26 April Friday

കരളുറച്ച് കൈകള്‍ കോര്‍ത്ത്... രണ്ടാം പിണറായി സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

തിരുവനന്തപുരം> രാജ്യത്തിന് മാതൃകയായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി മുന്നേറുന്ന രണ്ടാം പിണറായി സര്‍ക്കാര്‍  മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച സമ്മാനിച്ച് പുതുചരിത്രം രചിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ 2021 മേയ് 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ ഏഴ്  വര്‍ഷക്കാലം കേരളത്തിന്റെ സമസ്ത‌ മേഖലയിലും സമ?ഗ്ര മാറ്റങ്ങള്‍ സൃഷ്ടിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

സ്കൂളുകൾ 
ലോകോത്തരം

പൊതുവിദ്യാഭ്യാസ രം​ഗത്തുണ്ടാക്കിയ മുന്നേറ്റത്തിലൂടെ കഴിഞ്ഞ അധ്യയന വർഷം ഒന്നാംക്ലാസിൽ 3,03,168 പേരെയും രണ്ടുമുതൽ 10 വരെ ക്ലാസുകളിൽ 1,19,970 പേരെയും അധികമായി സ്കൂളിൽ എത്തിക്കാനായി. കോവിഡ്കാലത്ത് ഡിജിറ്റൽ ക്ലാസ് മുറികൾ സജ്ജീകരിച്ചു. എസ്എസ്എൽസി പരീക്ഷാ വിജയശതമാനം വർധിച്ചു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക മികവ് വർധിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കി. ഓൺലൈൻ പഠനം എല്ലാ വിദ്യാർഥികളിലും എത്തിക്കാൻ ആപ്ലിക്കേഷൻ ആരംഭിച്ചു. രണ്ടു വർഷത്തിനുള്ളിൽ 130 സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി. വിദ്യാകിരണം പദ്ധതിയിലൂടെ 47,613 ലാപ്ടോപ്പും ഹൈടെക് പദ്ധതി വഴി 16,500 ലാപ്ടോപ്പും നൽകി. 45,710 ഡിജിറ്റൽ  ഉപകരണം മലയോര മേഖലകളിൽ വിതരണം ചെയ്തു.

ഉയരുന്ന ഉന്നത വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസമേഖലയിൽ രണ്ട്‌ വർഷത്തിനുള്ളിൽ 4149 സീറ്റാണ്‌ പുതുതായി അനുവദിച്ചത്‌. 131 പുതുതലമുറ ബിരുദ കോഴ്‌സ്‌ അനുവദിച്ചു. ഏഴ് അന്തർ സർവകലാശാലാ സെന്റർ സ്ഥാപിക്കുന്നതിനുള്ള കരട് പ്രൊപ്പോസൽ കിഫ്ബി പരി​ഗണനയിലാണ്. സർവകലാശാലകളിലും കോളേജിലും ആധുനിക സൗകര്യങ്ങളോടുകൂടിയ പശ്ചാത്തല സൗകര്യവികസനം നടക്കുന്നു. സ്വകാര്യമേഖലയിൽ ആറു കോളേജും ഒരു എയ്‌ഡഡ് കോളേജും ആരംഭിച്ചു. വിദേശ ഭാഷാപഠന സൗകര്യങ്ങൾക്കൊപ്പം വിദേശ സർവകലാശാലകളുമായി വിദ്യാർഥി വിനിമയ കരാറുകളും ഏർപ്പെടുത്തി. എട്ട് എൻജിനിയറിങ് കോളേജും രണ്ട് പോളിടെക്നിക്കും എൻബിഎ അക്രഡിറ്റേഷൻ നേടി. ഉന്നതവിദ്യാഭ്യാസ വ്യവസായ വികസന സഹകരണം ശക്തിപ്പെടുത്താനായി മൂന്ന്‌ ട്രാൻസ്ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാൻ നടപടിയായി.

ഇ–ഓട്ടോകൾക്ക്‌ സബ്‌സിഡി

സംസ്ഥാന സർക്കാരിന്റെ ഇലക്‌ട്രിക്‌ നയത്തിന്റെ ഭാഗമായി ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകൾക്ക്‌ വിലയുടെ 25 ശതമാനം തുക സബ്‌സിഡി നൽകുന്നു. 2019 ഏപ്രിലിലാണ്‌ പദ്ധതി ആരംഭിച്ചത്‌. 2023 മാർച്ചുവരെ 3920 ഇ–- ഓട്ടോ രജിസ്റ്റർ ചെയ്‌തതിൽ  2597 എണ്ണത്തിന്‌ സബ്‌സിഡി നൽകി.

