05 July Saturday

എൽഐസി സ്വകാര്യവൽക്കരണം; പോളിസി ഉടമകളുടെ ഭാവിവരുമാനം കേന്ദ്രം വിൽക്കുന്നു: തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022

എൽഐസി സംരക്ഷണസമിതി രൂപീകരണ കൺവൻഷൻ ചെറുതോണിയിൽ തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു

ഇടുക്കി > എൽഐസി സ്വകാര്യവൽക്കരണത്തിലൂടെ പോളിസി ഉടമകളുടെ ഭാവിവരുമാനം കേന്ദ്രം വിൽക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക്. ചെറുതോണിയിൽ ചേർന്ന എൽഐസി സംരക്ഷണ സമിതി രൂപീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

42 കോടി പോളിസി ഉടമകൾ എൽഐസിക്കുണ്ട്. രാജ്യത്തെ ഏറ്റവും ബൃഹത്തായ പൊതുമേഖലാ സ്ഥാപനത്തെ വിറ്റുതുലച്ച്, സ്വകാര്യ മേഖലയ്‌ക്ക് തീറെഴുതാനാണ്‌ മോദി സർക്കാർ തയ്യാറാകുന്നത്. 15 ലക്ഷം ഏജന്റുമാരും ഒരുലക്ഷം ജീവനക്കാരുമുള്ള സ്ഥാപനമാണ് എൽഐസി. റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ഭൂസ്വത്തുള്ള സ്ഥാപനമാണ്. ഇതിനോടകം 3.5 ശതമാനം ഓഹരികൾ സ്വകാര്യ മേഖലയ്‌ക്ക് വിറ്റു. ഇനി വിൽക്കാൻ ജനങ്ങൾ അനുവദിക്കരുത്. എൽഐസിയുടെ പോളിസി ഉടമകളായ എല്ലാവിഭാഗം ജനങ്ങളും ഈ പ്രക്ഷോഭത്തിൽ പങ്കാളികളാകണം. രാജ്യത്തെ ആകെ ഇൻഷുറൻസ് വ്യാപാരത്തിന്റെ 63 ശതമാനം എൽഐസിക്കാണ്. ആകെ പോളിസി ഉടമകളിൽ 80 ശതമാനവും എൽഐസിയുടേതാണ്.

വിദേശമൂലധനം കൊണ്ടുവന്ന് എൽഐസിയെ തകർക്കാനാണ് ആദ്യം ശ്രമിച്ചത്. രാജ്യത്തെ ബാങ്കുകൾവഴി വിദേശ ഇൻഷുറൻസ് കമ്പനികളെ കൊണ്ടുവന്ന് എൽഐസിയെ ഞെക്കിക്കൊല്ലാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ തുടർന്നാണ് എൽഐസിയെ സ്വകാര്യവൽക്കരിച്ചു തോൽപ്പിക്കുക എന്ന തന്ത്രം സ്വീകരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, കെ വി ശശി, വി എൻ മോഹനൻ, കെ എസ് മോഹനൻ, റോമിയോ സെബാസ്റ്റ്യൻ, ഷൈലജ സുരേന്ദ്രൻ, എം ജെ മാത്യു എന്നിവർ സംസാരിച്ചു. എംഎൽഎമാരായ എം എം മണി, വാഴൂർ സോമൻ, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത്‌ അംഗം ജിജി കെ ഫിലിപ്പ് എന്നിവർ രക്ഷധികാരികളായി 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും എൽഐസി സംരക്ഷണ സമിതിയോഗം തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top