20 April Saturday

ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ് വെട്ടിക്കുറച്ചത് യുഡിഎഫ്; എല്‍ഡിഎഫ് ഇരട്ടിയാക്കി

സ്വന്തം ലേഖകന്‍Updated: Friday Nov 27, 2020

തിരുവനന്തപുരം> ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വെട്ടിക്കുറച്ചെന്ന മാധ്യമ പ്രചാരണം അടിസ്ഥാന രഹിതം. യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ച  സഹായധനം ഇരട്ടിയാക്കി കൃത്യസമയത്ത് അര്‍ഹതപ്പെട്ടവര്‍ക്കെത്തിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ചാണ് ഈ പച്ചക്കള്ളം പടച്ചുണ്ടാക്കുന്നത്. സാധാരണ  തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്‌കോളര്‍ഷിപ് നല്‍കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനു മാത്രമായി  വികസനഫണ്ടിന്റെ  അഞ്ച്  ശതമാനം മാറ്റി വയ്ക്കണമെന്നത് നിര്‍ബന്ധമാക്കി. ജില്ലാ പഞ്ചായത്തിനോടും ബ്ലോക്ക്  പഞ്ചായത്തിനോടും തുക  വകയിരുത്തണമെന്ന് നിര്‍ദേശവും നല്‍കി. ഇങ്ങനെ ലഭിക്കുന്ന തുക ഓരോ വര്‍ഷവും ഗ്രാമസഭ ചേര്‍ന്ന് ഗുണഭോക്താക്കളെ കണ്ടെത്തി നല്‍കുന്നതാണ് പതിവ്. ഇതിന് മുന്നോടിയായി സ്‌കൂളില്‍നിന്നുള്ള സാക്ഷ്യപത്രം  ഉറപ്പാക്കുകയും ചെയ്യും.

കോവിഡ് കാരണം ഗ്രാമസഭകള്‍ ചേരാത്തതിനാലും സ്‌കൂള്‍തുറക്കാത്തതിനാലും  ഗുണഭോക്താക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായി. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന തദ്ദേശഭരണ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്ത്  പുതിയ സംവിധാനം രൂപീകരിക്കുകയും ചെയ്തു.

സ്‌കൂളില്‍ പോയുള്ള അധ്യയനം നടക്കാത്തതിനാല്‍  ടിഎ  ഒഴിവാക്കി ബത്ത, സ്‌കോളര്‍ഷിപ് അടക്കം എല്ലാ ധനസഹായങ്ങളും ഉടന്‍ നല്‍കാന്‍ നടപടിയുമായി. സാധാരണ ഒന്നിച്ചാണ് ഈ തുക നല്‍കുക. ഇത്തവണയും അങ്ങനെ തന്നെ നല്‍കും. ഇതില്‍ ഒരു രൂപപോലും വെട്ടിക്കുറയ്ക്കുകയും ഇല്ല. സ്‌കൂള്‍ തുറക്കാത്ത സമയത്തെ ടി എ നല്‍കാനുകുമോ എന്ന കാര്യം പരിശോധനയിലുമാണ്.
   
തുക കൃത്യമാക്കി

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യകാലത്ത് പ്രതിവര്‍ഷം  11,800 രൂപയായിരുന്നു സഹായധനം. ഭരണത്തിന്റെ അവസാന നാളായ  2016ല്‍ ഇത്   20,000  രൂപയാക്കി.  എന്നാല്‍   പ്രതിവര്‍ഷം  6000 രൂപയെ ഇവര്‍ക്ക് ലഭിച്ചിരുന്നുള്ളു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം  ഈ തുക 28,500 - ആക്കി ഉയര്‍ത്തി. ഡേ കെയര്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് ബത്തയായി പ്രതിമാസം 1000  രൂപയും യാത്രാ ബത്തയായി 1000 - രൂപയും പ്രത്യേകം നല്‍കാനും നടപടിയെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top