ഐടിക്ക്‌ എ പ്ലസ്‌

രണ്ട്‌ വർഷം കൊണ്ട്‌ മൂന്ന്‌ പ്രധാന ഐടി പാർക്കുകളിലായി സർക്കാർ  സൃഷ്ടിച്ചത്‌ 22,650 തൊഴിലവസരം. ആകെ സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 42,00ഉം തൊഴിലവസരം 42,000 ആയും വർധിച്ചു. ഈ രംഗത്ത്‌ 5500 കോടിയുടെ നിക്ഷേപം ലഭ്യമായി. മൂന്ന്‌ ഐടി പാർക്കിലും 46.47 ചതുരശ്രയടി ഇടം വർധിപ്പിച്ചു. കൊച്ചി ഇൻഫോപാർക്കിൽ ടെക്‌ മഹീന്ദ്ര, ഐബിഎം തുടങ്ങിയ ആഗോള കമ്പനികൾ പ്രവർത്തനമാരംഭിച്ചു. കൂടുതൽ കമ്പനികളെ കേരളത്തിലെത്തിക്കാൻ സിഎം ഹൈപവർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

26,542 ഓഫീസിൽ കെ ഫോൺ സജ്ജമാക്കാൻ നടപടി പുരോഗമിക്കുന്നു. സ്‌പേസ്‌ പാർക്കിൽ നിക്ഷേപത്തിനായി ആൻട്രിക്‌സ്‌ കോർപറേഷനുമായി ധാരണ പത്രം ഒപ്പിട്ടു. ഗ്രാഫീനിനായി ഇന്ത്യ ഇന്നൊവേഷൻ സെന്റർ കൊച്ചിയിൽ ആരംഭിച്ചു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ ബ്ലോക്ക്‌ചെയിൻ ടെക്‌നോളജിയിൽ മികവിന്റെ കേന്ദ്രം സ്ഥാപിച്ച്‌ 20,000 പേർക്ക്‌ പരിശീലനം നൽകി.

കേരള സെെന്യത്തിനൊപ്പം

രണ്ടാം പിണറായി സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കുമ്പോൾ മത്സ്യബന്ധനമേഖലയെ ചേർത്തുപിടിച്ച്‌ മികച്ച നേട്ടങ്ങളുമായി സംസ്ഥാനം മുന്നോട്ട്‌. എൽഡിഎഫ്‌ മത്സ്യമേഖലയിൽ പ്രഖ്യാപിച്ച 31 പ്രധാന വാഗ്‌ദാനവും നടപ്പാക്കിവരുകയാണ്‌ സർക്കാർ. വിദേശ കപ്പലുകളുടെ കടന്നുകയറ്റം ചെറുക്കുന്നതിനുള്ള ബദൽ നടപടിയായി മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങൾക്ക്‌ ബോട്ടുകൾ യാഥാർഥ്യമാക്കി. പത്ത്‌ ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ നൽകാൻ ഭരണാനുമതിയായി.

ഇതിൽ അഞ്ചു ബോട്ട്‌ കൈമാറി. 1.50 കോടി രൂപ വിലയുള്ളതാണ്‌ ബോട്ടുകൾ. 48 ലക്ഷം രൂപ സബ്‌സിഡിയും 36.6 ലക്ഷം ലക്ഷം രൂപ അധിക ഗ്രാന്റും ബാക്കി 71.4 ലക്ഷം കെഎഫ്‌സിയിൽനിന്ന്‌ ലോണായും നൽകിയാണ്‌ ബോട്ടുകൾ ലഭ്യമാക്കുന്നത്‌. തീരദേശ വികസനത്തിന്‌ പ്രഖ്യാപിച്ച 5000 കോടിയുടെ പാക്കേജ്‌ സമയബന്ധിതമായി പൂർത്തീകരിച്ചുവരുകയാണ്‌.  തിവുവനന്തപുരത്തും കൊല്ലത്തുംമാത്രം 482 ഫ്ലാറ്റാണ്‌ സുരക്ഷിതമേഖലയിൽ മത്സ്യതൊഴിലാളികൾക്ക്‌ കൈമാറിയത്‌. ആലപ്പുഴ, കോഴിക്കോട്‌ ജില്ലകളിലും പുനരധിവാസ പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുന്നു.

