29 March Friday

ലോകായുക്ത നിയമഭേദഗതി ; പ്രതിപക്ഷത്തിന്റേത്‌ 
ഭരണഘടനാവിരുദ്ധ വാദമുഖം

പ്രത്യേക ലേഖകൻUpdated: Tuesday Jan 25, 2022


തിരുവനന്തപുരം
ലോകായുക്ത നിയമഭേദഗതിയുടെ പേരിൽ പ്രതിപക്ഷവും കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ള ബിജെപി നേതാക്കളും നിരത്തുന്നത്‌ ഭരണഘടനാവിരുദ്ധ വാദമുഖങ്ങൾ. ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാളെ അയോഗ്യനാക്കാൻ കേരളത്തിലൊഴികെ രാജ്യത്ത്‌ ഒരിടത്തും ലോകായുക്ത നിയമം അനുവദിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത്‌ ഭരണഘടനാ വിരുദ്ധവുമാണ്‌. കേരളത്തിലെ  ലോകായുക്ത നിയമത്തിലെ ഈ ന്യൂനത നിർദിഷ്ട ഭേദഗതി ഓർഡിനൻസ്‌ വഴി പരിഹരിക്കുകയാണ്‌. 

അഴിമതിക്കേസുകളിൽ അന്വേഷണം നടത്താനും റിപ്പോർട്ട്‌ സമർപ്പിക്കാനും ആവശ്യമെങ്കിൽ വിചാരണ ശുപാർശ ചെയ്യാനുമുള്ള ലോകായുക്തയുടെ അധികാരം  ചോദ്യം ചെയ്യുന്നില്ല. മറിച്ച്‌ ഭരണഘടനാ വ്യവസ്ഥകൾക്ക്‌ ലോകായുക്ത നിയമം വിധേയമാക്കുകയാണ്‌.
മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരെയുള്ള പരാതിയും ഓർഡിനൻസും തമ്മിൽ ബന്ധമില്ല. മുഖ്യമന്ത്രിക്ക്‌ എതിരായ പരാതിയിൽ കഴമ്പില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിഷയത്തിലാണ്‌ മുഖ്യമന്ത്രിക്കെതിരായ പരാതി. നിയമഭേദഗതി സംബന്ധിച്ച്‌ എജി ശുപാർശ നൽകിയ സമയത്ത്‌ ആർ ബിന്ദു മന്ത്രിയോ നിയമസഭാംഗമോ ആയിരുന്നില്ല.

1999ൽ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ ലോകായുക്ത നിയമം കൊണ്ടുവന്നത്‌. അഴിമതി നിരോധന നിയമം നിലവിലുള്ളപ്പോൾ ലോകായുക്ത എന്തിന്‌ എന്നായിരുന്നു യുഡിഎഫ്‌ അന്ന്‌ ചോദിച്ചത്‌. ഈ നിയമത്തിലെ വകുപ്പ്‌ 14ൽ മന്ത്രി നിയമലംഘനമോ ചട്ടലംഘനമോ നടത്തിയതായി ലോകായുക്ത കണ്ടെത്തിയാൽ പദവിയിൽനിന്നു പുറത്താക്കാൻ നിയമനാധികാരി നിർബന്ധിതനാണ്‌. അതിനു മുകളിൽ അപ്പീൽ സാധ്യമല്ല. ഇത്‌ ഭരണഘടനയുടെ 164 അനുഛേദത്തിന്റെ അന്തഃസത്തയ്‌ക്ക്‌ നിരക്കുന്നതല്ല എന്ന്‌ പിന്നീട്‌ കണ്ടെത്തി.  ഇന്ത്യൻ ഭരണഘടന 103 തവണ ഭേദഗതി വരുത്തിയിട്ടുണ്ട്‌. ഭരണഘടന ഭേദഗതി ചെയ്യാം. എന്നാൽ,  ലോകായുക്ത നിയമത്തിൽ ഭേദഗതി പാടില്ലെന്നു പറയുന്നത്‌ നിരർഥകമാണ്‌.

കോൺഗ്രസിന്റെ അഴിമതിയിൽ  രാജ്യം വിറങ്ങലിച്ചപ്പോഴാണ്‌ ലോക്‌പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവന്നത്‌. കേരള ലോകായുക്ത നിയമം കർണാടക നിയമത്തിന്റെ ചുവടുപിടിച്ചാണ്‌.  കർണടക നിയമത്തിൽ അംഗീകരിക്കാനും തള്ളാനും അധികാരമുണ്ട്‌. 2010ൽ കർണാടക നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം തീരുമാനമെടുക്കുന്നതിനു മുമ്പ്‌ പ്രഖ്യാപനത്തിനു വിധേയനായ പൊതുസേവകനെക്കൂടി കേൾക്കണമെന്ന്‌ നിഷ്‌കർഷിച്ചിട്ടുണ്ട്‌. ലോകായുക്തയുടെ അഭിപ്രായം ഗവർണറുടെ അധികാരത്തിനു മുകളിലാണ്‌ എന്ന ഭരണഘടനയ്‌ക്ക്‌ നിരക്കാത്ത വകുപ്പാണ്‌  ഭേദഗതി ചെയ്യുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top