28 March Thursday

തുടർഭരണം അട്ടിമറിക്കാൻ പ്രതിലോമ കൂട്ടായ്‌മ: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021


തൃശൂർ
എൽഡിഎഫ്‌ തുടർഭരണം അട്ടിമറിക്കാൻ കോൺഗ്രസ്‌, ബിജെപി, ലീഗ്‌, ജമാ അത്തെ ഇസ്ലാമിയുൾപ്പെടെ പ്രതിലോമ കൂട്ടായ്‌മ രൂപം കൊള്ളുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുശേഷവും യുഡിഎഫ്‌ തെറ്റ്‌ തിരുത്തുന്നില്ല. സ്‌റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ ഈ കൂട്ടൂകെട്ട്‌ തുടരുകയാണ്‌. ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം നേതാവായിരുന്ന  കെ പി അരവിന്ദാക്ഷൻ അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്‌ഘാടനവും സിപിഐ എം നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനവും  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ലീഗും ജമാ അത്തെ  ഇസ്ലാമിയും ഒന്നിച്ചു. എൻഐഎ, സിബിഐ, കസ്‌റ്റംസ്‌ എന്നീ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ബിജെപി, സിപിഐ എം നേതാക്കളെയും മന്ത്രിമാരേയും വേട്ടയാടാൻ നോക്കി. ‌ കോൺഗ്രസ്‌  അതിന്‌ കുട ചൂടി ക്കൊടുത്തു. മാധ്യമങ്ങളും കുപ്രചാരണങ്ങൾ നടത്തി. ഇതെല്ലാം അതിജീവിച്ചാണ്‌  എൽഡിഎഫ്‌ ചരിത്രവിജയം നേടിയത്‌. ഇത്‌ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണത്തിന്റെ സൂചകമാണ്‌. എന്നാൽ  ഇ എം എസ്‌, നായനാർ സർക്കാരുകളെ അട്ടിമറിച്ച  പാരമ്പര്യമുള്ള കോൺഗ്രസ്,‌  തീവ്രമത രാഷ്‌ട്രീയ കക്ഷികളുമായി ചേർന്ന്‌ പിണറായി സർക്കാരിന്റെ തുടർഭരണവും ഇല്ലാതാക്കാൻ വലിയ ഗൂഢാലോചനയാണ്‌ നടത്തുന്നത്‌. ഇത്‌ നാടിനെ അപകടത്തിലാക്കും.

മോഡി നയിക്കുന്ന ബിജെപി സർക്കാർ കോർപറേറ്റ്‌ അനുകൂല നയങ്ങളുമായാണ്‌ മുന്നോട്ടു പോവുന്നത്‌. കർഷകരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു. കൃഷിചെയ്യാനുള്ള അവകാശവും കർഷകർക്ക്‌ നഷ്ടപ്പെടുന്ന നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണ്‌. ഇതിനെതിരായി വൻ കർഷകപ്രക്ഷോഭം രാജ്യത്ത്‌ നടക്കുകയാണ്‌. സുപ്രീംകോടതിയും ഇടപ്പെട്ടു.
മോഡി സർക്കാരിന്റെ നയങ്ങൾക്ക്‌  ബദൽ നയങ്ങളുമായാണ്‌ പിണറായി സർക്കാർ മുന്നോട്ടു പോവുന്നത്‌. ക്ഷേമ പെൻഷൻ 1500 രൂപയാക്കി. കോവിഡ്‌ കാലത്ത്‌ പട്ടിണി കിടക്കാതിരിക്കാൻ വീടുകളിൽ ഭക്ഷ്യ കിറ്റുകൾ എത്തിക്കുന്നു.

ലൈഫ്‌ പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക്‌ വീടുകൾ നൽകുന്നു. വൻകിട പാലങ്ങൾ ഉൾപ്പടെ നിർമിച്ച്‌ അടിസ്ഥാന വികസനമേഖലയിൽ വൻകുതിപ്പുണ്ടാക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ  ജനങ്ങൾക്കാകെ ആശ്വാസമാണ്‌. ഈ  ബദൽ വികസന പരിപ്രേക്ഷ്യം കേന്ദ്രസർക്കാരിനെതിരായ പോരാട്ടത്തിന്‌ ശക്തിപകരുമെന്നും  അദ്ദേഹം പറഞ്ഞു.
കേച്ചേരിയിൽ  നടന്ന ചടങ്ങിൽ  സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ കെ പി അരവിന്ദാക്ഷൻ അനുസ്‌മരണ പ്രഭാഷണം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top