26 April Friday

വിജിയേച്ചി പറയും ഒരു ‘ലൈഫ്‌ ’പൂവിട്ട കഥ

സ്വന്തം ലേഖികUpdated: Sunday May 22, 2022

കോഴിക്കോട്‌>  കോഴിക്കോട്‌ സൈബർ പാർക്കിനടുത്ത്‌ വഴിപോക്ക്‌ റോഡിൽ നിന്നൽപ്പം മാറി ഇന്റർലോക്ക്‌ചെയ്‌ത പാത ചെന്നെത്തുന്നത്‌ പുനത്തിൽ മീത്തൽ വീട്ടിലാണ്‌. അവിടെ ‘അതിജീവനത്തിന്റെ ഇരിപ്പിട’മൊരുക്കിയ  വിജിയേച്ചിയുണ്ട്‌. കടകളിൽ ഇരിക്കാനുള്ള നിയമം പോരാട്ടത്തിലൂടെ നേടിയെടുക്കാൻ മുന്നിട്ടിറങ്ങിയ അസംഘടിത മേഖല തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി വിജി പെൺകൂട്ട്‌   ‘ലൈഫിൽ’ തളിർത്ത ജീവിതകഥ പറയുകയാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ ‘ലൈഫും’ വിങ്‌സ്‌ കൂട്ടായ്‌മയുംചേർന്ന്‌ നൽകിയ സ്വപ്‌നക്കൂടിലിരുന്നാണ്‌ അവർ പുതുസ്വപ്‌നങ്ങൾ നെയ്യുന്നത്‌.  

‘വീടെന്ന എല്ലാവരുടെയും സ്വപ്‌ന സാക്ഷാത്‌കാരത്തിലേക്കെത്തിക്കാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞത്‌ വലിയ ആശ്വാസവും സഹായവുമാണ്‌’ –-  വിജി പറഞ്ഞുതുടങ്ങുന്നു. ‘വീടെന്ന  മോഹത്തിന്‌ ഞാനെന്നോ പൂട്ടിട്ടതാണ്‌. 25 കൊല്ലത്തോളം വാടക വീടുകളിലായിരുന്നു.  പുതിയ കടം ഉണ്ടാക്കാനാവാത്തതുകൊണ്ട്‌ വീടിന്‌ പിറകെ പോയില്ല. അപ്പോഴും അസംഘടിത തൊഴിലാളികൾക്കായി പോരാട്ടം തുടർന്നു. 2018ലാണ്‌ ലൈഫിൽ അപേക്ഷനൽകുന്നത്‌. ഇതിനിടയിൽ ‘വിങ്‌സ്‌’ ഭാരവാഹികളായ പി ദീപയും   വിനയയുമെല്ലാം വീടൊരുക്കാൻ രംഗത്തെത്തി.  ലൈഫ്‌ പട്ടികയിൽ   ഉൾപ്പെട്ടപ്പോൾ പിന്നീട്‌ ഞൊടിയിടയിലായിരുന്നു വീടൊരുങ്ങിയത്‌. സ്ഥലം വാങ്ങാനുൾപ്പെടെ വിങ്‌സ്‌ സഹായിച്ചു. കഴിഞ്ഞ ഒക്‌ടോബറിൽ പുതിയ വീട്ടിലേക്ക്‌ താമസം മാറി. ഇതില്ലായിരുന്നെങ്കിൽ കോവിഡിനിടെ എങ്ങനെ വാടകനൽകും എന്നതിന്‌ ഇപ്പോഴും ഉത്തരമില്ലെന്ന്‌ പറയുമ്പോൾ തൊല്ലൊരു ആശങ്കയുണ്ട്‌ മുഖത്ത്‌.

പറയുന്ന വാക്കുകൾ പ്രവർത്തിച്ചുകാട്ടുന്ന സർക്കാരാണ്‌ ഇപ്പോഴുള്ളതെന്ന്‌ വിജിയുടെ അനുഭവസാക്ഷ്യം. കെ റെയിൽ പോലെയുള്ള വികസന പദ്ധതികൾക്ക്‌ മുഖംതിരിക്കേണ്ടതില്ല. സാധാരണക്കാരെ തെരുവിലിറക്കിയുള്ള വികസനമാവില്ല അതെന്ന ഉറച്ച വിശ്വാസമുണ്ട്‌–- അവർ പറഞ്ഞു.  

സുരേഷാണ്‌ ജീവിത പങ്കാളി. വിദ്യാർഥികളായ അനന്തു, അമൃത എന്നിവർ മക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top