04 October Wednesday

വടക്കുനിന്ന്‌ ഇടതുകാഹളം

കെ പ്രേമനാഥ‌്Updated: Wednesday Apr 17, 2019

കോഴിക്കോട‌്
2004ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ‌് എൽഡിഎഫ്‌ പ്രവർത്തകർ. അന്ന്‌ സകല സർവേ ഫലങ്ങളെയും തകർത്തെറിഞ്ഞ്‌ കേരളം എൽഡിഎഫിന്‌ 18 സീറ്റ്‌ സമ്മാനിച്ചു.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ‌് കാലത്തെന്നപോലെ ഇത്തവണയും ചാനലുകളുടെ കണക്കെല്ലാം പിഴയ‌്ക്കുമെന്ന‌് അവർ ഉറപ്പിക്കുന്നു. അന്ന‌് ഏറിയാൽ 60 സീറ്റായിരുന്നു എൽഡിഎഫിന‌് മാധ്യമങ്ങൾ കനിഞ്ഞത‌്. പക്ഷേ, വോട്ട‌് എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫിന‌് കിട്ടിയത‌് 91.

ഇത്തവണയും മാധ്യമങ്ങൾക്ക‌് കഠിനമായ പ്രഹരം മലബാറിൽനിന്നാകും. കാസർകോട‌ുമുതൽ പൊന്നാനിവരെയുള്ള ഏഴ‌് മണ്ഡലത്തിൽ ഇപ്പോൾ എൽഡിഎഫിനൊപ്പം രണ്ട‌് എണ്ണമേയുള്ളൂ. കാസർകോടും കണ്ണൂരും. ഇത്തവണ കാസർകോട‌്, കണ്ണൂർ, വടകര, കോഴിക്കോട‌് എന്നിവിടങ്ങളിൽ  എൽഡിഎഫിന‌് വൻ മുന്നേറ്റമാണ‌്. പൊന്നാനിയിൽ ഫോട്ടോഫിനിഷിങ‌് പോരാട്ടമാണ‌്. വയനാട‌്, മലപ്പുറം എന്നിവിടങ്ങളിലും യുഡിഎഫ‌് വല്ലാതെ വിയർക്കുന്നു.
കേരളം അതീവ താൽപ്പര്യത്തോടെ ശ്രദ്ധിക്കുന്ന വടകരയിൽ എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജനെ വ്യക്തിഹത്യ നടത്തിയാണ‌് യുഡിഎഫ‌് പ്രചാരണം. എന്നാൽ, പുഞ്ചിരിയോടെ ഇതിനെ നേരിടുന്ന പി ജയരാജന‌് ഓരോ സ്വീകരണകേന്ദ്രത്തിലും ജനപിന്തുണ കൂടുന്നു.

ഗുജറാത്ത‌് കലാപത്തിന്റെ ദൈന്യമുഖമായ കുത്തബ‌്ദീൻ അൻസാരിയും അക്രമത്തിന‌് മുന്നിട്ടിറങ്ങിയ മുൻ സംഘപരിവാർ പ്രവർത്തകൻ അശോക‌്മോച്ചിയും ഒന്നിച്ച‌് ജയരാജന‌ുവേണ്ടി രംഗത്തിറങ്ങിയത‌് യുഡിഎഫിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത‌്. വട്ടിയൂർക്കാവിൽനിന്ന‌് വടകരയിലെത്തിയ കെ മുരളീധരന‌ുവേണ്ടി ബിജെപിയുമായുണ്ടാക്കിയ ‘തിരുവനന്തപുരം ധാരണ’ ഇപ്പോൾ വടകരയിലാകെ പാട്ടാണ‌്. കോൺഗ്രസുമായുള്ള ധാരണപ്രകാരമാകാം ബിജെപി സ്ഥാനാർഥി വി കെ സജീവൻ മണ്ഡലത്തിൽ സജീവമല്ല. ഇത്തരമൊരു കോലീബി സഖ്യത്തെ നേരത്തെ തകർത്തെറിഞ്ഞ പാരമ്പര്യം ഇതേ വടകരയ‌്ക്കുണ്ട‌്. 1991ലെ ആ ചരിത്രവിധിയുടെ പുനർവായന കേൾക്കാൻ കാതോർക്കുകയാണ‌് കടത്തനാടിന്റെ പിന്മുറക്കാർ.

