19 April Friday

കെട്ടിടാവശിഷ്‌ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022


തിരുവനന്തപുരം
പൊളിക്കുന്ന കെട്ടിട  മാലിന്യങ്ങൾ ശേഖരിക്കാൻ  തദ്ദേശ സ്ഥാപനങ്ങളിൽ പൊതുസംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കും.ഓരോ  അഞ്ചു  കിലോമീറ്റർ പരിധിയിലും ഒരു കേന്ദ്രമാണ്‌ തദ്ദേശ സ്ഥാപനങ്ങൾ സജ്ജീകരിക്കുക.  ഇവ ശേഖരിക്കാനുള്ള വാഹനങ്ങളും ഒരുക്കും. മാർഗരേഖ തദ്ദേശവകുപ്പ്‌ പുറത്തിറക്കി.

രണ്ട് ടണ്ണിൽ താഴെയുള്ള കെട്ടിടാവശിഷ്ടങ്ങൾ സൗജന്യമായി ശേഖരിക്കും.   രണ്ടിനും 20 ടണ്ണിനും ഇടയിലുള്ള മാലിന്യം ശേഖരിക്കാൻ കെട്ടിട ഉടമ  ഫീസ്  നൽകണം. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ സംഭരണ കേന്ദ്രങ്ങളിൽ   എത്തിക്കണം. 20 ടണ്ണിലധികം കെട്ടിടാവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ കെട്ടിട ഉടമ സ്വന്തം ചെലവിൽ കലക്ഷൻ കേന്ദ്രങ്ങളിൽ മാലിന്യം എത്തിച്ച്‌ സംസ്കരണത്തിനുള്ള ഫീസ് അടയ്ക്കണം. കെട്ടിടാവശിഷ്ടങ്ങൾ മറ്റ് മാലിന്യവുമായി കൂട്ടിക്കലർത്തിയാൽ 10000 രൂപയും പൊതുസ്ഥലത്ത് നിക്ഷേപിച്ചാൽ 20000 രൂപയും പിഴ. ജലാശയങ്ങളിൽ  തള്ളിയാൽ മൂന്ന് വർഷംവരെ തടവോ രണ്ട് ലക്ഷം രൂപ വരെ പിഴയോ അടയ്‌ക്കണം.

കെട്ടിടം പൊളിച്ച് ഏഴ് ദിവസത്തിനകം മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ ഓരോ ടണ്ണിനും അയ്യായിരം രൂപ പിഴ. കെട്ടിടാവശിഷ്ടങ്ങൾ ലൈസൻസ് ഇല്ലാതെ കൈകാര്യം ചെയ്താലും 10000 രൂപ പിഴ ശിക്ഷയുണ്ട്. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാം. തദ്ദേശ സ്ഥാപനങ്ങളിൽ മൊബൈൽ യൂണിറ്റുകൾ, കെട്ടിട ഉടമയ്ക്ക് മാലിന്യം എത്തിച്ചുതരാനാകുന്ന കലക്ഷൻ സെന്ററുകൾ എന്നിവ ആരംഭിക്കണം.     തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും വിവിധ തദ്ദേശ സ്ഥാപനങ്ങൾ കൂടിച്ചേർന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ പൂർണമായും സ്വകാര്യ ഉടമസ്ഥതയിലോ ആകാം.

കലക്ടർ 
അധ്യക്ഷനായി 
മേൽനോട്ട സമിതി
കലക്ടർ അധ്യക്ഷനും ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ കൺവീനറുമായി ജില്ലാതല മേൽനോട്ട സമിതി രൂപീകരിക്കും. കലക്ഷൻ ഫീസും സംസ്കരണ ഫീസും ഈ സമിതി നിശ്ചയിക്കും. ഹോളോ ബ്രിക്സ്, നടപ്പാത നിർമാണ യൂണിറ്റുകളെയും സംസ്കരണത്തിന് ഉപയോഗിക്കാം.
സർക്കാരിന്റെ എല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും ചുരുങ്ങിയത് 20 ശതമാനം റീസൈക്കിൾ ചെയ്ത കെട്ടിടാവശിഷ്ടം ഉപയോഗിക്കണം. ഇത്‌ സ്വകാര്യ കെട്ടിടങ്ങൾക്കും ബാധകമാണ്. റോഡ് നിർമാണം, നികത്തലിൽ മണ്ണിന് പകരമായി, ടെട്രാപോഡ് നിർമാണത്തിൽ, കട്ടകളും ടെയ്‌ലുകളും ഹോളോ ബ്രിക്കുകളും നടപ്പാതകളും പാർക്ക് ബെഞ്ചുകളും നിർമിക്കാൻ തുടങ്ങിയവയ്‌ക്ക്‌ റീസൈക്കിൾ ചെയ്ത കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിക്കണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top