28 March Thursday

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി വിശാല ബെഞ്ചിലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


തിരുവനന്തപുരം
ഭരണഘടനാ സ്ഥാപനമായ മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിൽ ഇടപെടാനും അന്വേഷിക്കാനും   അധികാരമുണ്ടോയെന്നത്‌ ലോകായുക്തയുടെ പൂർണ ബെഞ്ച്‌ പരിഗണിക്കും. ഇതുസംബന്ധിച്ച്‌ ലോകായുക്തയുടെ രണ്ടംഗബെഞ്ചിൽ അഭിപ്രായവ്യത്യാസം ഉയർന്നതിനെ തുടർന്നാണിത്‌. 

എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ്‌ ഉഴവൂർ വിജയൻ, മുൻ എംഎൽഎ കെ കെ രാമചന്ദ്രൻനായർ, അപകടത്തിൽ മരിച്ച പൊലീസുകാരൻ പി പ്രവീൺ എന്നിവരുടെ കുടുംബത്തെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ പണം അനുവദിച്ചത്‌ സംബന്ധിച്ച  കേസ്‌ പരിഗണിക്കുകയായിരുന്നു കോടതി. കേസ്‌ നിലനിൽക്കുമോ എന്നതിലടക്കം ഭിന്നാഭിപ്രായംവന്ന സാഹചര്യത്തിൽ പൂർണ ബെഞ്ച്‌ വാദംകേട്ടശേഷം വിധിപറയുമെന്ന്‌ ലോകായുക്ത ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌, ഉപലോകായുക്ത ജസ്റ്റിസ്‌ ഹാറൂൺ ഉൽ റഷീദ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്തമാക്കി.

ഹർജി അന്വേഷണപരിധിയിൽ വരുമോ എന്നതിലാണ്‌ ലോകായുക്തയ്‌ക്കും ഉപലോകായുക്തയ്‌ക്കുമിടയിൽ ഭിന്നതയുണ്ടായത്‌. ഈ സാഹചര്യത്തിൽ കേസ്‌   രണ്ടാമത്തെ ഉപലോകായുക്ത ജസ്റ്റിസ്‌ ബാബു മാത്യു പി ജോസഫുകൂടി അടങ്ങിയ മൂന്നംഗ ബെഞ്ചാകും  വാദം കേൾക്കുക. ലോകായുക്ത നിയമത്തിലെ ഏഴ്‌ (ഒന്ന്‌) വകുപ്പനുസരിച്ചാണ്‌ നടപടി.

മുഖ്യമന്ത്രി പിണറായി വിജയനും ചീഫ്‌ സെക്രട്ടറിയും മന്ത്രിസഭായോഗത്തിൽ പങ്കെടുത്ത 16 അംഗങ്ങൾക്കുമെതിരെ കേരള സർവകലാശാലാ ഉദ്യോഗസ്ഥനായിരുന്ന കോൺഗ്രസുകാരനായ ആർ എസ്‌ ശശികുമാർ എന്നയാളാണ്‌ ലോകായുക്തയെ സമീപിച്ചത്‌. ഹർജിയിൽ ഉന്നയിച്ച മൂന്ന്‌ വിഷയത്തിലും മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണുണ്ടായത്‌. ഭരണഘടനാ സ്ഥാപനമായ മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനത്തിൽ ഇടപെടാനും അയോഗ്യത കൽപ്പിക്കനും നിയമാനുസൃത സ്ഥാപനമായ ലോകായുക്തയ്‌ക്ക്‌ സാധിക്കില്ലെന്ന്‌ നിയമവിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top