20 April Saturday

"15 വര്‍ഷത്തെ കാത്തിരിപ്പ്‌, ഞങ്ങള്‍ക്കിത് ഇരട്ടി സന്തോഷം"

സ്വന്തം ലേഖികUpdated: Sunday Sep 19, 2021

കൊച്ചി > "പതിനഞ്ചുവർഷത്തെ ഞങ്ങളുടെ സ്വപ്നമാണ് അടച്ചുറപ്പുള്ള വീട്. ആ സ്വപ്നത്തിലേക്ക് പ്രിയപ്പെട്ട മന്ത്രി പി രാജീവെത്തിയത് സന്തോഷം ഇരട്ടിയാക്കി' സംസ്ഥാന സർക്കാരിന്റെ കർമപദ്ധതിയിലുൾപ്പെടുത്തി ലൈഫിലൂടെ വീടുലഭിച്ച ഏലൂർ മഞ്ഞുമ്മലിൽ മുടക്കാരപ്പിള്ളി വീട്ടിൽ ഉണ്ണിക്കൃഷ്ണനും ബിന്ദുവും സന്തോഷം മറച്ചുവച്ചില്ല.

"സന്തോഷമായില്ലേ...' എന്ന ചോദ്യത്തോടെ നിറപുഞ്ചിരിയുമായാണ്‌ മന്ത്രി വീട്ടിലേക്കെത്തിയത്. സന്തോഷമെന്ന് കുടുംബം ഒരേസ്വരത്തിൽ മറുപടി. ഉണ്ണിക്കൃഷ്ണന്റെ അമ്മ ​ഗോമതിയോടും മകൾ മഞ്ഞുമ്മൽ ​ഗാർഡിയൻ ഏഞ്ചൽസ് പബ്ലിക്‌ സ്കൂളിലെ ഒമ്പതാംക്ലാസ്‌ വിദ്യാർഥിനിയായ ലക്ഷ്മിയോടും മന്ത്രി വിശേഷങ്ങൾ തിരക്കി. പാൽകാച്ചലിൽ പങ്കെടുത്ത മന്ത്രി ലൈഫ് മിഷനിൽ വീട് പൂർത്തീകരിച്ചതിന്റെ അഭിനന്ദന ഫലകം ഗോമതിക്കു കൈമാറി. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയതിനും തിരക്കുകൾക്കിടയിൽ വീട്ടിലേക്കെത്തിയതിനും കുടുംബം മന്ത്രിയോട് നന്ദി പറഞ്ഞു.

താമസയോ​ഗ്യമല്ലാത്ത ഓടിട്ട വീട്ടിലാണ് ഉണ്ണിക്കൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്. ഒരുവർഷംമുമ്പാണ് ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയത്. മൂന്നുമാസത്തിനുള്ളിൽ അഞ്ചുസെന്റ്‌ സ്ഥലത്തെ 633 ചതുരശ്രയടിയിൽ വീടുനിർമാണം ആരംഭിച്ചു. കോവിഡ് കാലമായതോടെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ ഉണ്ണിക്കൃഷ്ണന്റെ പണികുറഞ്ഞു. ഈസമയം വീടിന്റെ ഇലക്‌ട്രിക്‌, പ്ലംബിങ് ജോലികൾ ചെയ്യാൻ പ്രയോജനപ്പെടുത്തി.

ലൈഫിലൂടെ നാലുലക്ഷം രൂപയാണ് ലഭിച്ചത്. രണ്ടുമുറിയും ഹാളും അടുക്കളയും പൂമുഖവും ചേർന്നതാണ് വീട്. ഒമ്പതുലക്ഷം രൂപ ചെലവായി. ആലങ്ങാട് പഞ്ചായത്തിൽ നീറിക്കോട് ആശാരിപ്പറമ്പിൽ ശ്യാമളയുടെ വീടിന്റെ താക്കോൽദാനവും മന്ത്രി പി രാജീവ് നിർവഹിച്ചു. ഏലൂർ, കളമശേരി നഗരസഭകളിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും ഗൃഹപ്രവേശനവും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top