28 March Thursday

സമഗ്ര കുടിയേറ്റനിയമ നിർമാണത്തിന്‌ കേന്ദ്ര സർക്കാർ തയ്യാറാകണം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


തിരുവനന്തപുരം
സമഗ്ര കുടിയേറ്റനിയമ നിർമാണത്തിന്‌ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാറിയ ലോക കുടിയേറ്റ ഭൂപടത്തിന്‌ അനുസൃതമായ എമിഗ്രേഷൻ നിയമവും കുടിയേറ്റ നിയമവും കാലഘട്ടം ആവശ്യപ്പെടുന്നു. ലോക കേരള സഭ മൂന്നാം സമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിലാണ്‌‌ ആവശ്യങ്ങൾ മുന്നോട്ടുവച്ചത്‌.  മുഖ്യമന്ത്രിയുടെ പ്രസംഗം വ്യവസായമന്ത്രി പി രാജീവ്‌ അവതരിപ്പിച്ചു. ഡോക്ടർമാർ പൂർണ ശാരീരിക, ശബ്ദ വിശ്രമം ആവശ്യപ്പെട്ടതിനാൽ മുഖ്യമന്ത്രിക്ക്‌ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാനായില്ല. 

കേന്ദ്ര സർക്കാർ പുതിയ കുടിയേറ്റ നിയമത്തിന്റെ കരട് ബിൽ‌ 2019ൽ പുറത്തിറക്കിയിട്ടും ഇതുവരെ പാർലമെന്റിൽ അവതരിപ്പിക്കാനായിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി വിവരശേഖരം സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കാൻപോലും തയ്യാറാകുന്നുമില്ല. മതിയായ വിവരശേഖരം ലഭ്യമല്ലാത്തത്‌‌ സംസ്ഥാന പദ്ധതികളെ വലിയ തോതിൽ പ്രയാസപ്പെടുത്തുന്നു. പ്രവാസി വിവരങ്ങൾ സംസ്ഥാനങ്ങളുമായി പങ്ക്‌ വയ്‌ക്കുന്നതിന്‌ കരട്‌ ബില്ലിലും ‌വ്യവസ്ഥയില്ല. കുടിയേറ്റ കാര്യങ്ങൾ തൊഴിൽ മന്ത്രാലയത്തിൽനിന്ന്‌ അടർത്തിമാറ്റി വിദേശ മന്ത്രാലയത്തിനുകീഴിലേക്ക്‌ കൊണ്ടുവരുന്നു‌. കേന്ദ്ര ഭരണനിർവഹണത്തിലെ അപാകതകളും പ്രവാസികാര്യ വകുപ്പിന്റെ അഭാവവും പ്രവാസി ക്ഷേമപ്രവർത്തനങ്ങളെ ബാധിക്കുന്നു.

കോവിഡുമൂലം തൊഴിൽ നഷ്ടപ്പെട്ട്‌ സ്വദേശങ്ങളിലേക്ക്‌ മടങ്ങിയ പ്രവാസികളെ സഹായിക്കാൻ കേന്ദ്ര സർക്കാരിന്‌ സമഗ്ര നയമുണ്ടായില്ല. പ്രഖ്യാപിച്ച ഏക പദ്ധതി സ്വദേശി സ്‌കിൽ കാർഡായിരുന്നു. തിരികെയെത്തിയവരുടെ നൈപുണ്യ വിവരങ്ങൾ ശേഖരിച്ച്‌ തൊഴിൽദാതാക്കൾക്ക്‌ കൈമാറുകയായിരുന്നു ലക്ഷ്യം. രണ്ടുവർഷം പിന്നിട്ടിട്ടും കാര്യമായ ചലനമുണ്ടാക്കാൻ പദ്ധതിക്കായില്ല. കേരളം മുന്നോട്ടുവച്ച 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ആവശ്യവും നിരാകരിച്ചു.

കോവിഡ്‌കാലത്തിനുശേഷമുള്ള ലോകക്രമത്തിലെ പ്രധാന ആവശ്യം ആരോഗ്യരംഗത്തെ വിദഗ്‌ധരെയാണ്‌. ഈ രംഗത്ത്‌ ആയിരക്കണക്കിന്‌ മലയാളികൾക്ക്‌ അവസരമൊരുക്കാനാകുമെന്നാണ്‌ വിലയിരുത്തൽ. കേരള മൈഗ്രേഷൻ സർവേ മാത്രമാണ്‌ ഇതര സംസ്ഥാനങ്ങളിലെ പ്രവാസികളുടെ കണക്കിന്‌ ആശ്രയിക്കാനാകുന്നത്‌.  വിവരശേഖരണത്തിനായി മികച്ച സ്ഥിരം സംവിധാനം‌ പ്രവാസി ഭരണനിർവഹണത്തിന്‌ അനിവാര്യമാണ്‌.  

പ്രവാസികളുടെ പ്രശ്‌നങ്ങളിൽ എംബസികളുടെയും കോൺസുലേറ്റുകളുടെയും പ്രവർത്തനം ഫലപ്രഥമാകുന്നില്ല. തൊഴിൽനിയമ ലംഘനം, ഉയർന്ന തൊഴിൽ സമയവും കുറഞ്ഞ വേതനവും, മറ്റുവിധത്തിലുള്ള വേതന ചൂഷണം, അർഹിക്കുന്ന ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയും നൽകാതെയുള്ള പിരിച്ചുവിടൽ തുടങ്ങിയ കോവിഡുകാലത്ത്‌ വലിയതോതിൽ ഉയർന്നുവന്ന പ്രശ്‌നങ്ങളിൽ കോൺസുൽ സംവിധാനങ്ങൾക്ക്‌ കാര്യമായ ഇടപെടലിന്‌ കഴിഞ്ഞിട്ടില്ല.

എംബസികളോട്‌ ചേർന്നുനിന്ന പ്രവാസി സംഘടനകൾ ഇക്കാലത്ത്‌ കുറെയേറെ ഇടപെടലുകളും സഹായങ്ങളും എത്തിച്ചു. ഈ സംഘടനകൾക്ക്‌ എംബസി അംഗീകാരമില്ല. അതിനാൽതന്നെ കോൺസുൽ സേവനങ്ങളിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top