19 April Friday

ആലക്കോട് പഞ്ചായത്തിലെ പ്രശ്‌നത്തില്‍ പ്രാഥമിക അന്വേഷണം നടന്നുവരുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

തിരുവനന്തപുരം> ആലക്കോട് പഞ്ചായത്തിലെ പ്രശ്‌നത്തില്‍ പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പരിശീലനത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍, രണ്ടാം പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് കൃത്യമായ ചുമതലകള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. ഈ ജോലി വിഭജനം എല്ലാവരും കൃത്യമായി പാലിച്ചാല്‍ മാത്രമേ വോട്ടെടുപ്പ് സുഗമമായി നടത്താന്‍ സാധിക്കൂ.

വോട്ട് ചെയ്യാന്‍ എത്തുന്നവരെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ഐഡന്റിഫൈ ചെയ്യുന്ന ചുമതല ഒന്നാം പോളിംഗ് ഓഫീസര്‍ക്കാണ്. ഇത് പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയില്‍പ്പെടുന്നില്ല. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്നതുള്‍പ്പെടെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കുണ്ട്. ഇവിടെ പ്രിസൈഡിംഗ് ഓഫീസര്‍ ക്യൂവില്‍ നിന്ന ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. അവിടെ വോട്ട് ചെയ്യാനെത്തിയ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കളക്ടറെ ഈ പരാതി അറിയിച്ചു. ഇതിനെതുടര്‍ന്ന് ജില്ലാ കളക്ടര്‍ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെടുകയും പരിശീലനത്തില്‍ നല്‍കിയ ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിനുശേഷം തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പ്രിസൈഡിംഗ് ഓഫീസര്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുകയും ഇക്കാര്യം മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആവുകയും ചെയ്തു. പ്രിസൈഡിംഗ് ഓഫീസര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കിയിട്ടുണ്ട്. ഇതില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കളക്ടര്‍ പ്രിസൈഡിംഗ് ഓഫീസറുടെ ഭാഗം കേള്‍ക്കാനായി അദ്ദേഹത്തിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് തേടുകയും പരിഗണിച്ചുവരികയുമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല.

എം.എല്‍.എ. ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഒരു പരാതിയും പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ആലക്കോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ചെര്‍ക്കപ്പാറ ജി.എല്‍.പി. സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ ശ്രീകുമാറിനെ ഉദുമ എം.എല്‍.എ.  കെ. കുഞ്ഞിരാമന്‍ ഭീഷണപ്പെടുത്തിയതായി വന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരു പ്രാഥമിക അന്വേഷണം നടത്തുന്നതിന് കാസര്‍ഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. പത്രവാര്‍ത്തയെ അടിസ്ഥാനമാക്കിയാണതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top