20 April Saturday

ബോട്ടിലേറി ചാകര ; തീരത്ത്‌ തിരയടങ്ങാത്ത സന്തോഷം

മനു വിശ്വനാഥ്‌Updated: Friday May 19, 2023


താനൂർ
കടലിന്റെ മക്കൾക്ക്‌ തിരമാലകളെ മുറിച്ചുപായാൻ എൽഡിഎഫ്‌ സർക്കാർ നൽകിയ അത്യാധുനിക ഹൈഡ്രോളിക്‌ മീൻപിടിത്ത വള്ളമെത്തിയതോടെ തീരത്ത്‌ തിരയടങ്ങാത്ത സന്തോഷം. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനത്തിൽ ആഴക്കടൽ മീൻപിടിത്തത്തിന്‌ പോകുന്നവരെ യന്ത്രവൽക്കൃത രീതിയിലേക്ക്‌ മാറ്റാനുള്ള ചുവടുവയ്‌പാണിത്‌. ആഴക്കടലിനെ ഇളക്കിമറിക്കാതെ ചൂണ്ട, ഗിൽനെറ്റ്‌ എന്നിവ ഉപയോഗിക്കാനാകും. 12 തൊഴിലാളികളുമായി എട്ട്‌ നോട്ടിക്കൽ മൈൽ സ്‌പീഡിൽ കടൽദൂരം താണ്ടും. അഞ്ച് ബോട്ടാണ്‌ ആദ്യഘട്ടത്തിൽ കൈമാറിയത്‌.‘ഞങ്ങൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും സർക്കാർ കൈവിട്ടില്ല’– മലപ്പുറം- ഉണ്യാലിലെ റാഫി പറഞ്ഞു. ഉണ്യാൽ തേവർകടപ്പുറം ചീരാൻകടപ്പുറം മത്സ്യ സഹകരണ സംഘത്തിനു കീഴിലാണ് ഇവർക്ക്‌ വള്ളം ലഭിച്ചത്. 1.57 കോടി ചെലവ് വരുന്ന വള്ളമാണ് ഇവർക്ക്‌ നൽകിയത്. 200 നോട്ടിക്കൽ മൈൽവരെ ലൈസൻസും അനുവദിച്ചു. ട്രോളിങ് നിരോധനം കഴിഞ്ഞാൽ കരകാണാക്കടലിൽ കോളുതേടി അവരിറങ്ങും. ‘മീൻപിടിക്കാൻ ഏറെ പ്രയാസം നേരിടുന്ന കാലത്താണ്‌ ഇത്തരത്തിലൊരു സഹായം. സർക്കാർ പാവങ്ങൾക്കൊപ്പമെന്ന്‌ വീണ്ടും തെളിയിക്കുന്നു’–- താനൂർ ടൗൺ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് എം പി മുഹമ്മദ് സറാർ പറഞ്ഞു.

അത്യാധുനിക വള്ളം ലഭിച്ച ജില്ലയിലെ രണ്ടാമത്തെ സഹകരണ സംഘമാണ് ഇവരുടേത്‌. ലോങ്‌ലൈനർ വിഞ്ച്, ഗിൽനെറ്റ് ഹോളർ, ജിപിഎസ് ഉൾപ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങൾ, ദുരന്ത മുന്നറിയിപ്പ്, മാഗ്നെറ്റിക് കോമ്പസ് എന്നിവയടക്കം സംവിധാനങ്ങളുണ്ട്‌. മറ്റു വള്ളങ്ങളുടെ ഗതി മനസ്സിലാക്കാനും കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top