28 March Thursday

ടൈംസ് സ്‌ക്വയര്‍ വേദി ഒരുങ്ങി; ലോക കേരള സഭാ മേഖലാ സമ്മേളനം നാളെ മുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023


ന്യൂയോർക്ക്
ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ന്യൂയോർക്ക്  ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെള്ളിയാഴ്‌ച തുടങ്ങും. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.  ഞായറാഴ്‌ച സമാപിക്കും.  മേഖലാ സമ്മേളനത്തിനുശേഷം അമേരിക്കൻ മലയാളി പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രി ന്യൂയോർക്ക് ടൈംസ്‌ സ്ക്വയറിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. രണ്ടാം ദിവസമാണ് പ്രധാന സെഷനുകൾ.

നോർക്ക റസിഡന്റ്‌ വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ "അമേരിക്കൻ മേഖലയിൽ ലോക കേരളസഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലീകരണ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയം അവതരിപ്പിക്കും. ‘നവ കേരളം എങ്ങോട്ട്,- അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും’ എന്ന വിഷയം ജോൺ ബ്രിട്ടാസ്‌ എംപിയും ‘മലയാള ഭാഷ- സംസ്കാരം-, പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും’ എന്ന വിഷയം ചീഫ്‌ സെക്രട്ടറി വി പി ജോയിയും "മലയാളികളുടെ അമേരിക്കൻ കുടിയേറ്റം, -ഭാവിയും വെല്ലുവിളികളും’ എന്ന വിഷയം ഡോ. കെ വാസുകിയും അവതരിപ്പിക്കും. ചർച്ചകൾക്ക്  മുഖ്യമന്ത്രി മറുപടി പറയും.

അമേരിക്കൻ മലയാളിയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാകും. മൂന്നാം ദിവസം മുഖ്യമന്ത്രി അമേരിക്കയിലെ ബിസിനസ് സമൂഹവുമായും മലയാളി സമൂഹത്തിൽനിന്നുള്ള വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, വനിതകൾ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.

വെള്ളിയാഴ്‌ച പുലർച്ചെ ഇന്ത്യൻ സമയം 12.30ഓടെ മുഖ്യമന്ത്രിയും സംഘവും ന്യുയോർക്കിൽ എത്തി. ധനമന്ത്രി കെ എൻ ബാലഗോപാൽ,   സ്പീക്കർ എ എൻ ഷംസീർ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവരും ചീഫ് സെക്രട്ടറി വി പി ജോയി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ലോക കേരളസഭ ഡയറക്ടർ കെ വാസുകി എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ട്‌. വാഷിങ്ടൺ ഡിസിയും ക്യൂബയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top