പന്തളം > ജില്ലയിലെ ആദ്യത്തെ ലൈഫ് മിഷൻ കെട്ടിട സമുച്ചയ നിർമാണം പന്തളത്ത് ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പൂർണമായും സ്റ്റീലിൽ പണിയുന്ന കെട്ടിടത്തിന്റെ രണ്ട് ഫ്ളാറ്റുകളാണ് മുടിയൂർക്കോണത്ത് പണി ആരംഭിച്ചത്. 6.57 കോടി രൂപയാണ് ഇതിന്റെ അടങ്കൽ ചെലവ്. ഒരു ടവറിൽ 32 ഫ്ലാറ്റുകളും രണ്ടാമത്തെ ടവറിൽ 12 ഫ്ലാറ്റുകളും അടക്കം 44 കുടുംബങ്ങൾക്കാണ് ഇവിടെ താമസസൗകര്യം ഒരുക്കുന്നത്. ഒരു ഫ്ലാറ്റിന് 500 ചതുരശ്ര അടിയാണ് തറ വിസ്‌തീർണ്ണം.
രണ്ടു കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും ശുചിമുറിയും അടങ്ങുന്നതാണ് ഓരോ ഫ്ലാറ്റും. പന്തളം നഗരസഭയുടെ 72.5 സെന്റ് സ്ഥലത്താണ് ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പണിയുന്നത്. തൃശ്ശൂർ ജില്ല ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ആണ് ഫ്ലാറ്റുകളുടെ രൂപകൽപ്പന നടത്തിയത്. ദേശീയതലത്തിൽ നടത്തിയ ടെണ്ടറിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്‌ട്രീസ് എന്ന സ്ഥാപനമാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
ചുറ്റുമതിൽ, 24 മണിക്കൂറും ശുദ്ധജലം, മലിനജല സംസ്കരണ പ്ലാന്റ്, സോളാർ വൈദ്യുത പ്ലാന്റ് മുതലായ അനുബന്ധ സൗകര്യങ്ങളും ഫ്ലാറ്റിന് വേണ്ടി ഒരുക്കും. പന്തളം നഗരസഭയുടെ ലൈഫ് പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 30 പേരും പട്ടികജാതി വകുപ്പ് ലഭ്യമാക്കിയിട്ടുള്ള ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ നിന്നും അർഹതപ്പെട്ടവരും അടക്കം 44 കുടുംബങ്ങളെ ഇവിടെ പുനരധിവസിപ്പിക്കും. ഫ്ലാറ്റുകൾ കുടുംബങ്ങൾക്ക് ഉപയോഗിക്കുകയും അനന്തരാവകാശികൾക്ക് കൈമാറുകയും ചെയ്യാമെങ്കിലും വിൽക്കുവാനോ വാടകയ്‌ക്ക് നൽകുവാനോ അനുവദിക്കുകയില്ല എന്നതാണ് കരാർ.
താമസക്കാരുടെ പ്രതിനിധികളും ജനപ്രതിനിധികളും അടങ്ങുന്ന മാനേജ്മെന്റ് കമ്മിറ്റി ഫ്ലാറ്റ് സമുച്ചയത്തിന്റെ പിന്നീടുള്ള സംരക്ഷണത്തിനായി പ്രവർത്തിക്കും. കെട്ടിടത്തിന്റെ സംരക്ഷണ ചെലവുകളിലേക്കായി ഓരോ കുടുംബവും നഗരസഭ നിശ്ചയിക്കുന്ന ചെറിയ തുക എല്ലാ മാസവും അടയ്ക്കണം എന്നാണ് വ്യവസ്ഥ. കോവിഡും പിന്നീട് സാധനസാമഗ്രികളുടെ വില വർധനയും കാരണം കരാറുകാരന് ബില്ല് മാറി കിട്ടാഞ്ഞതിനാൽ നിർമാണം വൈകിയിരുന്നു. എന്നാൽ പിന്നീട് നിർമാണം പുനരാരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..