26 April Friday

ഭീഷണികൾക്ക്‌ നടുവിലൂടെ വീട്ടിലെത്തിയ പ്രിയ സഖാവിനെ ഓർമ്മിച്ച്‌ രക്തസാക്ഷിയുടെ മകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

ലെനിൻ പാനൂർ ഫേസ്‌‌ബുക്കിൽ പങ്കുവെച്ച ചിത്രം

അച്ഛനെ ആർഎസ്‌എസ്‌ ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ ഭീഷണികൾ വകവെക്കാതെ പിണറായി വിജയനൊപ്പം വീട്ടില്തെതിയ കോടിയേരി ബാലകൃഷ്‌ണനെ അനുസ്‌മരിക്കുകയാണ്‌ ലെനിന്‍ പാനൂര്‍. പാനൂരെ രക്തസാക്ഷി കുഞ്ഞിക്കണ്ണന്റെ മകനാണ് ലെനിൻ‍.

ഫേസ്‌‌ബുക്ക്‌ പോസ്‌റ്റിന്റെ പൂർണ്ണരൂപം:

‘ബാലകൃഷ്ണേട്ടാ...
ഇത് ലെനിൻ, നമ്മളെ പാനൂരെ രക്തസാക്ഷി കുഞ്ഞിക്കണ്ണന്റെ മോൻ ആണ്’.
ഏതാനും മാസങ്ങൾക്ക് മുൻപ് തലശ്ശേരി എസി ഓഫീസിൽ വെച്ച് കോടിയേരിയെ കണ്ടപ്പോൾ ഷംസീർക്ക (എ എൻ ഷംസീർ) എന്നെ ഇങ്ങനെ പരിചയപെടുത്തി.

‘ആ, ഞാൻ അന്ന് നിന്റെ വീട്ടിൽ വന്നിരുന്നു. എനിക്കോർമ്മയുണ്ട്.’ കോടിയേരി പറഞ്ഞു

അന്ന് വന്നിരുന്നു എന്ന് വളരെ നിസാരമായി സഖാവ് പറഞ്ഞ "ആ ദിവസങ്ങളെ" പറ്റിയാണ്. തൊണ്ണൂറുകളുടെ അവസാനം. കണ്ണൂരിൽ പ്രത്യേകിച്ചും തലശ്ശേരി പാനൂർ മേഖലകളിൽ തുടർച്ചയായ രാഷ്ട്രീയ സംഘർഷങ്ങൾ അരങ്ങേറിയിരുന്ന കാലം. പാർട്ടി പ്രവർത്തകരായ ആണുങ്ങളുള്ള വീട് ആണെങ്കിൽ പകൽ സമയത്തു പോലും വീട് പൂട്ടി അകത്ത് നിശബ്‍ദമായി വീട്ടുകാർ കഴിയുന്ന ദിവസങ്ങൾ. രാത്രിയായാൽ ഒരു ലൈറ്റ് പോലും ഇടാതെ ഏത് സമയവും ഒരു ബോംബ് വന്ന് വീഴുന്നതോ ഒരു ക്രിമിനൽ സംഘം വീട്ടിലേക്ക് ഇരച്ചു കയറുന്നതോ ഭയന്ന് നിശബ്ദം കഴിഞ്ഞിരുന്ന കാലം. അങ്ങനെ ഒരു ദിവസം രാത്രിയിലാണ് അയല്പക്കത്തെ വീട്ടിലേക്ക് ബോംബെറിഞ്ഞു ഭീതി പരത്തി ഇരച്ചു കയറിയ ആർഎസ്‌എസ്‌ ക്രിമിനലുകൾ അച്ഛനെ വെട്ടികൊലപ്പെടുത്തുന്നത്.

അതിന്റെ തലേദിവസം പകൽ സമയത്താണ് സഖാവ് കനകരാജിനെ വീട് വളഞ്ഞു ബോംബെറിഞ്ഞു വെട്ടികൊലപ്പെടുത്തുന്നത്. രാത്രിയോ പകലോ ഒരു ചെറിയ കാൽവെപ്പ് പോലും ഭയത്തോടെ കേട്ടിരുന്ന നാളുകളാണ് അതെന്ന് ഇന്ന് ഇത് വായിക്കുന്ന പലർക്കും വിശ്വസിക്കാൻ സാധിച്ചെന്നു വരില്ല.

കൊല്ലപ്പെട്ട് അടുത്ത ദിവസം അച്ഛന്റെ സംസ്‍കാര ചടങ്ങ് കഴിഞ്ഞ് മടങ്ങും വഴിയാണ് അന്നത്തെ പാർട്ടി ജില്ലാ സെക്രട്ടറിയായ സഖാവ് ഇ.പി ക്ക് നേരെ ബോംബേറുണ്ടാകുന്നത്. പാനൂരിന്റെ കിഴക്കൻ ഭാഗത്തേക്ക് ഒരു രാഷ്ട്രീയ നേതാവിനും പ്രവേശനമില്ലെന്നും, രക്തസാക്ഷിയെ കാണാൻ ആയാലും വന്നാൽ ഏത് നേതാവും ആക്രമിക്കപെടുമെന്നും ആർആസ്എസ് തിട്ടൂരം നൽകിയിരുന്ന ഡിസംബറിലെ കറുത്ത ദിനങ്ങൾ. അന്ന് തലശ്ശേരിയിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ട പല സഖാക്കളെയും പാർട്ടിയും പൊലീസും വിലക്കി തിരിച്ചയച്ചിരുന്നതായി ഷംസീർക്ക ഒരിക്കൽ പറഞ്ഞതോർക്കുന്നു.

