനുവദിച്ചത്‌.  തനത്‌ഫണ്ട്‌, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം, വായ്‌പകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയാണ്‌ പദ്ധതിത്തുക 10,301.51 ആയി ഉയർന്നത്‌. 

കേന്ദ്ര ധന കമീഷൻ ഗ്രാന്റായ 1800 കോടി രൂപ കേന്ദ്ര മാനദണ്ഡപ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ ലഭിക്കും. അതോടെ  ഏകദേശം 25,000 പുതിയ പദ്ധതികൾകൂടി തയ്യാറാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്കാകും.  എൽഡിഎഫ്‌ സർക്കാർ വന്നതോടെ ഡിസംബറിൽ പദ്ധതി രൂപീകരണം ആരംഭിച്ചിരുന്നു. അതിനാൽ ഏപ്രിൽ ഒന്നിനുതന്നെ പദ്ധതി നിർവഹണം ആരംഭിക്കാനാകും. എന്നാൽ, തദ്ദേശഭരണ തെരഞ്ഞെടുപ്പായിരുന്നതിനാൽ  ഡിസംബറിൽ പദ്ധതി രൂപീകരണത്തിനായില്ല. നിയമസഭാ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം വന്നാൽ പദ്ധതിരൂപീകരണവും നിർവഹണവും തടസ്സപ്പെടുമെന്നതിനാൽ ജനുവരിയിൽ പ്രവർത്തനം ആരംഭിക്കാൻ  മുഖ്യമന്ത്രി പിണറായി വിജയൻ  നിർദേശം നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top