18 April Thursday

നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയം: ഇ പി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

തിരുവനന്തപുരം > നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

സ്‌പീക്കര്‍ എ എന്‍ ഷംസീറിനെ തടഞ്ഞുവയ്‌ക്കാന്‍ ശ്രമിക്കുകയും വാച്ച്‌ ആന്റ്‌ വാര്‍ഡുകളെ അക്രമിക്കുകയും ചെയ്‌തത്‌ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങളാണ്‌. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളും ജനപിന്തുണ കിട്ടാതെ പ്രതിപക്ഷ സമരങ്ങള്‍ പൊളിയുന്നതിലുമുള്ള ജാള്യമാണ്‌ സഭാസമ്മേളനത്തെ അലങ്കോലമാക്കുന്നതിനു പിന്നിലെന്ന്‌ വ്യക്തമാണ്‌.

ജനാധിപത്യപരമായും ചട്ടപ്രകാരവും പ്രവര്‍ത്തിക്കേണ്ട നിയമസഭയെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ അക്രമകേന്ദ്രമാക്കാന്‍ ശ്രമിക്കുന്നു. സ്‌പീക്കറെ അക്രമിക്കാന്‍ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞതിന്റെ പേരിലാണ്‌ ചീഫ്‌ മാര്‍ഷല്‍ മുഹമ്മദ്‌ ഹുസൈന്‍ അടക്കം ഏഴു വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ അംഗങ്ങളെ യുഡിഎഫ്‌ എംഎല്‍എമാര്‍ അക്രമിച്ചത്‌. ആശുപത്രിയിലാണ്‌. വനിതകള്‍ അടക്കം സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തി, ഭീഷണിപ്പെടുത്തി. കൃത്യമായ ആസൂത്രണത്തോടെ എത്തിയാണ്‌ പ്രതിപക്ഷ അക്രമം.

വകുപ്പ്‌ തിരിച്ച്‌ ധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടിനിടലുമടക്കം ഗൗരവമേറിയ നടപടികള്‍ നിയമസഭയില്‍ നടക്കുമ്പോള്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിച്ച്‌ അക്രമം നടത്തുന്നത്‌ പ്രതിപക്ഷത്തിന്റെ തികഞ്ഞ പരാജയമാണ്‌ വെളിവാക്കുന്നത്‌. തങ്ങളുടെ അക്രമത്തെ ന്യായീകരിക്കാന്‍ ചില മാധ്യമങ്ങളുടെ കൂട്ട്‌പിടിച്ച്‌ നടത്തിയ നുണപ്രചാരണവും പൊളിഞ്ഞു. തന്നെ ആരും കയ്യേറ്റം ചെയ്‌തിട്ടില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ തുറന്നുപറച്ചില്‍ തന്നെ അതിന്‌ തെളിവാണ്‌.

നിയമസഭയില്‍ കേട്ടുകേള്‍വി ഇല്ലാത്തവിധമാണ്‌ സ്‌പീക്കര്‍ക്ക്‌ നേരെയുള്ള അക്രമണം. ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുന്ന യുഡിഎഫിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപകമായ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു - ഇ പി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top