26 April Friday

പ്രതിപക്ഷ വാദം ദുർബലം ; ഭേദഗതി മുഖ്യമന്ത്രിയെ
 രക്ഷിക്കാനെന്ന്‌ സതീശൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


തിരുവനന്തപുരം
മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരായി പരാതിയുള്ളതിനാലാണ്‌ ലോകായുക്ത നിയമത്തിൽ ഭേദഗതിയെന്ന പ്രതിപക്ഷ വാദം ദുർബലം. ഈ പരാതികൾക്ക്‌ എത്രയോ മുമ്പാണ്‌ അഡ്വക്കറ്റ്‌ ജനറൽ ഭേദഗതിക്കായി നിയമോപദേശം നൽകിയത്‌. ഭരണഘടനാ സ്ഥാപനങ്ങൾക്ക്‌ മുകളിൽ അപ്പീൽ അവകാശംപോലുമില്ലാത്ത മറ്റൊരു അധികാരകേന്ദ്രം വരുന്നതിലെ നിയമപരമായ അപാകമാണ്‌ ഭേദഗതിയുടെ അടിസ്ഥാനം. 

കോൺഗ്രസ്‌ ഭരിക്കുന്ന ഒരു സംസ്ഥാനത്തും മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ലോകായുക്തയ്‌ക്കില്ല.  ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇല്ല. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇല്ലാത്ത അമിതാധികാരം ഇവിടെ നിലനിർത്തണം എന്ന ഇരട്ടത്താപ്പിന്‌ പ്രതിപക്ഷത്തിന്‌ ഉത്തരമില്ല. ഇതിനാലാണ്‌ പരാതികളാണ്‌ ഓർഡിനൻസിന്‌ കാരണം എന്ന വാദം.

മുഖ്യമന്ത്രിക്കെതിരെ പരാതിയില്ല
ലോകായുക്തയിൽ മുഖ്യമന്ത്രിക്കെതിരായ പരാതിയുണ്ടെന്നത്‌ വസ്‌തുതാപരമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ നൽകിയ സഹായം സംബന്ധിച്ചാണ്‌ പരാതി. മന്ത്രിസഭയാണ്‌ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്‌. ഉഴവൂർ വിജയന്റെയും കെ കെ രാമചന്ദ്രൻ നായരുടെയും കുടുംബത്തെ സഹായിക്കാനുള്ള തീരുമാനമാണ്‌ വിവാദമാക്കുന്നത്‌. രാഷ്‌ട്രീയ നേതാക്കളുടെ ബന്ധുക്കളായതിനാൽ സഹായം നൽകരുതെന്ന്‌  നിയമമില്ല. മറ്റ്‌ താൽപ്പര്യങ്ങളോ അഴിമതിയോ ഉണ്ടോ എന്നാണ്‌ പരിശോധിക്കേണ്ടത്‌.  

നിർദേശം സമ്മർദമല്ല

സർവകലാശാല പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ചാൻസലറായ ഗവർണർക്ക്‌ കത്തെഴുതിയത്‌ അഴിമതിയാണെന്നാണ്‌ രമേശ്‌ ചെന്നിത്തല ലോകായുക്തയ്‌ക്ക്‌ നൽകിയ പരാതി. ഇതിലും സർക്കാരിന് വീഴ്‌ചയില്ല. ഒരു സ്ഥാപനത്തിലെ രണ്ട്‌ അധികാര കേന്ദ്രം നടത്തിയ ആശയവിനിമയം മാത്രമാണിത്‌. കണ്ണൂർ സർവകലാശാലയുടെ പുരോഗതിക്കായി  നിലവിലുള്ള വിസി തുടരണമെന്ന്‌  സർക്കാരിന്‌ അഭിപ്രായമുണ്ടായിരുന്നു. ഇത്‌ അറിയിച്ചു. ഗവർണർ ഇത്‌ അംഗീകരിച്ചു.

ആവർത്തിക്കുന്ന നുണകൾ
നിയമസഭ പാസാക്കിയ ലോകായുക്ത നിയമത്തിലെ അപാകം പരിഹരിക്കാൻ ഭേദഗതി വരുത്തുമ്പോൾ അന്ന്‌ നിങ്ങൾ അനുകൂലിച്ചില്ലേ എന്ന്‌ ചോദിക്കുന്ന പ്രതിപക്ഷ വാദം അപഹാസ്യം. അഴിമതിയിൽ മുങ്ങിയ യുഡിഎഫ്‌ സർക്കാരിനെ പുറത്താക്കി അധികാരത്തിലെത്തിയ എൽഡിഎഫ്‌ സർക്കാർ 1999ലാണ്‌ ലോകായുക്ത കൊണ്ടുവന്നത്‌. കോൺഗ്രസ്‌ നേതാക്കൾ ഒന്നൊന്നായി അഴിമതിക്കേസിൽ പ്രതിയാകുന്ന കാലമായിരുന്നു അത്‌. അന്നും അമിതാധികാരം സംബന്ധിച്ച്‌ തർക്കം നിലനിന്നിരുന്നു. കൃത്യമായ ഒരു നിയമ മാതൃകയും ലഭ്യമായിരുന്നില്ല. കർണാടകം പാസാക്കിയ ഏക നിയമം മാത്രമാണ്‌ മുന്നിൽ.

എന്നാൽ, കർണാടകംതന്നെ ലോകായുക്തയ്‌ക്ക്‌ മന്ത്രിയെ പുറത്താക്കാനുള്ള അധികാരം പിന്നീട്‌ ഒഴിവാക്കി. ജനാധിപത്യത്തിന്റെ അന്തസ്സത്തയ്‌ക്ക്‌ നിരക്കാത്ത ‘ ക്ലോസ്‌ ’ആണ്‌ ലോകായുക്തയ്‌ക്കുള്ള ഈ അമിതാധികാരമെന്ന്‌ നിയമവിദഗ്ധർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട്‌ പല കോടതിവിധികളും ആ വഴിക്കുണ്ടായി. പുറത്താക്കാനുള്ള അധികാരം ഇല്ലെങ്കിലും രാജ്യത്തെ പല ലോകായുക്തകളും അഴിമതിക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നിട്ടുണ്ട്‌. ഒരു വകുപ്പ്‌ ഭേദഗതി ചെയ്താലും കേരളത്തിലെ ലോകായുക്തയും ശക്തമായ സംവിധാനമായി തുടരുമെന്ന്‌ നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഭേദഗതി മുഖ്യമന്ത്രിയെ
 രക്ഷിക്കാനെന്ന്‌ സതീശൻ
ലോകായുക്ത ഭേദഗതി ഓർഡിനൻസായി കൊണ്ടുവന്നത്‌ മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. സിപിഐ നേതാവ് കാനം രാജേന്ദ്രൻ ഓർഡിനൻസിനു പിന്നിലെ ദുരൂഹത വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആദ്യം കോടിയേരി ബാലകൃഷ്‌ണൻ കാനത്തിനു മറുപടി നൽകട്ടെ.
വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം എടുത്തതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട ആദിവാസി യുവാവിന്റെ കേസ് നടത്താൻ തയ്യാറാകാത്തത് കേരളത്തിന് അപമാനമാണെന്നും സതീശൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top