കണ്ണൂരിൽ ഇക്കുറി പി കെ  ശ്രീമതിയുടെ ലീഡ‌് കൂട്ടാനുള്ള ശ്രമത്തിലാണ‌് എൽഡിഎഫ‌് പ്രവർത്തകർ. സിറ്റിങ‌് എംപി എന്ന നിലയിൽ നേടിയ അംഗീകാരം, മുഖ്യമന്ത്രി ഉൾപ്പെടെ നാല‌് മന്ത്രിമാർ ജില്ലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ, കണ്ണൂർ വിമാനത്താവളം തുടങ്ങിയവ എൽഡിഎഫിന്റെ ജനസമ്മതി ഏറെ വർധിച്ചിട്ടുണ്ട‌്. ഇത‌്  ലീഡ‌് കൂട്ടാൻ സഹായിക്കുമെന്ന‌് എൽഡിഎഫ‌് കരുതുന്നു. ഏതാനും മാസംമുമ്പ‌് ബിജെപിയിലേക്ക‌് പോകാനൊരുങ്ങിയ കെ സുധാകരൻ വീണ്ടും കളത്തിലിറങ്ങിയത‌് സി കെ  പത്മനാഭനെ തള്ളി ആ വോട്ട‌്  കൈക്കലാക്കാമെന്ന പ്രതീക്ഷയിലാണ‌്.
ഇതുവരെ 15 തെരഞ്ഞെടുപ്പിൽ 13ലും ഇടത‌ുപക്ഷത്തെ സ്വീകരിച്ച കാസർകോട‌് ഒരിക്കൽക്കൂടി അതിനുള്ള തയ്യാറെടുപ്പിലാണ‌്. കഴിഞ്ഞ മൂന്ന‌ുതവണ എംപിയായ പി കരുണാകരൻ നടപ്പാക്കിയ വികസന പ്രവർത്തനംതന്നെയാണ‌് എൽഡിഎഫ‌് പ്രധാനമായും മുന്നോട്ട‌് വയ‌്ക്കുന്നത‌്. ഒപ്പം 10 വർഷം തൃക്കരിപ്പൂർ എംഎൽഎയായ കെ പി സതീഷ‌്ചന്ദ്രന്റെ ജനകീയതയും. ടിവി ചർച്ചയിൽ ഒച്ചവച്ച‌് എതിരാളികളെ വീഴ‌്ത്താൻ നോക്കുന്നത‌ുപോലെ എളുപ്പമല്ല തെരഞ്ഞെടുപ്പ‌് പോരാട്ടമെന്ന‌് രാജ‌് മോഹൻ ഉണ്ണിത്താന‌് ബോധ്യമായിട്ടുണ്ട‌്. 

കോഴിക്കോട്ട‌് യുഡിഎഫ‌് സ്ഥാനാർഥി എം കെ രാഘവൻ കണ്ണീര‌ുകാട്ടി വോട്ട‌് തേടുകയാണിപ്പോൾ. എംപി ഫണ്ട‌് വീതംവച്ച‌് നൽകിയത‌് പെരുപ്പിച്ച‌ുകാട്ടി പ്രചാരണം തുടങ്ങിയ സിറ്റിങ് എംപിക്ക‌് എൽഡിഎഫിലെ എ പ്രദീപ‌്കുമാറിന്റെ വികസനപ്രവർത്തനങ്ങളുടെ ഏഴയലത്ത‌ുപോലും എത്താനായിട്ടില്ല. അന്താരാഷ‌്ട്ര നിലവാരത്തിലെത്തിയ പ്രദീപ‌്കുമാറിന്റെ വികസന മാതൃകകൾ മണ്ഡലത്തിലെങ്ങും ചർച്ചാവിഷയമാണിപ്പോൾ. എൽഡിഎഫ‌് പ്രവർത്തനം അതിവേഗം മുന്നേറുന്നതിനിടയിലാണ‌് ടിവി 9 ചാനലിന്റെ ഒളിക്യാമറയിൽ എം കെ രാഘവൻ കുടുങ്ങിയത‌്. അഡ്വ.  പ്രകാശ‌് ബാബുവാണ‌് ബിജെപി സ്ഥാനാർഥി.  

വയനാട്ടിൽ എൽഡിഎഫിന്റെ പി പി സുനീർ ഏകപക്ഷീയമായി മുന്നേറുന്നതിനിടയിലാണ‌് അവസാനസമയം രാഹുൽഗാന്ധി സ്ഥാനാർഥിയായി എത്തിയത‌്.  എന്നാൽ, ബിജെപിക്കെതിരെ അഖിലേന്ത്യാതലത്തിൽ പോരാട്ടം നയിക്കേണ്ട രാഹുൽ, ബിജെപിക്കെതിരെ വിട്ടുവീഴ‌്ചയില്ലാതെ പോരാടുന്ന ഇടത‌ുപക്ഷത്തോട‌് ഏറ്റുമുട്ടാൻ എന്തിന‌് കേരളത്തിൽ എത്തിയെന്ന‌  ചോദ്യം മണ്ഡലത്തിലാകെ മുഴങ്ങുകയാണ‌്. ബിജെപിക്ക‌് സ്വാധീനമില്ലാത്ത ഈ മണ്ഡലത്തിൽ ബിഡിജെഎസിന്റെ  തുഷാർ വെള്ളാപ്പള്ളിയാണ‌് എൻഡിഎ സ്ഥാനാർഥി.

പൊന്നാനിയിൽ മുസ്ലിംലീഗിന്റെ സിറ്റിങ‌് എംപി ഇ ടി മുഹമ്മദ‌് ബഷീറിനെ നേരിടുന്നത‌് നിലമ്പൂർ എംഎൽഎയായ എൽഡിഎഫിലെ പി വി അൻവറാണ‌്. കടുത്ത പോരാട്ടം നേരിടുന്ന ഇ ടി മുഹമ്മദ‌് ബഷീർ എസ‌്ഡിപിഐയുടെ വോട്ട‌് വാങ്ങി പിടിച്ച‌ുനിൽക്കാനാകുമോ എന്നാണ്‌ നോക്കുന്നത്‌. ലീഗിന്റെ ശക്തികേന്ദ്രമെന്ന‌് അറിയപ്പെടുന്ന മലപ്പുറത്ത‌് പി കെ കുഞ്ഞാലിക്കുട്ടി കനത്ത വെല്ലുവിളി നേരിടുന്നു. എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനുവിന‌് യുവ വോട്ടർമാർക്കിടയിൽ വൻ സ്വീകാര്യതയാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top