ലോകത്തിന്റെ പറുദീസ

കേരള ടൂറിസത്തെ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടിയാണ്‌ സർക്കാർ മുന്നേറുന്നത്‌. ഉത്തരവാദിത്വ ടൂറിസംമിഷനെ സൊസൈറ്റിയാക്കി. സ്ട്രീറ്റ്, ഫാം ടൂറിസം, വനിതാസൗഹൃദ ടൂറിസം പദ്ധതികൾ ലോകശ്രദ്ധ നേടി. ലണ്ടനിൽ നടന്ന ട്രാവൽമാർട്ടിൽ മികച്ച പദ്ധതിയായി സ്ട്രീറ്റ് തെരഞ്ഞെടുക്കപ്പെട്ടു. വിദേശസഞ്ചാരികളുടെ വരവിൽ മുൻവർഷത്തേക്കാൾ 51 ശതമാനം വർധനയുണ്ടായി. 2023ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം ലോകം നിർബന്ധമായും കണ്ടിരിക്കേണ്ട ടൂറിസംകേന്ദ്രത്തിൽ കേരളവും ഉൾപ്പെട്ടു.

മുസരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി തൃശൂർ, എറണാകുളം ജില്ലയിൽ 85 ശതമാനം പ്രവൃത്തിയും പൂർത്തിയായി. സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ആക്കുളത്ത് അഡ്വഞ്ചർ പാർക്ക് ആരംഭിച്ചു. തീരദേശ ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്ജുകളും സ്ഥാപിക്കുന്നു. വിനോദസഞ്ചാരത്തിനായുള്ള ബജറ്റ് വിഹിതം ഉയർത്തി. 362.15 കോടിയാണ്‌ ഈ വർഷത്തെ വിഹിതം.

തിളങ്ങുന്നു

പശ്ചാത്തല സൗകര്യ വികസനത്തിൽ വൻ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടായത്. പൊതുമരാമത്തുവകുപ്പിനു കീഴിൽ നിരവധി റോഡും, പാലവും നിർമിച്ചു. വിവിധ പ്രവൃത്തിക്കിയായി 8957.05 കോടി രൂപ അനുവദിച്ചു. 3402.068 കിലോമീറ്റർ റോഡ്‌ ബിഎംആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തി. 5200 കിലോമീറ്റർ റോഡ്‌കൂടി ഉടൻ നവീകരിക്കും. മലയോര ഹൈവേയുടെ 792.139 കിലോമീറ്റർ പ്രവൃത്തി പുരോ​ഗമിക്കുന്നു. രണ്ടായിരത്തി ഇരുപത്തഞ്ചോടെ ദേശീയപാത വികസനം പൂർത്തിയാകും.

ആരോ​ഗ്യ കേരളം

ലോകം ശ്രദ്ധിച്ച നേട്ടങ്ങളുമായി കേരളത്തിന്റെ ആരോഗ്യരംഗം മുന്നേറുകയാണ്‌. 619 പ്രാഥമികാരോ​ഗ്യ കേന്ദ്രത്തെ കുടുംബാരോ​ഗ്യ കേന്ദ്രങ്ങളായി ഉയർത്തി. 104 കുടുംബാരോ​ഗ്യ കേന്ദ്രത്തിന്‌ ദേശീയ അക്രഡിറ്റേഷനായ എൻക്യുഎഎസ് ലഭിച്ചു. അഞ്ച് ജില്ലാ ആശുപത്രി, നാല് താലൂക്ക് ആശുപത്രി, എട്ട് സാമൂഹികാരോ​ഗ്യകേന്ദ്രം, 30 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവ എൻക്യുഎഎസ് നേട്ടം കൈവരിച്ചു. വരുന്ന അധ്യയനവർഷംമുതൽ സ്കൂൾ ആരോ​ഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കാനുള്ള മാർ​ഗരേഖ തയ്യാറാക്കും. ഇ–- ഹെൽത്തിനെ ആരോഗ്യവകുപ്പിന്റെ മുഴുവൻ ഐടി അധിഷ്ഠിത സേവനവും ലഭിക്കുന്ന ഏജൻസിയാക്കും.

സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ എച്ച്ഐവി അണുബാധിതർക്ക് എട്ട് പുനരധിവാസകേന്ദ്രം ആരംഭിച്ചു. 12 പാലിയേറ്റീവ് പരിശീലനങ്ങൾക്ക് ഏകീകൃത സിലബസ് തയ്യാറാക്കി. എച്ച്‌പിവി വാക്സിൻ പൈലറ്റ് പദ്ധതി ആലപ്പുഴ, വയനാട് ജില്ലകളിൽ നടപ്പാക്കും. അതിഥിത്തൊഴിലാളികൾക്ക് ആവാസ് ഇൻഷുറൻസ് പദ്ധതിയിലൂടെ സൗജന്യ ഇൻപേഷ്യന്റ് ചികിത്സ. സ്ത്രീകളുടെ ആരോ​ഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ വെൽ വുമെൺ ക്ലിനിക്കും വയോജന ക്ലിനിക്കുകളും തുടങ്ങി.

പാൽവെണ്മ

പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്‌തതയിലേക്ക്‌ കേരളവും. 2021 വർഷം 12.5 ലക്ഷം ലിറ്റർ പാലാണ്‌ മിൽമ സംഭരിച്ച്‌ വിതരണം ചെയ്‌തിരുന്നതെങ്കിൽ 2022–-23ൽ അത്‌ 15.5 ലക്ഷം ലിറ്ററാക്കി. എറണാകുളം മേഖലാ യൂണിയന്റെ കീഴിലുള്ള എറണാകുളം, കോട്ടയം, തൃശൂർ ഡെയറികളിൽ തൈര്‌, സംഭാരം, നെയ്യ്‌ എന്നിവയുടെ ഉൽപ്പാദനം വർധിപ്പിക്കാൻ നടപടി തുടങ്ങി. സഹകരണ ക്ഷീരവിപണന ഫെഡറേഷന്റെയും മൂന്നു മേഖലാ യൂണിയനുകളുടെയും  ഉൽപ്പാദനം, സംഭരണം, ഗുണനിലവാരം, വിപണനം തുടങ്ങിയവ ഏകീകൃത സംവിധാനത്തിലേക്ക്‌ കൊണ്ടുവരുന്നതിന്‌ പദ്ധതി തുടങ്ങി.

ഉൽപ്പാദിപ്പിക്കപ്പെടുന്ന അധിക പാൽ പൊടിയാക്കി മാറ്റുന്നതിന്‌ മലപ്പുറം ജില്ലയിൽ മൂർക്കനാട്‌ പാൽപ്പൊടി ഫാക്ടറി, മലയോര ഡെയറിയിൽ ലോങ്‌ ലൈഫ്‌ മിൽക്ക്‌ പ്ലാന്റ്‌ എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്‌. തീറ്റപ്പുൽക്കൃഷി, മിൽക്ക്‌ ഷെഡ്‌ ഡെവലപ്‌മെന്റ്‌ പദ്ധതി, പാൽഗുണ നിയന്ത്രണ ബോധവൽക്കരണ പദ്ധതികൾ, ക്ഷീരസഹകരണസംഘങ്ങളുടെ ആധുനികവൽക്കരണവും അടിസ്ഥാന സൗകര്യവും വർധിപ്പിക്കുന്ന പദ്ധതി, കാലിത്തീറ്റ ധനസഹായ പദ്ധതി, ഗ്രാമീണവിജ്ഞാന വ്യാപനപ്രവർത്തനങ്ങൾ, ക്ഷീരസംഘങ്ങളുടെ മൂലധനവർധന പദ്ധതികൾ എന്നിവ പാലുൽപ്പാദന വർധനയ്‌ക്കായി ക്ഷീരവികസനവകുപ്പ്‌ നടപ്പാക്കി.

