25 April Thursday

കണ്ണൂരിൽ ഫ്ലാറ്റ്‌ സമുച്ചയങ്ങളൊരുങ്ങുന്നു; 100 ദിനത്തിൽ 
1857 വീടുകൾ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

പനോന്നേരിയിൽ നിർമാണം പുരോഗമിക്കുന്ന ഫ്ലാറ്റ് സമുച്ചയം

കണ്ണൂർ > ഭവനരഹിതർക്കുള്ള ജില്ലയിലെ ആദ്യത്തെ ഫ്ലാറ്റ്‌ സമുച്ചയം കടമ്പൂർ പഞ്ചായത്തിലെ പനോന്നേരിയിൽ പൂർത്തിയാകുന്നു. 44 പേർക്കാണ്‌ ഇവിടെ സുരക്ഷിത ഭവനമൊരുങ്ങുന്നത്‌. പ്രീ ഫാബ്‌ ടെക്‌നോളജിയിൽ നിർമിക്കുന്നതെന്ന പ്രത്യേകതയും പനോന്നേരിയിലെ ഫ്ലാറ്റ്‌ സമുച്ചയത്തിനുണ്ട്‌. നിർമാണം പൂർത്തിയായ ഫ്ലാറ്റുകളിൽ ഇന്റീരിയർ വർക്കുകളാണ്‌ ബാക്കിയുള്ളത്‌. അടുത്ത മാസത്തോടെ ഫ്ലാറ്റുകൾ  കൈമാറാനാണ്‌ ലക്ഷ്യമിടുന്നത്‌.

  ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ലാറ്റ് സമുച്ചയം പണിയുന്നതിന് 38  സ്ഥലങ്ങളാണ്‌ കണ്ടെത്തിയത്‌. ചിറക്കൽ, കണ്ണപുരം, ആന്തൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിർമാണം ആരംഭിച്ചു. ചിറക്കലിൽ 34 ഗുണഭോക്താക്കളും  കണ്ണപുരത്ത് 30 ഗുണഭോക്താക്കളുമാണ്‌. ഇവിടെ രണ്ട് ബ്ലോക്കുകളായാണ്  സമുച്ചയം നിർമിക്കുന്നത്. ആന്തൂർ നഗരസഭയിലും പയ്യന്നൂർ നഗരസഭയിലും 42 ഗുണഭോക്താക്കൾ വീതമാണുള്ളത്‌.
 
ലൈഫ് ഭവന പദ്ധതിയിൽ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി ജില്ലയിൽ   12459 ഗുണഭോക്താക്കളാണുളളത്  ഇതിൽ 3521 പേർ ഭൂരഹിതരാണ്. 7241 പേർ  ഭവന നിർമാണം ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 5997 വീട്‌  പൂർത്തീകരിച്ചു. ലൈഫ് മിഷൻ ഭവന പദ്ധതി, ലൈഫ് പിഎംഎവൈ നഗരം, ലൈഫ് പിഎംഎവൈ ഗ്രാമം പദ്ധതികൾ പ്രകാരം ജില്ലയിലാകെ 19,469 പേരാണ്‌ ഗുണഭോക്താക്കളായുളളത്. ഇതിൽ 11084 പേർ  ഭവന നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്‌.
 
ലൈഫ് മിഷൻ രണ്ടാംഘട്ടത്തിൽ 2593 പേരെയാണ്‌ ഭൂമിയുള്ള ഭവനരഹിതരായി കണ്ടെത്തിയത്‌. 2532 പേരാണ്‌ വീട്‌ നിർമാണം ആരംഭിച്ചത്‌.  ഇതിൽ 2491 വീടുകൾ പൂർത്തീകരിച്ചതോടെ 98 ശതമാനം പുരോഗതി കൈവരിക്കാനായി. മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവന രഹിതർക്ക് ഭൂമിയും സ്ഥലവും ലഭ്യമാക്കുന്ന പദ്ധതി പ്രകാരം  ജില്ലയിൽ  681 പേർക്കാണ്‌  ഭൂമി ലഭ്യമായത്‌.  ഇതിൽ  460 വീടുകൾ പൂർത്തീകരിച്ചു. വിവിധ ഘട്ടങ്ങളിൽ പട്ടികയിൽ ഉൾപ്പെടുത്തിയ 9132 പേർക്കാണ്‌ ജില്ലയിൽ ഭവന നിർമാണത്തിനായി ഭൂമി കണ്ടെത്തേണ്ടത്‌. ഇതിനായി സർക്കാർ ആവിഷ്‌കരിച്ച ‘മനസോടിത്തിരി മണ്ണ്‌’ ക്യാമ്പയിന്റെ ഭാഗമായി  50 സെന്റ് ഭൂമി ലഭിച്ചിട്ടുണ്ട്‌. സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 1857 വീടുകളാണ്‌ കൈമാറിയത്‌.
 
‘പുനർഗേഹ’ത്തിൽ ഉയരുന്നത്‌ 121 വീടുകൾ
 
തീരദേശ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന ‘പുനർഗേഹം’ പദ്ധതിയിൽ ജില്ലയിൽ ഉയരുന്നത്‌ 121 വീടുകൾ. ഇതിൽ 30 വീട്‌ പൂർത്തിയായി. 126 കുടുംബങ്ങൾക്ക്‌‌ വീടിന്‌ സ്ഥലം കണ്ടെത്താനുള്ള നടപടി പുരോഗമിക്കുന്നു. തീരദേശ നിയമത്തിന്റെ പരിധിൽപ്പെടുന്ന വീടുകളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ പുനർഗേഹം പദ്ധതി ആരംഭിച്ചത്‌. വേലിയേറ്റരേഖയിൽനിന്ന്‌ 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻപേർക്കും സുരക്ഷിത മേഖലയിൽ ഭവനമൊരുക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.
 
ഓരോ ഗുണഭോക്താവിനും  10 ‌ ലക്ഷം രൂപയാണ്‌ നൽകുന്നത്‌. ഇതിൽ പരമാവധി ആറു‌ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനും ബാക്കി വീട്‌ നിർമാണത്തിനുമാണ്‌.  പദ്ധതിയിൽ വീടിനായി അപേക്ഷ നൽകിയത്‌  247 പേരാണ്‌. സ്വന്തമായി ഭൂമി കണ്ടെത്തി വീട്‌ നിർമിക്കാവുന്നവർ, ജോയിന്റ്‌ റസിഡന്റ്‌ ഗ്രൂപ്പുകളായി താമസിക്കാൻ താൽ‌പ്പര്യമുള്ളവർ, സർക്കാർ നിർമിച്ചു നൽകുന്ന ഫ്ലാറ്റിന്‌ അർഹതയുള്ളവർ എന്നിങ്ങനെയാണ്‌ പദ്ധതിയിൽ വീട്‌ നൽകുന്നത്‌‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top