അങ്ങനെ ഭീഷണി നിലനിന്നിരുന്ന ഒരു സാഹചര്യത്തിലാണ് അയല്പക്കത്തെ വീട്ടിലെ അടുക്കളയിൽ ചിതറിതെറിച്ചു വീണ അച്ഛന്റെ ചോര ഉണങ്ങും മുന്നേ സഖാവ് കോടിയേരിയും സഖാവ് പിണറായിയും ഇവിടെ വന്നെത്തിയത്. ആ ചിത്രമാണ് ഇവിടെ ചേർക്കുന്നത്. ഒട്ടുമേ കണ്ണീർ പൊഴിച്ചുകൊണ്ടല്ല ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് എന്നും പറഞ്ഞുവെക്കുന്നു.

ജില്ലാ സെക്രട്ടറിയായ ഇ.പി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും കോടിയേരിയും സുരക്ഷിതരല്ല എന്നത് ഊഹിക്കാവുന്നതേയുള്ളൂ. ആക്രമിക്കപ്പെടും എന്നത് അത്രയേറെ നിശ്ചയമുള്ള കാര്യം. എന്നാൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കൊണ്ട് സഖാക്കൾ വീട്ടിലെത്തിയിരുന്നു.

ആ വരവിനെയാണ് "ഞാൻ അന്ന് അവിടെ വന്നിരുന്നു" എന്ന് വളരെ നിസാരസംഭവമായി പറഞ്ഞുപോയത്. തുടർച്ചയായ രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സമയത്തെ കണ്ണൂരിന്റെ ഭയപ്പെടുത്തുന്ന ദിനരാത്രങ്ങൾ ഓർമ്മയിലുള്ള ആർക്കും ഇതൊരു നിസാരകാര്യമായി കാണുവാനാകില്ല എന്നതുറപ്പാണ്. ഒരുപക്ഷെ പിണറായിയും കോടിയേരിയും ഇ.പി യും പി ഹരീന്ദ്രനും, പി.കെ കുഞ്ഞനന്തനും തുടങ്ങിയ സഖാക്കൾ എത്രമാത്രം സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും ഈ മണ്ണിലേക്ക് എത്തിയില്ലായിരുന്നു എങ്കിൽ പാനൂരിന്റെ കിഴക്കൻ മേഖലയിൽ ഇന്നീ കാണും വിധം പാർട്ടി ഉണ്ടാകുമായിരുന്നില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്.

ഇന്നും രാഷ്ട്രീയ എതിരാളികളാൽ സഖാക്കൾക്ക് ജീവൻ നഷ്ടമാകുമ്പോൾ അക്രമം നേരിടേണ്ടി വരുമ്പോൾ അവിടെ ആദ്യം ഓടിയെത്തി ചേർത്തു പിടിക്കുന്നവരിൽ ഒരാൾ സഖാവ് കോടിയേരി ആയിരിക്കും. അസുഖബാധിതനായിരിക്കുന്ന സമയത്തും പാർട്ടി ആക്രമിക്കപെടുമ്പോൾ പ്രതിരോധം തീർക്കാൻ സഖാവ് മുന്നിൽ നിന്നത് നമ്മൾ കണ്ടതുമാണ്.

അന്ന് നാൽപത്തിയാറാം വയസിൽ ബോംബും വാളും പതിയിരിക്കുന്നുണ്ട് എന്നുറപ്പുള്ള വഴികളിലൂടെ വീട്ടിലെത്തിയ കോടിയേരി എന്ന പോരാളി എന്തായിരുന്നോ ആ കരുത്ത് അർബുദ ബാധിതനായി ചികിത്സയിലായിരിക്കുമ്പോൾ വരെ തുടർന്നു. അതിനു മുന്നേ തലശ്ശേരി കലാപ കാലത്തും അടിയന്തരാവസ്ഥ കാലത്തും ആ പോരാളിയുടെ കരുത്ത് ഈ നാട് കണ്ടതാണ്. അങ്ങനെ 16 ആം വയസിൽ ബ്രാഞ്ച് മെമ്പറായി ആരംഭിച്ച ഇടവേളകളില്ലാത്ത പോരാട്ട ജീവിതമാണ് 69 ആം വയസിൽ അവസാന ശ്വാസം വരെ പോരടിച്ചു നിന്ന്കൊണ്ട് അവസാനിക്കുന്നത്.

ഇനിയുമേറെ കാലം സഖാവ് ഉണ്ടായിരുന്നുവെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിക്കുന്നുണ്ട് ഇപ്പോഴും. എത്രയോ കാലമായി കണ്ടുശീലിച്ച സഖാവ് കോടിയേരി പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്റർ ഇനി എവിടെയും കാണില്ല എന്നത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഈ കാഴ്ച്ചയിൽ നിന്നും മായുകയാണെങ്കിലും ഹൃദയത്തിൽ നിങ്ങളെപ്പോഴുമുണ്ടാകും. കുട്ടികാലം മുതൽ കേട്ട സഖാവ് കോടിയേരി എന്ന നന്മനിറഞ്ഞ ആ മനുഷ്യന്റെ ഓർമ്മകൾ ഇനിയെക്കാലവും നമുക്ക് കരുത്ത് പകരും.

പ്രിയ സഖാവ് കോടിയേരിക്ക് അന്ത്യാഭിവാദ്യങ്ങൾ...
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top