ഡബിൾ ബെല്ലിൽ

പുതിയ ബസും കാര്യക്ഷമമായ പ്രവർത്തനവുമായി കെഎസ്‌ആർടിസി വളർച്ചയുടെ പാതയിലാണ്‌. സ്വിഫ്‌റ്റിനായി 131 ബസ്‌ പുതുതായെത്തി. കിഫ്‌ബി, സ്‌മാർട്ട്‌ സിറ്റി പ്രോജക്ടിലൂടെ  420 ഇലക്‌ട്രിക്‌ ബസും 512 ഡീസൽ ബസും പുറത്തിറക്കാൻ നടപടിയായി. കിഫ്‌ബി സഹായത്തോടെ 50 ഇലക്‌ട്രിക്‌ ബസ്‌ വാങ്ങി. ഏഴുവർഷം എൽഡിഎഫ്‌ സർക്കാർ കെഎസ്‌ആർടിസിക്ക്‌ നൽകിയത്‌ 8545 കോടി രൂപയാണ്‌. 2021ൽ ശമ്പളപരിഷ്‌കരണവും നടപ്പാക്കി. ജൂലൈയിൽ കെഎസ്‌ആർടിസിയുടെ മൂന്ന്‌ സോണിലും സ്വിഫ്‌റ്റിലും കെഎഎസുകാർ മേധാവികളായി എത്തും.

വെള്ളം വെള്ളം സർവത്ര

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന നയം ലക്ഷ്യത്തിൽ എത്തിക്കുന്നതിനുള്ള നടപടിയുമായി രണ്ടാം പിണറായി സർക്കാർ മുന്നോട്ട്‌. ജൽജീവൻ മിഷൻവഴി 21 ലക്ഷം കുടുംബത്തിനുകൂടി കുടിവെള്ളം എത്തിക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ഗ്രാമതലത്തിൽ പൂർണമായും തദ്ദേശസ്ഥാപനങ്ങൾ വഴിയായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 5.74 ലക്ഷം കണക്‌ഷൻ നൽകി. രണ്ടാംഘട്ടത്തിൽ 44,973 ഗാർഹിക കണക്‌ഷനുവേണ്ടി 15.52 കോടി രൂപയുടെ പദ്ധതികൾക്ക്‌ ഭരണാനുമതി ലഭിച്ചു. ആകെ 53,34 ലക്ഷം ഗാർഹിക കണക്‌ഷന്‌ 40,203.61 കോടിയുടെ പദ്ധതികൾക്ക്‌ ഭരണാനുമതി ലഭിച്ചു.

2020 വരെ കേരളത്തിൽ 17.5 ലക്ഷം ഗ്രാമീണ കുടുംബത്തിനായിരുന്നു കുടിവെള്ള കണക്‌ഷൻ ഉണ്ടായിരുന്നത്‌. നിലവിൽ 32.32 ലക്ഷം ഗ്രാമീണവീടുകളിൽ കുടിവെള്ളമെത്തിക്കാനായി. എല്ലാ ഗ്രാമീണ സ്‌കൂളുകളിലും അങ്കണവാടികളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കി. കെആർഡബ്ല്യുഎസ്‌എ ജലനിധി പദ്ധതിപ്രകാരം ഒന്നും രണ്ടും ഘട്ടങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 227 പഞ്ചായത്തിൽ 5884 കുടിവെള്ള പദ്ധതി നടപ്പാക്കി. നഗരസഭകളിലും കോർപറേഷനുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന്‌ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത്‌ 2.0 പ്രകാരം 1713.40 കോടി രൂപ അനുവദിച്ചിരുന്നു.

അഴിമതിക്ക് സ്ഥാനമില്ല

ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റാനായെന്നത്‌ പിണറായി വിജയൻ സർക്കാരിന്റെ ഏഴുവർഷ നേട്ടങ്ങളുടെ പട്ടികയിൽ പ്രധാനമാണ്‌. ഏതുതരത്തിലുള്ള അഴിമതിയോടും വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിച്ചും ഇ ഗവേണൻസ്‌ ശക്തമാക്കിയുമാണ്‌ ഇത്‌ സാധ്യമാക്കിയത്‌.

ഭരണ സംവിധാനത്തിന്റെ ഭാഗമായി ഇ സേവനങ്ങൾ, നടപടികൾ ലഘൂകരിക്കൽ തുടങ്ങിയ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്‌. വിജിലൻസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്ന പ്രകടനപത്രികയിലെ ഉറപ്പും പാലിക്കപ്പെടുകയാണ്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top