29 March Friday

എഫ്‌എസ്‌ഇടിഒ പ്രകടനം തടഞ്ഞ്‌ ലീഗ്‌ ആക്രമണം

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023

മലപ്പുറം നഗരസഭയിലേക്ക് മാർച്ച് നടത്തിയ എഫ്എസ്ഇടിഒ പ്രവർത്തകരെ മുസ്ലിംലീഗുകാരും കൗൺസിലർമാരും ചേർന്ന് ആക്രമിക്കുന്നു

മലപ്പുറം> ന​ഗരസഭാ ഓഫീസിലെ ഡ്രൈവർ പി ടി മുകേഷിനെ മർദിച്ചതിൽ പ്രതിഷേധിച്ച്‌  പ്രകടനം നടത്തിയ എഫ്എസ്ഇടിഒ പ്രവർത്തകരെ മുസ്ലിംലീഗ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആക്രമിച്ചു.  പ്രകടനം നഗരസഭാ ഓഫീസിനുമുന്നിൽ തടഞ്ഞാണ്‌ ജീവനക്കാരെ കൈയേറ്റംചെയ്‌തത്‌. 

സിവിൽ സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ്‌ വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരുടെ പ്രകടനം തുടങ്ങിയത്‌. നഗരസഭാ ഓഫീസിന്‌ മുന്നിലെത്തിയപ്പോൾ സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൾ ഹക്കീം, കൗൺസിലർ സജീർ കളപ്പാടൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ച ലീഗുകാർ ആക്രോശിച്ചടുത്തു. ‘‘ഇവിടേക്ക്‌ പ്രകടനം നടത്താൻ നിങ്ങൾ ആരെടാ’’– എന്ന്‌  ചോദിച്ചായിരുന്നു അഴിഞ്ഞാട്ടം.
 
പ്രവർത്തകരിൽ പലർക്കും മർദനമേറ്റു. തടയാനെത്തിയ പൊലീസിനെയും ലീഗുകാർ ഭീഷണിപ്പെടുത്തി. മലപ്പുറം പൊലീസും എഫ്എസ്ഇടിഒ നേതാക്കളും നടത്തിയ ഇടപെടലിൽ വലിയ സംഘർഷം ഒഴിവായി. ജീവനക്കാർക്ക് നിർഭയമായി ജോലിചെയ്യാനുള്ള അവസരം സൃഷ്ടിക്കണമെന്നും പി ടി മുകേഷിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ജീവനക്കാർ രാവിലെമുതൽ പ്രതിഷേധം തുടങ്ങിയിരുന്നു. 
 
ലീ​ഗ് കൗൺസിലർമാരുടെ നേതൃത്വത്തിൽ അവർക്കെതിരെ മുദ്രാവാക്യമുയർത്തി നിലയുറപ്പിച്ചു. നഗരസഭാ ജീവനക്കാർക്ക്‌ അഭിവാദ്യമർപ്പിക്കാനാണ്‌ എഫ്‌എസ്‌ഇടിഒ പ്രവർത്തകർ പ്രകടനമായി എത്തിയത്‌. അതിലേക്ക്‌ ഇരച്ചുകയറിയാണ്‌ മർദനം. സംഭവത്തിൽ പൊലീസ്‌ കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top