23 April Tuesday

ലക്ഷം പുഞ്ചിരികൾ; ലൈഫിൽ പൂർത്തിയായ വീടുകൾ 3 ലക്ഷം കവിഞ്ഞു

സ്വന്തം ലേഖകൻUpdated: Sunday Jul 31, 2022

തിരുവനന്തപുരം> ലൈഫ്‌ ഭവനപദ്ധതിയിൽ പൂർത്തിയായ വീടുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഞായർ വരെയുള്ള കണക്ക്‌ അനുസരിച്ച്‌ 3,00,598 വീടുകളുടെ നിർമാണമാണ്‌ പൂർത്തിയായത്‌. കൂടാതെ 25,664 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്‌. ഇതിൽ 7,329 വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്‌.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്‌. കണ്ണൂർ കടമ്പൂർ, കൊല്ലം പുനലൂർ, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂർ എന്നിവിടങ്ങളിലെ ഭവനസമുച്ചയങ്ങളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്‌.  ഓരോ കേന്ദ്രത്തിലും 44 വീതം ഫ്ലാറ്റുകളാണ്‌ ഉള്ളത്‌.

അടുത്ത ഘട്ടം ലൈഫ്‌ കരട്‌ പട്ടികയിൽ 5,64,091 ഗുണഭോക്താക്കളാണ്‌ ഉള്ളത്‌. ഇതിൽ 3,66,570 പേർ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേർ ഭൂരഹിതരായ ഭവനരഹിതരുമാണ്‌. ഈ പട്ടിക ചർച്ച ചെയ്ത്‌ പുതുക്കാൻ വേണ്ടിയുള്ള വാർഡ്‌ സഭകൾ ഇപ്പോൾ ചേരുകയാണ്‌. ആഗസ്റ്റ്‌ അഞ്ചിനകം പുതുക്കിയ പട്ടിക തയ്യാറാകും.  ആഗസ്‌ത്‌ 10 നകം പഞ്ചായത്ത്‌/നഗരസഭാ ഭരണ സമിതികൾ  ഈ പട്ടികയ്‌ക്ക്‌ അംഗീകാരം നൽകും. അഗസത്‌ 16നാണ്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

മൂന്ന് ലക്ഷം വീടുകൾ ഒരു സംസ്ഥാനത്ത്‌ ഒരുക്കിയ പദ്ധതി ലോകത്ത്‌ അത്യപുർവമാണെന്ന് മന്ത്രി എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.  എല്ലാ മനുഷ്യർക്കും അടച്ചുറപ്പുള്ള വീട്‌ ഒരുക്കുക എന്ന ലക്ഷ്യത്തിലേക്ക്‌ അതീവ ജാഗ്രയോടെ സർക്കാർ നീങ്ങുകയാണ്‌.  സ്വന്തമായ കിടപ്പാടം സർക്കാരിന്റെ പ്രഥമ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top