25 April Thursday

പൗരാവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: എൽഐസി എംപ്ലോയീസ് യൂണിയൻ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

കെ ബാഹുലേയൻ (പ്രസിഡന്റ്‌), ഐ കെ ബിജു (ജനറൽ സെക്രട്ടറി)

കോഴിക്കോട് > ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനും ഭരണ ഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ  സംരക്ഷിക്കാനും കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കോഴിക്കോട് വച്ച് ചേർന്ന എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷന്റെ സുവർണ്ണ ജൂബിലി 50-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

ഭാരവാഹികളായി കെ ബാഹുലേയൻ (പ്രസിഡന്റ്‌), യു പ്രദീപൻ, കെ ഷാജു (വൈസ് പ്രസിഡന്റുമാർ), ഐ കെ ബിജു (ജനറൽ സെക്രട്ടറി), എം ജെ ശ്രീരാം, സി എച്ച് സപ്‌ന, എം പി അപ്പുണ്ണി, എ ഡി പൂർണിമ (ജോയിന്റ് സെക്രട്ടറിമാർ), പി കെ ഭാഗ്യബിന്ദു (ട്രഷറർ), എം വിനോദ് (അസി. ട്രഷറർ) എന്നിവരെയും 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

കേന്ദ്ര സർക്കാരിന്റെ പല നടപടികളും എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ് എന്നിവ തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങൾ  തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ ബലം പ്രയോഗിച്ചു തകർത്തു അവരുടെ ജീവിക്കാനുള്ള അവകാശം അപഹരിക്കുന്നതിൽ സമ്മേളനം ഉത്കണ്ഠ പ്രകടിപ്പിച്ചു. വർഗ്ഗീയ ധ്രുവീകരണത്തിലൂടെ  സമാധാന അന്തരീക്ഷം തകർക്കുന്ന ശക്തികൾക്കെതിരെ തൊഴിലാളി വർഗം ഒന്നിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, ഭക്ഷ്യ വസ്‌തുക്കളിൻമേൽ ചുമത്തിയ ജിഎസ്‌ടി എടുത്തുകളയുക, പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ ഇടപെടുക, സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടി ഉപേക്ഷിക്കുക, എൽഐസിയിലെ പെൻഷനും ഫാമിലി പെൻഷനും പരിഷ്‌കരിക്കുക തുടങ്ങി പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

പ്രതിനിധി സമ്മേളനത്തിൽ ഇന്ന് എ.ഐ.ഐ.ഇ.എ വൈസ് പ്രസിഡന്റ്‌ പി പി കൃഷ്‌ണൻ, എഐഐഇഎ ജോയിന്റ് സെക്രട്ടറി എം ഗിരിജ, എസ്സെഡ്ഐഇഎഫ് ജനറൽ സെക്രട്ടറി ടി സെന്തിൽ കുമാർ, എഐഐപിഎ ജനറൽ സെക്രട്ടറി എം കുഞ്ഞികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ്‌ കെ. ബാഹുലേയൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഐ കെ ബിജു പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറർ പി കെ ഭാഗ്യബിന്ദു അവതരിപ്പിച്ച വരവ് ചെലവു കണക്കുകളും സമ്മേളനം അംഗീകരിച്ചു. ജോയിന്റ് സെക്രട്ടറി സി എച്ച് സപ്‌ന നന്ദി പറഞ്ഞു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നിന്നുമായി 150ലധികം പ്രതിനിധികൾ സമ്മേളനത്തിൽ  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top