തിരുവനന്തപുരം
സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും സുരക്ഷിതമായ കിടപ്പാടം ഒരുക്കുക എന്ന എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി. 2020ലെ ലെെഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുകയും കരാർ വയ്‌ക്കാതിരിക്കുകയും ചെയ്‌ത ഭൂമിയുള്ള 3.55 ലക്ഷം ഭവനരഹിത കുടുംബങ്ങൾക്ക് വീട് നൽകുന്നതിന് ആവശ്യമായ തുക കുറഞ്ഞ പലിശനിരക്കിൽ കണ്ടെത്തുന്നതിനുള്ള സാധ്യത പരിശോധിക്കാൻ സർക്കാർ എട്ടംഗ സമിതിയെ നിയോഗിച്ചു.
വായ്‌പാമാർഗങ്ങൾ, തിരിച്ചടവ് കാലാവധി, തിരിച്ചടവ് വ്യവസ്ഥ, തുക കേരള ബാങ്കിൽനിന്ന് കണ്ടെത്തുന്നതിനുള്ള സാധ്യത തുടങ്ങിയവ പരിശോധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി വിശദ പദ്ധതി തയ്യാറാക്കുന്നതിനാണ് സമിതിയെ നിയോഗിച്ചത്. വായ്‌പാമാനദണ്ഡങ്ങൾ ഉൾപ്പെടെയാണ് പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കേണ്ടത്. തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൺവീനറുമായുള്ള സമിതിയിൽ ധനവകുപ്പ് പ്രതിനിധിയും തദ്ദേശവകുപ്പിലെ റൂറൽ, അർബൻ ഡയറക്ടർമാരും കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ചീഫ് ജനറൽ മാനേജരും കെയുആർഡിഎഫ്‌സി എംഡിയും പ്രതിനിധികളാണ്.
സംസ്ഥാനം 13,736.10 കോടി രൂപയാണ് 2017 മുതൽ 2023 വരെ ലൈഫ് പദ്ധതിയിൽ ചെലവഴിച്ചത്. പദ്ധതിയിൽ പൂർത്തിയായ വീടുകൾ നാലു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 3,48,026 വീട് പൂർത്തിയായി. 1,17,762 വീടും 25 ഭവനസമുച്ചയവും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സമുച്ചയങ്ങളിൽ 1201 കുടുംബത്തിന് ഭവനം ലഭിക്കും. 2024ൽ ലൈഫ് പദ്ധതിയിൽ ആകെ വീടുകൾ അഞ്ച് ലക്ഷം കടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..