16 April Tuesday

തില്ലങ്കേരി ജില്ലാ പഞ്ചായത്ത്‌ ഡിവിഷനും പിടിച്ച്‌ എൽഡിഎഫ്‌; കളമശ്ശേരിയിൽ ലീഗിനെ ഞെട്ടിച്ച ജയം

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

റഫീഖ്‌ മരയ്‌ക്കാർ, രോഹിത്‌ എം പിള്ള, അഡ്വ. ബിനോയ്‌ കുര്യൻ

തിരുവനന്തപുരം > തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തില്ലങ്കേരിയിലും കളമശ്ശേരിയിലും യുഡിഎഫിനെ അട്ടിമറിച്ച്‌ വൻവിജയവുമായി എൽഡിഎഫ്‌. തെരഞ്ഞെടുപ്പ്‌ നടന്ന ഏക ജില്ലാ പഞ്ചായത്ത്‌ ഡിവിഷനായ കണ്ണൂർ തില്ലങ്കേരി ഡിവിഷൻ പിടിച്ചെടുത്തത്‌ യുഡിഎഫ്‌ നേതൃത്വത്തെ ഞെട്ടിച്ചു. സ്ഥാനാർഥികളുടെ മരണങ്ങളെത്തുടർന്നാണ്‌ ഏഴിടങ്ങളിൽ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചിരുന്നത്‌.

കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ തില്ലങ്കേരി ഡിവിഷനിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ അഡ്വ. ബിനോയ്‌ കുര്യനാണ്‌ വിജയിച്ചത്‌.  6980 വോട്ടിനാണ്‌ യുഡിഎഫ്‌ എതിരാളി കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിലെ ലിൻഡ‌ ജെയിംസ്‌ മുള്ളൻകുഴിയിലിനെ പരാജയപ്പെടുത്തിയത്‌. ബിനോയ്‌ കുര്യൻ 18,687 വോട്ടും ലിൻഡ 11,707 വോട്ടും നേടി. ബിജെപി സ്ഥാനാർഥി കെ ജയപ്രകാശിന്‌ 1333 വോട്ടു ലഭിച്ചു.

കഴിഞ്ഞ തവണ യുഡിഎഫ്‌ 285 വോട്ടിനു വിജയിച്ച മണ്ഡലമാണ്‌ എൽഡിഎഫ്‌ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ തിരിച്ചു പിടിച്ചത്‌. ഇതോടെ 24 അംഗ ജില്ലാ പഞ്ചായത്തിൽ 17 സീറ്റും എൽഡിഎഫിനായി. ഡിസംബർ 14ന്‌ നടക്കേണ്ട തെരഞ്ഞെടുപ്പ് യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന ജോർജ്‌കുട്ടി ഇരുമ്പുകുഴിയുടെ  വിയോഗത്തെ തുടർന്ന്‌ മാറ്റിവയ്‌ക്കുകയായിരുന്നു.

യുഡിഎഫ്‌ സ്വാധീനമേഖലയായ അയ്യങ്കുന്ന്‌ ഉൾപ്പെടെ ഡിവിഷൻ പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും ബിനോയ്‌ കുര്യൻ ഭൂരിപക്ഷം കരസ്ഥമാക്കി.

വോട്ടുനില
അഡ്വ. ബിനോയ്‌ കുര്യൻ(എൽഡിഎഫ്‌): 18,687, ലിൻഡ ജെയിംസ്‌ മുളളൻകുഴിയിൽ(യുഡിഎഫ്‌): 11,707, കെ ജയപ്രകാശ്‌(ബിജെപി): 1333, ലിൻഡ ബാബു: 419, ലിൻഡ എം: 259, മൈക്കിൾ: 9, നാരായണ കുമാർ: 76, അസാധു:3 , ഭൂരിപക്ഷം: 6980.

കളമശേരി നഗരസഭയിലെ 37-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗ്‌ കോട്ടയിൽ എല്‍ഡിഎഫ് അട്ടിമറി വിജയമാണ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി റഫീഖ് മരയ്ക്കാര്‍ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫിലെ ലീഗ് സ്ഥാനാര്‍ഥി സമീലിനെയാണ് റഫീഖ് തോല്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാര്‍ത്ഥി 207 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 13 വോട്ടാണ് നേടാനായത്. ഇതോടെ നഗരസഭയില്‍ കക്ഷിനില 20-20 എന്നായി.

സ്വതന്ത്ര സ്ഥാനാര്‍ഥി തെള്ളിയില്‍ ജെ മാത്യുവിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. 42 വാര്‍ഡുകളുള്ള നഗരസഭയില്‍ യുഡിഎഫിന് 19, എല്‍ഡിഎഫിന് 18, യുഡിഎഫ് വിമതര്‍ രണ്ട്, സ്വതന്ത്ര ഒന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയര്‍പേഴ്‌സ‌ണ്‍ തെരെഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് വിമതനും സ്വതന്ത്ര അംഗവും എല്‍ഡിഎഫിനെയും, ഒരു യുഡിഎഫ് വിമതന്‍ യുഡിഎഫിനെയും പിന്തുണച്ചതോടെ മുന്നണികളുടെ കക്ഷിനില 20-20 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിക്കുകയായിരുന്നു.

ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽഡിഎഫ്‌ സ്ഥാനാർത്ഥി രോഹിത് എം പിള്ളയാണ് കോൺഗ്രസിലെ കെ വർഗ്ഗീസിനെ 464 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ്‌ വാർഡാണിത്‌. എൻഡിഎ സ്ഥാനാർത്ഥി മഹേശൻ 182 വോട്ടുകൾ നേടി. പഞ്ചായത്തിൽ എൽഡിഎഫിന് 13 ഉം ബിജെപിക്ക്  6 ഉം  യുഡിഎഫിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.

കൊല്ലം പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി നൗഫല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചോല വാര്‍ഡിലും യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ അനില്‍കുമാറിന്റെ വിജയം 70 വോട്ടുകള്‍ക്കാണ്.

കോഴിക്കോട്‌ മാവൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ സി വാസന്തി 27 വോട്ടിന് ജയിച്ചു. ജയത്തോടെ മാവൂരില്‍ യുഡിഎഫിന് ഭൂരിപക്ഷമായി.

തൃശൂര്‍ കോര്‍പറേഷന്‍ പുല്ലഴി ഡിവിഷനില്‍ യുഡിഎഫിന് വിജയിച്ചു. കോണ്‍ഗ്രസിലെ കെ രാമനാഥന്‍ 998 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എൽഡിഎഫ്‌ സ്വതന്ത്രന്‍ അഡ്വ. മഠത്തില്‍ രാമന്‍കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. കോര്‍പറേഷനില്‍ ഇതോടെ ഇരു മുന്നണികള്‍ക്കും 24 സീറ്റ് വീതമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top