25 April Thursday

സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതെത്തിയത് അഭിമാനകരം: ഗവര്‍ണര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022


തിരുവനന്തപുരം
ജീവിതത്താലും സംഭാവനകളാലും പ്രവാസി മലയാളികൾ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃകയാണെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു. എവിടെയെത്തിച്ചേർന്നാലും, ലോകം ഒരു കുടുംബമാണെന്ന വിശ്വാസത്തിൽ ഉറച്ചുനിന്നുതന്നെ  ഇന്ത്യക്കാരനെന്ന അന്തഃസത്ത അവർ ഉയർത്തിപ്പിടിക്കും. ആ ഒരുമയാണ്‌ ഇന്ത്യൻ സംസ്‌കാരത്തിന്റെ അടിസ്ഥാന നന്മയെന്നും ഗവർണർ പറഞ്ഞു. ലോക കേരള സഭ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ പ്രവാസികളുടെ സംഭാവന അവിസ്‌മരണീയമാണ്‌. ഇത്‌ കലോചിതമായി തുടരാനാകണം. ഇതിൽ പ്രധാനപ്പെട്ടതാണ്‌ തൊഴിൽ അന്വേഷകരായ യുവതയും അനുഭവസമ്പന്നരായ പ്രവാസികളും തമ്മിലുള്ള ആശയവിനിമയം. ഇതിന്‌ ഓൺലൈൻ സൗകര്യമടക്കം ഒരുക്കുന്നത്‌ ലോക കേരള സഭ ചർച്ച ചെയ്യണം. ഉക്രയ്ൻ പ്രതിസന്ധിയെത്തുടർന്ന്‌ മടങ്ങിയെത്തിയ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കലും പ്രധാനമാണ്‌. ഐടി, വിനോദ സഞ്ചാരം, ഇലക്‌ട്രോണിക്‌സ്‌ മേഖലയിൽ  തൊഴിൽ അവസരങ്ങൾ ഉയർത്താനുതകുന്ന നിലയിൽ കൂടുതൽ പ്രവാസി നിക്ഷേപം ഉറപ്പാക്കണം.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മുൻനിര സംസ്ഥാനമായി കേരളം മാറി. സ്‌റ്റാർട്ടപ് ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്നതിലും  കേരളം രാജ്യാന്തര നിലയിലേക്ക്‌ വളരുകയാണ്‌. രാജ്യത്തെ സ്‌റ്റാട്ടപ് കുതിപ്പിൽ പ്രധാന പങ്കുവഹിക്കാൻ കഴിയുന്നു. ഇതിൽ സംസ്ഥാന സർക്കാർ വലിയ സംഭാവനയാണ്‌ നൽകുന്നത്‌. ഇ സേവന ലക്ഷ്യത്തിലും നിക്ഷേപ സൗഹൃദ സാഹചര്യമൊരുക്കലിലും സംസ്ഥാന സർക്കാർ നൽകുന്ന പ്രത്യേക ശ്രദ്ധയും അഭിനന്ദനാർഹമാണെന്ന്‌ ഗവർണർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top