26 April Friday

കരുത്താകാൻ കൈകോർക്കാം - ലോക കേരള സഭ മൂന്നാം പതിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


തിരുവനന്തപുരം
വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കരുത്ത്‌ പകരാൻ പ്രവാസിയുടെ പങ്കാളിത്തം ആവശ്യപ്പെട്ട്‌ ലോക കേരള സഭയുടെ സമീപന രേഖ. കേരള നോളജ്‌ ഇക്കോണമി മിഷൻവഴി  20 ലക്ഷം അഭ്യസ്‌തവിദ്യർക്ക്‌ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി പ്രവാസികൾക്കും പ്രയോജനപ്പെടുത്താം. ഒപ്പം തൊഴിൽ ദാതാക്കളുമാകാം. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി വ്യവസായമന്ത്രി പി രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്. സാങ്കേതിക വിദ്യ, വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ മേഖലയിൽ രൂപീകരിക്കപ്പെട്ട ഉന്നതാധികാര സമിതിയും ഡിജിറ്റൽ ഉപദേശക ബോർഡും ആഗോളതലത്തിൽ ഈ മേഖലയിലെ പ്രമുഖ മലയാളികളുമായി ആശയവിനിമയം നടത്തണം. ഈ സമീപനം മറ്റു മേഖലയിൽ വ്യാപിപ്പിക്കാൻ പ്രവാസികൾ സഹകരിക്കണം. ജലശുദ്ധീകരണം, ശുചീകരണം എന്നിവയിൽ വികസിത രാജ്യത്തുള്ളവരുടെ അറിവും അനുഭവജ്ഞാനവും ആവശ്യമുണ്ട്‌. കൃഷി, ആരോഗ്യ മേഖലയിൽ മുതൽമുടക്കും ലാഭവിഹിതം ഉറപ്പാക്കലും നയരേഖ ചർച്ച ചെയ്യുന്നു. പ്രവാസി സമൂഹത്തിലെ ഒന്നോ രണ്ടോ ശതമാനം പേർ വർഷംതോറും നാട്‌ സന്ദർശിക്കുന്നത്‌ വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ ഉണർവാകും. പൊതു–-സ്വകാര്യ പങ്കാളിത്തം, സഹകരണം, സ്വകാര്യ മേഖല, ഉന്നത വിദ്യാഭ്യാസം എന്നിവയിൽ ആഗോള സ്ഥാപനം കെട്ടിപ്പടുക്കുന്നതിൽ മൂലധന നിക്ഷേപം ആവശ്യമാണ്‌. വിദേശത്തുള്ള മലയാളി പണ്ഡിതരെയും വിദഗ്ധരെയും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മെൻഡർമാരും ഓണററി അധ്യാപകരുമായി പ്രയോജനപ്പെടുത്താൻ ലോക കേരള സഭയ്‌ക്ക്‌ കഴിയും.

വിദേശ സർവകലാശാലകളുമായി സഹകരിച്ച്‌ സാമൂഹ്യശാസ്‌ത്രത്തിലും ശാസ്‌ത്ര സാങ്കേതിക രംഗത്തും ഫെലോഷിപ്പ്‌ സ്‌റ്റുഡന്റ്‌ എക്‌സ്‌ചേഞ്ച്‌ പരിപാടി ഏർപ്പെടുത്താനുമാകുമെന്നും നയരേഖ പറഞ്ഞു.

അഞ്ചിലൊന്ന്‌ 
വനിതകൾ
ലോക കേരളസഭയിൽ പ്രവാസി പ്രതിനിധികളിൽ 20 ശതമാനം വനിതകൾ. യുവാക്കൾക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കി. സഭാംഗങ്ങളായ പ്രവാസികളിൽ 104 പേർ ഇന്ത്യക്കു പുറത്തുനിന്നാണ്‌. 36 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും. 12 പേർ തിരികെയെത്തിയ പ്രവാസികളെ പ്രതിനിധാനം ചെയ്യുന്നു. 30 പ്രവാസി വിശിഷ്ട വ്യക്തിത്വങ്ങളുമുണ്ട്‌.

സമിതി റിപ്പോർട്ടോടെ ഇന്ന് സമാപനം
ലോക കേരളസഭാ സമ്മേളനം ശനിയാഴ്‌ച സമാപിക്കും. രാവിലെ 9.30ന്‌ മേഖലാ യോഗങ്ങളുടെയും വിഷയാടിസ്ഥാന സമിതികളുടെയും റിപ്പോർട്ട്‌ അവതരിപ്പിക്കും. പ്രമേയങ്ങളും പരിഗണിക്കും. ചർച്ചയ്‌ക്ക്‌‌ പകൽ 3.30ന്‌ മുഖ്യമന്ത്രി മറുപടി പറയും. സ്‌പീക്കറുടെ സമാപന പ്രസംഗത്തോടെയാണ്‌ മൂന്നാം സമ്മേളനം പിരിയുക.   നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെള്ളിയാഴ്‌ച  സമീപനരേഖ അവതരിപ്പിച്ചാണ്‌ മൂന്നാം സമ്മേളനം ചർച്ചകളിലേക്ക്‌ കടന്നത്‌. ശാരീരിക അസ്വസ്ഥതകളാൽ ഡോക്ടർമാർ പൂർണ വിശ്രമം നിർദേശിച്ചതിനാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തില്ല. ചീഫ് സെക്രട്ടറി വി പി ജോയ്‌ സഭാസമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സഭാ അധ്യക്ഷനായ സ്‌പീക്കർ എം ബി രാജേഷ്‌ നടപടി നിയന്ത്രിച്ചു. ഡോ. എം എ യൂസഫലി, ഡോ. രവിപിള്ള, ഡോ. എം അനിരുദ്ധൻ, ഡോ. ആസാദ്‌ മൂപ്പൻ, ഗോകുലം ഗോപാലൻ, ഡോ. നന്ദിതാ മാത്യു, ജോൺ ബ്രിട്ടാസ്‌ എംപി, കെ ടി ജലീൽ എംഎൽഎ, പി ശ്രീരാമകൃഷ്‌ണൻ എന്നിവരായിരുന്നു പ്രസീഡിയം അംഗങ്ങൾ.ഡോ. എം എ യൂസഫലി, ഡോ. രവിപിള്ള, ഡോ. എം അനിരുദ്ധൻ, പി മുഹമ്മദാലി, എളമരം കരീം എംപി, വിദ്യാ വിനോദ്‌, അജിത്‌ ബാലകൃഷ്‌ണൻ, ജോസ്‌ കെ മാണി എംപി, പി സന്തോഷ്‌ കുമാർ, എ വി അനൂപ്‌, എൻ എസ്‌ മാധവൻ, കെ പി മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു. ഏഴു മേഖലാ യോഗവും എട്ടു വിഷയാടിസ്ഥാന സമ്മേളനവും ചേർന്നു. വൈകിട്ട്‌ പുനരാരംഭിച്ച സഭാ സമ്മേളനം ശനിയും തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top