04 July Friday

തെരഞ്ഞെടുപ്പ് ഫലം വികസനം തടസപ്പെടുത്താനുള്ള യുഡിഎഫ്- ബിജെപി നീക്കത്തിനെതിരായുള്ള ജനവിധി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

തിരുവനന്തപുരം> കേരളത്തില്‍ മഴവില്‍ സഖ്യമുണ്ടാക്കി സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള യു ഡി എഫ് - ബി ജെ പി നീക്കത്തിനെതിരായുള്ള ജനവിധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വമ്പിച്ച വിജയം നല്‍കിയ വോട്ടര്‍മാരെ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്‌തു.

യു ഡി എഫിന്റെ കുത്തക മണ്ഡലമായി വിശേഷിപ്പിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇത്തരമൊരു മുന്നേറ്റം ആവര്‍ത്തിക്കുമെന്നും സെക്രട്ടറിയേറ്റ്  പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയമാണ് എല്‍ ഡി എഫിന് സംസ്ഥാനത്തുണ്ടായത്. യു ഡി എഫ് - ബി ജെ പി കൂട്ടുകെട്ടിനെതിരെയാണ് ഇത്തരമൊരു വിജയം നേടാന്‍ അന്ന് കഴിഞ്ഞത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളില്‍ 20 എണ്ണമായിരുന്നു കഴിഞ്ഞ തവണ വിജയിച്ചതെങ്കില്‍ ഇത്തവണ അത് 24 ആയി വര്‍ദ്ധിക്കുകയാണ് ചെയ്‌തത്. ഏഴ് വാര്‍ഡുകള്‍ യു ഡി എഫില്‍ നിന്നും, 2 വാര്‍ഡ് ബി ജെ പിയില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുക്കുകയാണ് ഉണ്ടായത്. ഇത് കാണിക്കുന്നത് എല്‍ ഡി എഫിന്റെ ജനകീയ അടിത്തറ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു എന്നാണ്.

ഉപതെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ വിജയിച്ച സീറ്റുകള്‍ തന്നെ യു ഡി എഫിനും, ബി ജെ പിക്കും നേടാനായത് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ തുറന്ന സഖ്യം ഇവര്‍ തമ്മില്‍ ഉണ്ടാക്കിയതുകൊണ്ടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ ഇളമലത്തോപ്പില്‍ ബി ജെ പി വിജയിച്ച സാഹചര്യം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

കഴിഞ്ഞ തവണ യു ഡി എഫിന് 144 വോട്ടുണ്ടായിടത്ത് ഇപ്പോള്‍ കിട്ടിയത് 70 വോട്ടാണ്. എല്‍ ഡി എഫിനാവട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ 44 വോട്ട് കൂടുതല്‍ ലഭിച്ചു. യു ഡി എഫ് വോട്ടിന്റെ ബലത്തിലാണ് ബി ജെ പിക്ക് ഈ സീറ്റ് നേടാനായത് എന്ന് ഇത് വ്യക്തമാക്കുന്നു. സമാനമായ സ്ഥിതിവിശേഷമാണ് മറ്റ് ഇടങ്ങളിലും ഉണ്ടായിട്ടുള്ളതെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top