28 March Thursday

‘ഒരു റേഷന്‍കാര്‍ഡ് ഒരു കുടുംബം’ എന്ന മാനദണ്ഡം മാറ്റും; പട്ടികവര്‍ഗ വിഭാഗത്തിലെ എല്ലാ ഗുണഭോക്‌താക്കൾക്കും വീട്‌ നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

തിരുവനന്തപുരം > ഭവനരഹിതരെ കണ്ടെത്തുന്നതിനുള്ള അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടികവര്‍ഗ മേഖലയിലുള്ളവർക്കും വീട്‌ ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സി.കെ ശശീന്ദ്രൻ എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ്‌ മുഖ്യമന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്‌.

'ഒരു റേഷന്‍കാര്‍ഡ് ഒരു കുടുംബം' എന്ന ലൈഫ് മിഷന്‍ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ സര്‍വ്വേയിലൂടെ ഭവനരഹിതരെ കണ്ടെത്തുന്നത്. എന്നാല്‍ ഒരു റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ തന്നെ നിരവധി ഉപകുടുംബങ്ങളായി അധിവസിക്കുന്ന പട്ടികവര്‍ഗ മേഖലയിലുള്ള നിരവധി കുടുഃബങ്ങള്‍ ഇതുമൂലം അര്‍ഹതാ ലിസ്റ്റില്‍ സ്ഥിതിയുണ്ടായി.

ഇത് കണക്കിലെടുത്ത് റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ വിഭാഗത്തില്‍ വരുന്ന ഉപകുടുംബങ്ങളെയും പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. 5193 പട്ടികവര്‍ഗ ഭവനരഹിതര്‍ വയനാട്ടില്‍ ഉള്ളതായി പട്ടികവര്‍ഗ വികസന വകുപ്പ് കണക്കാക്കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ രീതിയില്‍ ലൈഫ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി പട്ടികവര്‍ഗ വികസന വകുപ്പ് കണ്ടെത്തിയ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വീട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്‌.

ലൈഫ് മിഷന്‍ മുഖേന തോട്ടം തൊഴിലാളികള്‍ക്ക് വീടുവച്ച് നല്‍കുന്നതിനുവേണ്ടി വയനാട് ജില്ലയില്‍ തൊഴില്‍ വകുപ്പ് 4622 ഗുണഭോക്താക്കളെ അര്‍ഹരെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍പ്പെടുന്ന, സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ഈ വര്‍ഷം തന്നെ വീടുവച്ച് നല്‍കുന്നതാണ്.

തോട്ടം മേഖലയിലെ ഭൂരഹിത-ഭവനരഹിതരെ സംബന്ധിച്ചിടത്തോളം വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുവേണ്ടി തോട്ടം ഉടമകളില്‍ നിന്നും സ്ഥലം ലഭ്യമാക്കുന്നതിനായി തൊഴില്‍ വകുപ്പ് നടപടി സ്വീകരിച്ചുവരികയാണ്. ഇങ്ങനെ ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് അവിടെ ഭവനസമുച്ചയങ്ങളായി ആവശ്യമായ വീടുകള്‍ ലൈഫ് മിഷന്‍ നിര്‍മ്മിച്ചുനല്‍കും - മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top