28 March Thursday

പോളിസി ഉടമകളുടെ പണം എൽഐസിയിൽ സുരക്ഷിതമാണ്: കോൺ​ഗ്രസ് നിശ്ചയിച്ച പ്രക്ഷോഭങ്ങൾ ഉപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

തിരുവനന്തപുരം> പോളിസി ഉടമകളുടെ പണം എൽഐസിയിൽ സുരക്ഷിതമാണെന്നും ഫെബ്രുവരി ആറിന് എൽഐസി ഓഫീസുകൾക്ക് മുന്നിൽ കോൺ​ഗ്രസ് നടത്താൻ നിശ്ചയിച്ച പ്രക്ഷോഭങ്ങൾ  ഉപേക്ഷിക്കണമെന്നും എൽഐസി ജീവനക്കാരുടെ സംഘടനകൾ സംയുക്തപ്രസ്‌താവനയിലൂടെ  ആവശ്യപ്പെട്ടു.

എൽഐസി ഓഹരി കമ്പോളത്തിൽ ആകെ നിക്ഷേപിച്ചതിന്റെ വെറും ഏഴ് ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പ് കമ്പനികളിൽ ഉള്ളത്. പോളിസി ഉടമകളുടെ നിക്ഷേപത്തിന് മികച്ച ആനുകൂല്യം നൽകുക എന്ന ഉദ്ദേശത്തോടെ ജാഗ്രതയോടു കൂടിയുള്ള ദീർഘകാല നിക്ഷേപങ്ങളാണ് എൽഐസി നടത്താറുള്ളത്. ഇത് പാർലമെന്റിന്റെയും മറ്റു നിയന്ത്രണ അധികാരികളുടെയും പരിശോധനയ്‌ക്ക് വിധേയവുമാണ്. എൽഐസിയുടെ നിക്ഷേപങ്ങളുടെ 80 ശതമാനവും ഗവൺമെൻറ് സെക്യൂരിറ്റികൾ പോലുള്ള സുരക്ഷിത മേഖലകളിലാണ്. 20 ശതമാനം മാത്രമാണ് ഓഹരികളിൽ നിക്ഷേപിക്കുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപങ്ങൾ പൂർണ്ണമായും സുരക്ഷിതമാണ്.

അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി 36475 കോടി രൂപയാണ് എൽഐസി നിക്ഷേപം. ഇതിൻറെ ഇപ്പോഴത്തെ കമ്പോള മൂല്യം 56142 കോടി രൂപയാണ്. ഓഹരികൾക്ക് ഇപ്പോഴും നിക്ഷേപിച്ചതിനേക്കാൾ 20000 കോടി രൂപ അധിക മൂല്യമുണ്ട്. എന്നാൽ കൈവശമുള്ള ഓഹരികൾ എൽ ഐ സി വില്പന നടത്തത്തിടത്തോളം കാലം ലാഭം, നഷ്ടം എന്നിവ കേവലം സാങ്കൽപ്പികമാണ്. അദാനി കമ്പനികളുടെ മൊത്തം കമ്പോള മൂല്യത്തിന്റെ 3.91 ശതമാനം മാത്രമാണ് എൽഐസിയുടെ ഉടമസ്ഥതയിൽ ഉള്ളത്. ടാറ്റ, റിലൈൻസ് എന്നീ കമ്പനികളിൽ ഇതിലും കൂടുതൽ നിക്ഷേപം എൽഐസിയ്‌ക്കു‌ണ്ട്.

നേരത്തെ എൽഐസി ONGC,  IDBI ബാങ്ക് എന്നിവയുടെ ഓഹരികൾ വാങ്ങിയപ്പോഴും സമാനമായ ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഈ രണ്ടു നിക്ഷേപങ്ങളും  എൽഐസിയ്‌ക്ക് ലാഭകരമായി മാറി. എൽഐസിയുടെ നിക്ഷേപം ദീർഘകാലത്തേക്കുള്ളതാണ്  എന്നതും ആവശ്യമായതിൽ അധികം സോൾവെൻസി മാർജിൻ എൽഐസി നിലനിർത്തുന്നു എന്നതും എല്ലാ ബാധ്യതകളും നിറവേറ്റാൻ കഴിയുന്ന വിധം ആസ്‌തി മൂല്യം ഉണ്ട് എന്നതും പോളിസി ഉടമകളുടെ നിക്ഷേപത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നെന്നും ഫെഡറേഷൻ ഓഫ് എൽഐസി ക്ലാസ് വൺ ഓഫീസേർസ് അസോസിയേഷൻ, നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഷുറൻസ് ഫീൽഡ് വർക്കേഴ്‌സ്‌‌‌ ഓഫ് ഇന്ത്യ, ആൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ, ആൾ ഇന്ത്യ എൽഐസി എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകൾ സംയുക്ത പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top